ചിലരൊക്കെ ഞങ്ങളെ കള്ളക്കേസുകളില്‍ കുടുക്കി. ആനക്കൊമ്പ് മോഷ്ടിച്ചെന്നൊക്കെ പറഞ്ഞു. മക്കളെ പഠിപ്പിക്കാനുള്ള പണം എങ്ങനെ കണ്ടെത്തുന്നതെന്ന സംശയമായിരുന്നു പലര്‍ക്കും. പക്ഷേ, അന്വേഷിക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം സത്യാവസ്ഥ ബോധ്യമായി

ചിലരൊക്കെ ഞങ്ങളെ കള്ളക്കേസുകളില്‍ കുടുക്കി. ആനക്കൊമ്പ് മോഷ്ടിച്ചെന്നൊക്കെ പറഞ്ഞു. മക്കളെ പഠിപ്പിക്കാനുള്ള പണം എങ്ങനെ കണ്ടെത്തുന്നതെന്ന സംശയമായിരുന്നു പലര്‍ക്കും. പക്ഷേ, അന്വേഷിക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം സത്യാവസ്ഥ ബോധ്യമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിലരൊക്കെ ഞങ്ങളെ കള്ളക്കേസുകളില്‍ കുടുക്കി. ആനക്കൊമ്പ് മോഷ്ടിച്ചെന്നൊക്കെ പറഞ്ഞു. മക്കളെ പഠിപ്പിക്കാനുള്ള പണം എങ്ങനെ കണ്ടെത്തുന്നതെന്ന സംശയമായിരുന്നു പലര്‍ക്കും. പക്ഷേ, അന്വേഷിക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം സത്യാവസ്ഥ ബോധ്യമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഘവന്‍ചേട്ടന് വയസ് 59 ആയി. പുഷ്പച്ചേച്ചിക്ക് 54 ഉം. പക്ഷേ, ഇപ്പോഴും രാവിലെ 5.30 തുടങ്ങുന്നതാണ് ഒരു ദിവസത്തെ ദിനചര്യ. അതവസാനിക്കുന്നത് വൈകിട്ട് 6.30 ക്കും. അറുപതിനോടടുക്കുമ്പോഴും മനസിനും ശരീരത്തിനും ഊര്‍ജം ഒട്ടും ചോര്‍ന്നിട്ടില്ല. പലരുടെയും ജോലി ഇല്ലാതായ മഹാമാരിക്കാലത്തും ആദിവാസി വിഭാഗത്തിൽപ്പെട്ട ഇവർ സ്വന്തമായി ഉള്ള ഭൂമിയില്‍ അധ്വാനിച്ച് ജീവിക്കുതിന്റെ അഭിമാനത്തിലാണ്, അതിലേറെ അഭിമാനമാണ് വളര്‍ത്തി വലുതാക്കിയ മൂന്ന് മക്കളും ഈ കോവിഡ് കാലത്ത് നാടിനു വേണ്ടി ഡോക്ടര്‍മാരായി സേവനം ചെയ്യുന്നത്. 

 

ADVERTISEMENT

മൂത്ത മകൻ ഡോ. പ്രദീപ് എറണാകുളത്ത് ഹോമിയോ ഡിസ്പെൻസറിയിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൾ ഡോ. സൂര്യ എംബിബിഎസ് കഴിഞ്ഞ് കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ അലോപ്പതി ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു. ഇളയ മകൻ സന്ദീപ് കണ്ണൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടര്‍. പ്രദീപും സൂര്യയും വിവാഹം ചെയ്തതും ഡോക്ടര്‍മാരെ തന്നെ. 

 

''വര്‍ഷം തോറും ഒരു സ്ഥത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് ഊരു മാറിക്കൊണ്ടിരുന്ന ആദിവാസിവിഭാഗക്കാരാണ് ഞങ്ങള്‍. കാട്ടിലെ ഭക്ഷണം കഴിച്ച്, കാട്ടാനയെ പേടിച്ച് പാറമടക്കുകളില്‍ ജീവിച്ച ബാല്യമാണ് എന്റേത്. അന്ന് ഒരു മാഷ് കാട്ടില്‍ വന്ന് പഠിപ്പിച്ചിരുന്നു, അഞ്ചാം ക്ലാസ് വരെ. പഠിക്കാന്‍ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ഇടക്കൊക്കെ ഞാനും അധ്യാപകനാകും. മറ്റ് കുട്ടികളെ പഠിപ്പിക്കും. അഞ്ചാം ക്ലാസിനു ശേഷം അതില്‍ പത്ത് കുട്ടികളെ പുറത്ത് കൊണ്ടുപോയി പഠിപ്പിക്കാന്‍ തീരുമാനമായി. ഞാനും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്റെ ഒരു സുഹൃത്തും ഞാനുമൊഴിച്ച് മറ്റെല്ലാവരും ഇടക്ക് വെച്ച് തിരികെ പോന്നു. ഞങ്ങള്‍ പത്തുവരെ പഠിച്ചു'', രാഘവന്‍  വാചാലനായി. 

 

ADVERTISEMENT

അത്രയും പഠിച്ചെങ്കിലും പത്താംക്ലാസ് പാസ് ആകാത്തതിന്റെ വിഷമം രാഘവന് ഇപ്പോഴുമുണ്ട്. തന്റെ പഠനകാലത്തെക്കുറിച്ചും മക്കളെ പഠിപ്പിച്ചതിനെക്കുറിച്ചുമെല്ലാം നിർത്താതെ സംസാരിക്കുമ്പോഴും പത്താംക്ലാസ് പരീക്ഷയെക്കുറിച്ചു പറഞ്ഞെത്തുമ്പോള്‍ വാക്കുകള്‍ ഇടക്കിടെ മുറിഞ്ഞു.. പിന്നെ തുടര്‍ന്നു: ''അന്നത്തെ കാലത്ത് പത്താംക്ലാസ് വരെ പഠിക്കുക എന്ന് പറയുന്നതുതന്നെ വലിയ കാര്യമാണ്, അതും ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന്. പക്ഷേ പത്ത് തോറ്റതിന്റെ വിഷമം എനിക്ക് ഇപ്പോഴും മാറിയിട്ടില്ല. ഇതിനിടെ സ്വന്തം കാശ് മുടക്കി പരീക്ഷയെഴുതാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പക്ഷേ, പരീക്ഷയുടെ സമയം ആയപ്പോള്‍ മകളുടെ പ്രസവസമയമായി. എനിക്ക് അവളൊടൊപ്പം പോയി നില്‍ക്കേണ്ടി വന്നു. അങ്ങനെ അത് എഴുതാന്‍ കഴിഞ്ഞില്ല. ''അതിനെന്താ, ഇനിയും എഴുതാമല്ലോ'', എന്ന ആശ്വാസവാക്ക് കേട്ട് മറുപടി ഉടനെത്തി: ''ഇനി അതൊന്നും നടക്കില്ല. നല്ല മറവിയാന്നേ.. പണ്ടത്തെപ്പോലെ ഓര്‍മയൊന്നും നില്‍ക്കുന്നില്ല''.

 

''10 വയസു കഴിയുമ്പോളേ മക്കളെ കെട്ടിച്ചുവിടും. അതാണ് ഞങ്ങളുടെ കൂട്ടത്തിലെ രീതി. പക്ഷേ, ഞങ്ങള്‍ അനുഭവിച്ചതൊന്നും മക്കള്‍ അനുഭവിക്കരുത് എന്ന വലിയ ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ജോലികള്‍ പലതും ചെയ്ത് അവരെ പഠിപ്പിച്ചത്. എല്ലാവരും പഠിക്കാന്‍ മിടുക്കരായിരുന്നു. മൂന്നാളെ പഠിപ്പിക്കുമ്പോള്‍ ചിലവുകള്‍ ധാരാളം .. ദിവസം നാല് തവണ ഒക്കെ കൂലിപ്പണിക്ക് പോയ ദിവസങ്ങളുണ്ട്. അമൃതാനന്ദമയി ഇന്‍സ്റ്റിറ്റ്യൂഷനും പാലാ ബ്രില്യന്‍സ് അക്കാദമിയുമൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 

 

ADVERTISEMENT

വീട്ടുകാര്‍ക്കും സമുദായത്തിലെ മറ്റാര്‍ക്കും ഇഷ്ടമല്ലായിരുന്നു മക്കളെ പഠിപ്പിക്കുന്നത്. ഇടക്ക് ചിലരൊക്കെ ഞങ്ങളെ കള്ളക്കേസുകളില്‍ കുടുക്കി. ആനക്കൊമ്പ് മോഷ്ടിച്ചെന്നൊക്കെ അവര്‍ പറഞ്ഞുനടന്നു. മൂന്നു പേരെയും പഠിപ്പിക്കാനുള്ള പണം ഞങ്ങള്‍ എങ്ങനെയാണ് കണ്ടെത്തുന്നതെന്ന സംശയമായിരുന്നു പലര്‍ക്കും. പക്ഷേ, അന്വേഷിക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം സത്യാവസ്ഥ ബോധ്യമായി''. 

1.ഡോ.പ്രദീപും കുടുംബവും, 2. ഡോ.സൂര്യയും കുടുംബവും, 3. ഡോ.സന്ദീപ്

 

മക്കള്‍ക്കും പറയാനുണ്ട്:

 

ഡോ.പ്രദീപ്: ''അച്ഛൻ തന്നെയാണ് ഈ നേട്ടങ്ങൾക്കെല്ലാം പ്രധാന കാരണം. ചെറുപ്പത്തിൽ വലിയ സ്വപ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. വലുതായപ്പോളാണ് ഓരോ സാധ്യതകളെ കുറിച്ചൊക്കെ മനസിലായത്. എൻട്രൻസ് റിപീറ്റ് ചെയ്തിരുന്നെങ്കിൽ എനിക്ക് ചിലപ്പോൾ മെറിട്ടിൽ കിട്ടിയേനെ. ഞാന്‍ മാനേജ്മെന്റ്  സ്കൂളിലായിരുന്നു പഠിച്ചത്. രണ്ടാം വര്‍ഷം ഒക്കെ ആയപ്പോഴേക്കും വളരെ ബുദ്ധിമുട്ടിലായിരുന്നു കുടുംബം. നിര്‍ത്തേണ്ടി വരുമോ എന്നുപോലും സംശയിച്ചു. പക്ഷേ ഇന്ന് ഇവിടം വരെയെത്തി. 

 

ഹോസ്റ്റലും സ്കൂളുമൊക്കെ തേടിക്കണ്ടുപിടിച്ച് ഞങ്ങളെ അവിടെ കൊണ്ടുപോയി ആക്കിയിരുന്നത് അച്ഛനാണ്. നാട്ടുകാര്‍ പറയുന്ന കുത്തുവാക്കുകള്‍ ഒന്നും ഞങ്ങള്‍ കേട്ടിരുന്നില്ല. എല്ലാം അനുഭവിച്ചിരുന്നത് അച്ഛനും അമ്മയുമാണ്.

 

ഇന്ന് അവരെ നോക്കാന്‍ ഞങ്ങളുണ്ട്. അതൊന്നും പറഞ്ഞാല്‍ അച്ഛനും അമ്മയും കേള്‍ക്കില്ല.  അവര്‍ ഇപ്പോഴും ഓരോ പണിക്ക് പോകും''.

 

എറണാകുളം കവലങ്ങാട് ഉള്ള ഹോമിയോ ഡിസ്പന്‍സറിയില്‍ സേവനം ചെയ്യുകയാണ് ഡോ.പ്രദീപിപ്പോള്‍. ഇതിനു മുന്‍പ് ഇടുക്കിയിലായിരുന്നു. ഭാര്യയും ഹോമിയോ ഡോക്ടറാണ്.

 

ഡോ.സൂര്യ: ''മക്കളില്‍ രണ്ടാമത്തെയാളാണ് ഞാന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയത്. പത്താക്ലാസ് എട്ട് എ പ്ലസും 2 എയുമായി നല്ല മാര്‍ക്കോടെയാണ് പാസായത്. പാലാ ബില്യന്‍സിലാണ് കോച്ചിങ്ങിന് ചേര്‍ന്നത്. അപ്പോഴേക്കും ചേട്ടന്റെ പഠനം പൂര്‍ത്തിയായതോടെ  സഹായിക്കാന്‍ ഒരാള്‍ കൂടിയുണ്ടായിരുന്നു. ഹോളി ക്രോസ് സ്കൂളില്‍ ചേരാന്‍ സഹായിച്ചതും ഹോസ്റ്റല്‍ സൗകര്യം ഒരുക്കിത്തന്നതുമൊക്കെ പാലാ ബില്യന്‍സ് തന്നെയാണ്. 

 

ഞാന്‍ വളരെ പ്ലസ് ടു കഴിഞ്ഞ സമയത്തൊക്കെ വീട്ടിലെ അവസ്ഥ വളരെ മോശമാണ്. മേല്‍ക്കൂരയൊക്കെ ചോര്‍ന്നൊലിക്കുന്ന അവസ്ഥ. എന്നെക്കൂടി പഠിപ്പിക്കുക എന്നത് അച്ഛനുമമ്മക്കും താങ്ങാനാകില്ലായിരുന്നു. പക്ഷേ, അച്ഛന്‍ ഇളകാതെ നിന്നു. എന്തു വന്നാലും മുന്നോട്ടു തന്നെയെന്നുറപ്പിച്ചു. നല്ല ലോകവിവരമാണ് അച്ഛന്. മുടങ്ങാതെ പത്രം വായിക്കും. ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊക്കെ അറിയാം''

 

ഇപ്പോള്‍ കാസര്‍കോഡ് ചിറ്റാരിക്കലില്‍ സേവനം ചെയ്യുകയാണ് ഡോ.സൂര്യ. കോവിഡ് രോഗികളെ ചികില്‍സിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ തിരക്കിലുമാണ്. സൂര്യയുടെ ഭര്‍ത്താവും ഡോക്ടറാണ്. 

 

ഡോ.സന്ദീപ്: ''ഞാന്‍ പഠിക്കുന്ന സമയം ആയപ്പോളേക്കും ചേട്ടനും ചേച്ചിയും ജോലിക്കാരായിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായിരുന്നു. അവരുടെ സഹായവും ഉണ്ടായിരുന്നു''.

 

അഞ്ചര വര്‍ഷമായി കണ്ണൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയാണ് ഡോ.സന്ദീപ്. പഠനം പൂര്‍ത്തിയാക്കിയതും ഇതേ കോളേജില്‍ നിന്നാണ്.

 

മാറാത്ത ശീലങ്ങൾ

മൂന്ന് മക്കളും ഡോക്ടര്‍മാരാണെങ്കിലും ഇപ്പോഴും മരുന്നു വാങ്ങേണ്ട എന്തെങ്കിലും സാഹചര്യം വന്നാല്‍ അടുത്തുള്ള ഡിസ്പന്‍സറിയിലേക്കാകും പോകുക എന്ന് പറയുന്നു രാഘവന്‍. ''അവരുടെ അടുത്തേക്ക് പോകാന്‍ ചമ്മലാ.. അത്ര നിവൃത്തിയില്ലെങ്കില്‍ അവരോട് ചോദിക്കും. ഞങ്ങള്‍ക്ക് ഇംഗ്ലീഷ് മരുന്ന് കഴിച്ച് ശീലമില്ല. ആയുര്‍വേദമാണ് കൂടുതല്‍. ഹോമിയോയെയും ആശ്രയിക്കാറുണ്ട്''. 

 

ഇരുപത് വര്‍ഷമായി എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പ‍ഞ്ചായത്തിലുള്ള മാമലക്കണ്ടത്താണ് രാഘവന്റെയും കുടുംബത്തിന്റെയും താമസം. മക്കള്‍ ജോലിയും കുടുംബവുമായി വിവിധ സ്ഥലങ്ങളിലായതിനാല്‍ ഭാര്യ പുഷ്പ മാത്രമാണ് ഒപ്പം. മക്കളെ പഠിപ്പിച്ചു വലുതാക്കി, ഇനി വിശ്രമിക്കാം എന്ന ചിന്തയൊന്നും രണ്ടുപേര്‍ക്കുമില്ല. ''ഇപ്പോഴും ആരോഗ്യമുണ്ട്. ഓരോ വര്‍ഷവും ഊരുകളില്‍ നിന്ന് ഊരുകളിലേക്ക് താമസം മാറിക്കൊണ്ടിരുന്ന ഞങ്ങള്‍ക്ക് 68 ലാണ് സര്‍ക്കാര്‍ ഈ ഭൂമി തരുന്നത്. ഇതിന്റെ കൈവശാവകാശ രേഖയും തന്നു. ഈ ചെറിയ സ്ഥലത്ത് കൃഷി ചെയ്യും. പശുവിനെ വളര്‍ത്തും. പരിചയക്കാരുടെ വീട്ടിലൊക്കെ ജോലിക്ക് പോകും.... മക്കള്‍ വഴക്കു പറയും, ഇപ്പോള്‍ ഇതിന്റെയൊക്കെ ആവശ്യം ഉണ്ടോ എന്ന് ചോദിക്കും. പക്ഷേ, സ്വന്തമായി അധ്വാനിച്ച് ജീവിക്കാന്‍ തന്നെയാണ് ഞങ്ങള്‍ക്കിഷ്ടം. മക്കളുടെ ആരുടെയും കയ്യില്‍ നിന്ന് അഞ്ച് പൈസ വാങ്ങാന്‍ എനിക്ക് താത്പര്യമില്ല'', രാഘവന്‍ പറഞ്ഞുനിര്‍ത്തി... 

Read More>>

English Summary: Success Story Of Raghavan Belongs To Tribal Community Gave Education For 3 Children Made Them Doctors