ട്രാക്കിലെ റാണിയായിരുന്നു അമ്മയെങ്കിൽ പഠനത്തിന്റെ ട്രാക്കിൽ രാജാവാണു മകൻ. അത്‍ലറ്റിക്സിൽ ഇന്ത്യയുടെ അഭിമാനമായിരുന്ന പി.ടി.ഉഷയുടെ മകൻ ഡോ. വിഘ്നേഷ് വി.ഉജ്വൽ തിളങ്ങിയതു പഠനത്തിലാണ്. എംബിബിഎസിനു ശേഷം രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) സ്പോർട്സ് മെഡിസിൻ ഡിപ്ലോമ ഡിസ്റ്റിങ്ഷനിൽ പാസായ ഉജ്വൽ ‘കരിയർ ഗുരു’വിനോടു സംസാരിക്കുന്നു.

എന്തുകൊണ്ടാണു സ്പോർട്സ് മെഡിസിനിലേക്കു തിരിഞ്ഞത് ?
പഠിക്കുന്ന കാലത്തേ സ്പോർട്സിൽ താൽപര്യമുണ്ടായിരുന്നു. ഫിറ്റ്നസിൽ ശ്രദ്ധിച്ചിരുന്നു. സ്പോർട്സിലേക്ക് എത്താൻ വൈകിയതിനാൽ കൂടുതൽ വളർച്ചയ്ക്കു സാധ്യതയില്ലെന്നു മനസ്സിലാക്കി. അതിനാൽ സ്പോർട്സ് മെഡിസിൻ തിരഞ്ഞെടുത്തു. അമ്മയുടെയും അച്ഛന്റെയും പാരമ്പര്യവും സ്വാധീനിച്ചിട്ടുണ്ടാകാം. (ഉഷയുടെ ഭർത്താവ് വി.ശ്രീനിവാസൻ മുൻ ദേശീയ കബഡി താരമാണ്).

ഐഒസിയുടെ കോഴ്സ് തിരഞ്ഞെടുക്കാൻ കാരണം ?
ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ് മെഡിസിൻ ഡിപ്ലോമ കോഴ്സുകളിലൊന്ന് അവരുടേതാണ്. സിലബസും പഠനരീതിയും ഏറ്റവും മികച്ചതാണ്. പ്രഗല്ഭരാണു ക്ലാസുകൾ നയിക്കുന്നത്.

പ്രവേശനം എങ്ങനെ ?
എംബിബിഎസ് യോഗ്യതയുള്ളവർക്കാണു ഡിപ്ലോമ കോഴ്സിലേക്കു പ്രവേശനം. ഇംഗ്ലിഷ് പരിചയം നിർബന്ധമാണ്. ഫീസുമുണ്ട്. 2 വർഷമാണു കോഴ്സ്.

പഠനരീതി എങ്ങനെ ?
ആദ്യ വർഷം സ്വന്തം നാട്ടിലിരുന്നുതന്നെ പഠിക്കാം. വേണമെങ്കിൽ, ഏതെങ്കിലും ആശുപത്രിയിൽ ജോലി ചെയ്തുകൊണ്ടുതന്നെ കോഴ്സ് അറ്റൻഡ് ചെയ്യാം. പഠന മൊഡ്യൂളുകൾ ഓൺലൈനായി അയച്ചുതരും. റഫർ ചെയ്യേണ്ട പുസ്തകങ്ങളുടെ പട്ടികയും തരും. അസൈൻമെന്റുകളുണ്ടാകും. ഒടുവിൽ പരീക്ഷയുമുണ്ടാകും. രണ്ടാം വർഷം വിദേശത്ത് കോൺഫറൻസിൽ പങ്കെടുക്കണം. അവർ നൽകുന്ന പട്ടികയിൽനിന്നു നമുക്കു രാജ്യം തിരഞ്ഞെടുക്കാം. ഞാൻ യുകെയിലേക്കാണു പോയത്. അവിടെ വിദഗ്ധരുടെ ക്ലാസുകൾ. അവരെ നേരിൽക്കണ്ട് സംശയങ്ങൾ തീർക്കാം. നമുക്കു പ്രസന്റേഷനുകൾ അവതരിപ്പിക്കാനും അവസരമുണ്ടാകും.

എന്തൊക്കെ വിഷയങ്ങളാണു പഠിക്കാനുള്ളത് ?
മനുഷ്യശരീരത്തെക്കുറിച്ചുള്ള പഠനം മുതൽ കായികതാരങ്ങളുടെ വെയ്റ്റ് ട്രെയിനിങ് വരെ. അത്‍ലീറ്റുകൾക്കു സംഭവിക്കാവുന്ന പരുക്കുകൾ, ചികിത്സാരീതികൾ, മരുന്ന് ഉപയോഗം, ആഹാരരീതി തുടങ്ങിയവ പഠിക്കണം. ഉത്തേജകമരുന്ന് ഉപയോഗം, ദൂഷ്യവശങ്ങൾ എന്നിവയെപ്പറ്റി ലോക ഉത്തേജകവിരുദ്ധ ഏജൻസിയുടെ (വാഡ) നേതൃത്വത്തിലുള്ള മൊഡ്യൂളുകളുമുണ്ട്.

ഒരു സ്പോർട്സ് അക്കാദമിയിൽ, അല്ലെങ്കിൽ കായിക താരത്തിന്റെ കരിയറിൽ സ്പോർട്സ് മെഡിസിൻ വിദഗ്ധന്റെ പങ്കെന്താണ് ?
ഇൻജുറി മാനേജ്മെന്റ് മുതൽ പരിശീലന പ്ലാനിങ് വരെയുള്ള കാര്യങ്ങളിൽ സ്പോർട്സ് മെഡിസി‍ൻ വിദഗ്ധന് ഇടപെടാനാകും. വിദേശ ഫുട്ബോൾ ക്ലബ്ബുകളിൽ മത്സരത്തിനിടെ ഒരു താരത്തിനു പരുക്കേറ്റാൽ എത്ര ദിവസത്തിനുള്ളിൽ കളിക്കളത്തിൽ മടങ്ങിയെത്തുമെന്ന് ടീം മാനേജ്മെന്റ് ഉടൻ പ്രഖ്യാപിക്കുന്നത് ഇത്തരം വിദഗ്ധരുടെ സഹായത്തോടെയാണ്. അത്‌ലീറ്റിനു പരുക്കേറ്റാൽ സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ നിർദേശിക്കുക, വിദഗ്ധ ഡോക്ടറുടെ സേവനം തേടുക എന്നിവയെല്ലാം സ്പോർട്സ് മെഡിസിൻ വിദഗ്ധന്റെ ഉത്തരവാദിത്തമാണ്. ഫിസിയോയുടെയോ സ്പോ‍ർട്സ് ന്യൂട്രിഷനിസ്റ്റിന്റെയോ സഹായം വേണോ എന്നും തീരുമാനിക്കണം. പരിശീലകനുമായി ചേർന്ന് മികച്ച അത്‍ലീറ്റുകളെ ഒരുക്കാനുള്ള ശാസ്ത്രീയ, സാങ്കേതിക നിർദേശങ്ങൾ കൈമാറുക എന്നതാണു ചുരുക്കത്തിൽ സ്പോർട്സ് മെഡിസിൻ വിദഗ്ധന്റെ ജോലി.

അമ്മയെ പരിശീലനത്തിൽ സഹായിക്കാറുണ്ടോ?
തീർച്ചയായും. ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിൽ പോകാറുണ്ട്. അവരുടെ പരിശീലന മൊഡ്യൂളുകളിലും മറ്റും ചില ക്രിയാത്മക മാറ്റങ്ങൾ നിർദേശിച്ചിരുന്നു.

പഠനം നിർത്തിയോ?
ഈ ഡിപ്ലോമ കോഴ്സ് ഒരു തുടക്കം മാത്രമാണ്. സ്പോർട്സ് മെഡിനിസിൽ എംഡി കോഴ്സുകൾ വരെയുണ്ട്. ജർമനിയിലെ എംഡി കോഴ്സ് ഏറെ പ്രശസ്തം.