ഒരു ഒപ്പിനു ജീവിതങ്ങള്‍ മാറ്റി മറിക്കാനാകുമെന്നു ദിവ്യ ലോഗനാഥന്‍ തിരിച്ചറിഞ്ഞത് അച്ഛന്‍ മരിച്ചപ്പോഴാണ്. ഗവണ്‍മെന്റ് ജീവനക്കാരനായിരുന്നു ദിവ്യയുടെ അച്ഛന്‍. സര്‍വീസിലിരിക്കേ അച്ഛന്‍ മരിച്ചതിനാല്‍ അമ്മയ്ക്കു ഗവണ്‍മെന്റ് ജോലിക്ക് അര്‍ഹതയുണ്ടായിരുന്നു. പക്ഷേ, ഇതു ലഭിക്കാനായി അമ്മയ്ക്കു നിരവധി തവണ ഗവണ്‍മെന്റ് ഓഫീസുകള്‍ കയറി ഇറങ്ങി നടക്കേണ്ടി വന്നു. ഒട്ടധികം അലച്ചിലിനൊടുവില്‍ ഒരു ഉദ്യോഗസ്ഥന്‍ ജോലിക്കായുള്ള പേപ്പറുകളില്‍ ഒപ്പു വച്ചതോടെ അമ്മയുടെ ജോലിക്കായുള്ള ഫയല്‍ അനങ്ങി. അത് ഇവരുടെ ജീവിതം മാറ്റിമറിച്ചു. 

ഇതു ദിവ്യയ്‌ക്കൊരു വെളിപാടായിരുന്നു. ഒരുദ്യോഗസ്ഥന്റെ ഒപ്പില്‍ തങ്ങളുടെ ജീവിതം രക്ഷപ്പെട്ടെങ്കില്‍ ഇതു പോലെ നിരവധി പേരുടെ ജീവിതങ്ങളില്‍ മാറ്റമുണ്ടാക്കുന്ന ഒരു ഉദ്യോഗസ്ഥയാകാന്‍ ദിവ്യ ആഗ്രഹിച്ചു. ഈ ആഗ്രഹമാണ് ദിവ്യ ലോഗനാഥനെ 2015 ബാച്ചിലെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഓഫീസറാക്കി മാറ്റിയത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 402-ാം റാങ്കോടെയായിരുന്നു ദിവ്യ ഐഎഎസിലെത്തിയത്. 

സിവില്‍ സര്‍വീസിനോട് തീവ്രമായ അഭിലാഷമുണ്ടായിരുന്നെങ്കിലും അത്ര എളുപ്പമൊന്നുമായിരുന്നില്ല ഇതിലേക്കുള്ള ദിവ്യയുടെ യാത്ര. ജോലിക്ക് പോകാതെ പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ചുറ്റുപാട് ദിവ്യയ്ക്കുണ്ടായിരുന്നില്ല. അതിനാല്‍ ബിരുദം കഴിഞ്ഞ് അപ്പോളോ ആശുപത്രിയില്‍ ജോലിക്ക് കയറി. ജോലിയും പഠനവും ഒരുമിച്ച് കൊണ്ടു പോയി. പകല്‍ ജോലി രാത്രി പഠനം ഇതായിരുന്നു ദിവ്യയുടെ രീതി. 

പഠനത്തിനായി ഒരു ക്രമമുണ്ടാക്കി അതു പരമാവധി പിന്തുടരണമെന്നാണു ദിവ്യയ്ക്ക് നല്‍കാനുള്ള ഉപദേശം. താമസിക്കുന്നയിടത്തു നിന്നും ജോലി സ്ഥലത്തേക്കുള്ള യാത്രാ സമയം പഠിച്ച പാഠങ്ങള്‍ റിവൈസ് ചെയ്ത് മനസ്സിലുറപ്പിക്കാന്‍ ദിവ്യ ഉപയോഗിച്ചിരുന്നു. പുസ്തകങ്ങള്‍ എടുത്തു തിരക്കു കുറവുള്ള ബസില്‍ കയറിപ്പറ്റാനായി നേരത്തെ വീട്ടില്‍ നിന്ന് ഇറങ്ങും . സീറ്റു കിട്ടാതെ നില്‍ക്കേണ്ടി വന്നാല്‍ പോലും ദിവസവുമുള്ള റിവിഷന്‍ മുടക്കില്ല. പരീക്ഷയോടുള്ള തന്റെ മനോഭാവം ഒരു യുദ്ധത്തിനു പോകുന്നത് പോലെയായിരുന്നു എന്നും ദിവ്യ വെളിപ്പെടുത്തുന്നു. 

അഭിമുഖ പരീക്ഷയ്ക്ക് ചെല്ലുമ്പോള്‍ അറിയാത്ത ചോദ്യങ്ങള്‍ക്ക് "എനിക്കറിയില്ല, ക്ഷമിക്കണം" എന്ന് പറയുന്നതില്‍ മടി കാണിക്കേണ്ടതില്ലെന്നും ദിവ്യ പറയുന്നു. അഭിമുഖ സമയത്ത് ദിവ്യയോട് യുകെയിലെ തിരഞ്ഞെടുപ്പിനെ പറ്റിയൊക്കെ ചോദിച്ചിരുന്നു. ഇവയ്‌ക്കെല്ലാം ദിവ്യ ഉത്തരം നല്‍കി. ഒടുവില്‍ യുകെയുടെ മാപ്പ് വരയ്ക്കാമോ എന്ന ചോദ്യത്തിന് തനിക്കറിയില്ല എന്ന് ദിവ്യ മറുപടി നല്‍കി. "എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ സാധിക്കണമെന്നില്ല. നമ്മുടെ അറിവിനും പരിധിയുണ്ട്. അതിനെ പറ്റിയൊക്കെ അഭിമുഖം ചെയ്യുന്നവര്‍ക്കും അറിയാം. അതു കൊണ്ടു വിനയത്തോടെ അറിയില്ല എന്ന് പറഞ്ഞോളൂ"- ദിവ്യ കൂട്ടിച്ചേര്‍ക്കുന്നു. 

അഭിമുഖത്തിന് മുന്‍പു യുപിഎസ്‌സിക്ക് നല്‍കുന്ന ഡീറ്റെയില്‍ഡ് ആപ്ലിക്കേഷന്‍ ഫോമിനെ കുറിച്ചു നല്ല ധാരണയുണ്ടാകണമെന്ന് ദിവ്യ പറയുന്നു. ആ ഫോമില്‍ പറഞ്ഞിരിക്കുന്നതില്‍ കവിഞ്ഞൊന്നും നിങ്ങളെ കുറിച്ചു ഇന്റര്‍വ്യൂ പാനലിന് അറിവുണ്ടാകില്ല. അഭിമുഖ പരീക്ഷ വിജയത്തിലേക്കുള്ള നിങ്ങളുടെ ടിക്കറ്റാണ് ഈ ഫോം. അതിനാല്‍ അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ പറ്റിയൊക്കെ വ്യക്തമായ ധാരണ വേണമെന്ന് ദിവ്യ ചൂണ്ടിക്കാട്ടുന്നു. പശ്ചിമബംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥയായ ദിവ്യ നിലവില്‍ ഫോറസ്റ്റ് ജോയിന്റ് സെക്രട്ടറി ആണ്. 

English Summary : Success Story of Dhivya Loganathan IAS