200–225 രൂപയായിരുന്നു ഒരു ദിവസം കിട്ടിയിരുന്നത്. രാത്രി ശരീര വേദന കൊണ്ടു കിടന്നുറങ്ങാൻ പോലും പറ്റില്ല.ഒരു സർക്കാർ ജോലി അല്ലെങ്കിൽ സ്ഥിര വരുമാനമുള്ള ജോലിയാണ് ഞാൻ മുന്നിൽ കണ്ടത്.

200–225 രൂപയായിരുന്നു ഒരു ദിവസം കിട്ടിയിരുന്നത്. രാത്രി ശരീര വേദന കൊണ്ടു കിടന്നുറങ്ങാൻ പോലും പറ്റില്ല.ഒരു സർക്കാർ ജോലി അല്ലെങ്കിൽ സ്ഥിര വരുമാനമുള്ള ജോലിയാണ് ഞാൻ മുന്നിൽ കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

200–225 രൂപയായിരുന്നു ഒരു ദിവസം കിട്ടിയിരുന്നത്. രാത്രി ശരീര വേദന കൊണ്ടു കിടന്നുറങ്ങാൻ പോലും പറ്റില്ല.ഒരു സർക്കാർ ജോലി അല്ലെങ്കിൽ സ്ഥിര വരുമാനമുള്ള ജോലിയാണ് ഞാൻ മുന്നിൽ കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിരൽ ഞൊടിക്കുന്ന നേരത്തിൽ സാധാരണക്കാരെ രാജകുമാരിയും രാജകുമാരനുമൊക്കെയാക്കുന്ന മാന്ത്രികവിദ്യ നമ്മൾ അറബിക്കഥകളിൽ വായിച്ചിട്ടുണ്ട്. എന്നാൽ സാധാരണ ജീവിതത്തിൽ ഇത്തരം അദ്ഭുതങ്ങൾ സംഭവിപ്പിക്കാൻ ജിന്നോ കുടത്തിലെ ഭൂതമോ വരണമെന്നില്ല; പകരം അധ്വാനിക്കാനും കഷ്ടപ്പെടാനും കാത്തിരിക്കാനും തയാറുള്ള ഒരു മനസ്സ് മതിയെന്നു തെളിയിക്കുകയാണ് നാൽപതാം വയസ്സിൽ കൂലിവേലക്കാരിയിൽനിന്നു സർക്കാർ ജോലിക്കാരിയായ ആർ. മണിയമ്മ. എട്ടു വയസ്സ് മുതൽ ജീവിക്കാനായി പല ജോലികൾ മാറി മാറി ചെയ്ത മണിയമ്മ ഇതിനിടെ ബികോം പൂർത്തിയാക്കുകയും ഒടുവിൽ സർക്കാർ ജോലിയെന്ന സ്വപ്നം കയ്യെത്തിപ്പിടിക്കുകയും ചെയ്തു. സ്ഥിര വരുമാനമുള്ള ഒരു ജോലിക്കായി ഉറക്കമൊഴിച്ച് പഠിച്ച് ഒടുവിൽ ലഭിച്ച ഒന്നിലധികം സർക്കാർ ജോലികളിൽ ഏത് സ്വീകരിക്കണം എന്നാലോചിച്ച് കൺഫ്യൂഷനിലായി ഉറക്കം നഷ്ടപ്പെട്ട മണിയമ്മ!

പ്രതികൂല സാഹചര്യങ്ങളോട് മുട്ടുമടക്കാതെ വിജയം സ്വന്തമാക്കിയ പോരാട്ടങ്ങളുടെ കഥ മനോരമ ഓൺലൈനിലൂടെ പങ്കുവെയ്ക്കുകയാണ് പനങ്ങാട് കേരള ഫിഷറീസ്-സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) കംപ്യൂട്ടർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന മണിയമ്മ.  

ADVERTISEMENT

സർക്കാർ ജോലി @ 40

നാൽപതു വയസ്സു കഴിഞ്ഞാണ് ഞാൻ സർവീസിൽ കയറുന്നത്. ആദ്യ കാലത്തു പിഎസ്‌സിക്ക് കാര്യമായ തായാറെടുപ്പുകൾ ഒന്നുമില്ലായിരുന്നു. പരീക്ഷയ്ക്ക് അപേക്ഷിക്കും, എഴുതും എന്നല്ലാതെ പഠിക്കാനുള്ള അന്തരീക്ഷമൊന്നുമില്ലായിരുന്നു അന്ന്. ഞാൻ ഒരുപാടു ജോലികൾ ചെയ്തിരുന്നു, അതിനിടയിലുള്ള പഠനമേ ഉണ്ടായിരുന്നുള്ളൂ. ചേർത്തലയാണ് എന്റെ നാട്. ഇവിടെ കയര്‍ മേഖലയിലുള്ള ജോലികളാണു കൂടുതലും ചെയ്തിരുന്നത്. ഞാൻ ഏജ് ഓവറാകുന്ന സമയത്താണു വീട്ടിനടുത്തുള്ള സ്കൂളിലെ ഒരു സാർ പിഎസ്‌‌സി ക്ലാസുകൾ എടുക്കാൻ തുടങ്ങിയത്. ക്ലാസിനു വരാൻ സാർ എന്റെ വീട്ടിൽ വന്നു പറഞ്ഞു. ഞാൻ സാറിനോടു പറഞ്ഞു: ‘സാർ ക്ലാസ് തുടങ്ങിക്കോ ഞാൻ എന്റെ ഫ്രണ്ട്സുമായി വരാം’ എന്ന്. അങ്ങനെയാണ് പിഎസ്‌‌സി പഠനം സീരിയസായി തുടങ്ങിയത്. ജോലി അത്യാവശ്യമാണെന്നു തോന്നിയിരുന്നെങ്കിലും പഠിച്ചു തുടങ്ങിയപ്പോഴാണ് പിഎസ്‌‌സിയുടെ വഴികളും കാര്യങ്ങളും പിടികിട്ടുന്നത്. പിന്നെ ജോലി മേടിച്ചേ പറ്റൂ എന്ന സാഹചര്യത്തിലേക്കു മാറി. 

കയർ മേഖലയിൽനിന്നു പിഎസ്‌സി പഠനത്തിലേക്ക്

കയർ മേഖല എന്നു പറയുമ്പോൾ കയർ പിരിക്കലായിരുന്നില്ല ജോലി. കയർ കൊണ്ടുള്ള വലിയ കാർപെറ്റുകൾ നിർമിച്ച് വിദേശത്തേക്കു കയറ്റി അയയ്ക്കുന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. മെഷീനിൽനിന്ന് നെയ്തു വരുന്ന ഈ വലിയ കാർപെറ്റുകൾ പിടിച്ച് അടുത്ത മെഷീനിൽ കയറ്റി വിടണം. വളരെ അധ്വാനം കൂടിയ ജോലിയാണ്. 200–225 രൂപയായിരുന്നു ഒരു ദിവസം കിട്ടിയിരുന്നത്. രാത്രി ശരീര വേദന കൊണ്ടു കിടന്നുറങ്ങാൻ പോലും പറ്റില്ല. ഒരു പരിധി വരെേയ ഈ ജോലിയൊക്കെ ചെയ്തു പിടിച്ചു നിൽക്കാൻ സാധിക്കൂ എന്നെനിക്ക് മനസ്സിലായി. ഒരു സർക്കാർ ജോലി അല്ലെങ്കിൽ സ്ഥിര വരുമാനമുള്ള ജോലിയാണ് ഞാൻ മുന്നിൽ കണ്ടത്. 

ADVERTISEMENT

എന്റെ വീടിന്റെ തൊട്ടടുത്താണ് പിഎസ്‌സി ക്ലാസ് നടന്നിരുന്ന സ്കൂൾ. അതുകൊണ്ടു പോകാനും എളുപ്പമായിരുന്നു. ഞായറാഴ്ച മാത്രമേ ക്ലാസ്സുള്ളൂ എന്നതും സൗകര്യം. ബാക്കി ദിവസങ്ങളിൽ ജോലിക്കും പോകാം. അതുകൊണ്ടാണ് ക്ലാസ്സിൽ ചേർന്നു പഠിക്കാം എന്നുള്ള തീരുമാനത്തിലെത്തിയത്. അങ്ങനെ, കിട്ടുന്ന സമയങ്ങളിലെല്ലാം പഠനം എന്ന രീതിയിലേക്കു മാറാൻ തുടങ്ങി. പിഎസ്‌സി എന്ന ഒറ്റ ലക്ഷ്യത്തിലേക്കു ജീവിതം മാറി. എഴുതാൻ തുടങ്ങിയ പരീക്ഷകളുടെ ലിസ്റ്റിൽ വരാൻ തുടങ്ങിയതോടെ പഠിച്ചാൽ കിട്ടും എന്നു മനസ്സിലായി. ക്വാളിഫിക്കേഷനേക്കാൾ ഇതു കഷ്ടപ്പെടുന്നവർക്കു കിട്ടുന്നതാണ് എന്നു മനസ്സിലായി. പിന്നെ ഫുൾടൈം ഊണിലും ഉറക്കത്തിലും പിഎസ്‌സി എന്ന ജ്വരമായി. 

ബികോം ബിരുദം, എന്നിട്ടും കൂലിപ്പണി

എനിക്കു പണ്ടു മുതലേ പിഎസ്‌സി എന്ന ലക്ഷ്യമുണ്ടായിരുന്നു. എറണാകുളത്ത് ഒരു ജോലിക്ക് പോയാൽ തിരിച്ചു വരുമ്പോൾ രാത്രി ഏഴരയൊക്കെയാകും. പിന്നെ വീട്ടിൽ വന്നു കഴിഞ്ഞാൽ പഠിക്കാൻ സമയം കിട്ടില്ല എന്നു എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഞാൻ പ്രൈവറ്റ് ജോലിക്കു വലിയ പ്രാധാന്യം കൊടുത്തില്ല. നാട്ടിലെ കമ്പനിയിൽ 5 മണിവരെയേ ജോലി ഉണ്ടാവൂ.  സൈക്കിള്‍ ഓടിക്കാൻ അറിയാവുന്നതു കൊണ്ട് 5.30 ആകുമ്പോൾ വീട്ടിലെത്താം. വീട്ടിലെ ജോലികൾ പെട്ടെന്നു തീർത്തു എനിക്കു 10–11 മണി വരെയൊക്കെ ഇരുന്നു പഠിക്കാൻ സാധിക്കും. പ്രൈവറ്റ് ജോലി ചെയ്താലും നാട്ടിലെ ജോലി ചെയ്താലും വരുമാനം ഏകദേശം തുല്യമായിരിക്കും. നാട്ടിലെ ജോലിക്കു കുറച്ചു കഷ്ടപ്പാടു കൂടുതലായിരിക്കും എന്നു മാത്രം. പലരും എന്നോടു ചോദിച്ചിട്ടുണ്ട്, ഇത്രയും പഠിച്ചിട്ട് എന്തിനാണ് ഇങ്ങനെത്തെ പണിക്കു നടക്കുന്നതെന്ന്. പക്ഷേ എന്റെ ഉദ്ദേശ്യം ഞാൻ പറഞ്ഞിട്ടില്ല. പിഎസ്‌സി എന്നതായിരുന്നു എന്റെ ആഗ്രഹം.  

പിഎസ്‌സി ക്ലാസ്സിൽ ചേർന്നു പഠിച്ചു ലിസ്റ്റിൽ വന്ന ശേഷം ഞാൻ എറണാകുളത്തു ജോലിക്കു പോയിരുന്നു. എറണാകുളത്ത് ഒരു അഡ്വക്കേറ്റിന്റെ ഓഫിസിൽ ൈടപ്പിസ്റ്റായി ജോലി ചെയ്തു. നാട്ടിലെ ജോലി ചെയ്തിരുന്നപ്പോഴും ഒരു കംപ്യൂട്ടർ വാങ്ങി വീട്ടിലിരുന്നു ടൈപ്പിങ് വർക്കുകൾ ചെയ്തു കൊടുത്തിരുന്നു. എറണാകുളത്തു ജോലി നോക്കുന്ന സമയത്താണ് പിഎസ്‌സിയുടെ അഡ്വൈസ് കിട്ടുന്നത് അങ്ങനെ അവിടെനിന്നു പോന്നു. 

ADVERTISEMENT

എട്ടു വയസ്സു മുതൽ തുടങ്ങിയ അധ്വാനം

ഞാൻ ജനിച്ചത് എഴുപുന്നയിലാണ്. അമ്മയ്ക്കു ചെമ്മീൻ കമ്പനിയിലായിരുന്നു ജോലി. എട്ടു വയസ്സു മുതൽ ഞാനും ചെമ്മീൻ കമ്പനിയിൽ ജോലിക്കു പോകാൻ തുടങ്ങി. നാലുമണിക്ക് എഴുന്നേറ്റ് ചെമ്മീൻ കിള്ളാൻ പോയി എട്ടു മണിയോടെ തിരിച്ചു വരും. പിന്നെ കുളിച്ചു സ്കൂളിൽ പോകും. അങ്ങനെയാണ് ബികോം വരെ പഠിച്ചത്. കല്യാണം കഴിഞ്ഞ ശേഷവും കയർ മേഖലയിൽ ജോലി ഇല്ലാത്തപ്പോൾ ചെമ്മീൻ കമ്പനിയിലും ജോലിക്കു പോകുമായിരുന്നു. ടൈപ്പിങ് അറിയാമെങ്കിലും കംപ്യൂട്ടർ േവഡ് പ്രോസസിങ്ങിന്റെ സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു. ചെമ്മീൻ കമ്പനിയിൽ പോകുന്ന സമയത്ത് അവിടുത്തെ ജോലി കഴിഞ്ഞു സൈക്കിൾ ചവിട്ടി വീട്ടിൽ വന്നു കുളിച്ചു, വീണ്ടും സൈക്കിൾ ചവിട്ടി ചേർത്തലയിലെ ഒരു കംപ്യൂട്ടർ സെന്ററിൽ പോയി പഠിച്ചാണ് കപ്യൂട്ടർ അസിസ്റ്റന്റിനു വേണ്ട സർട്ടിഫിക്കറ്റും നേടിയെടുത്തത്. അങ്ങനെ കുറേ കഷ്ടപ്പാടുകൾ സഹിച്ചാണ് ഈ ജോലി നേടിയെടുത്തത്. 

അങ്ങനെ ഈ വിരലുകൾ ഇങ്ങനെയായി

നാട്ടിൽ പുറത്ത് എന്തെല്ലാം ജോലികളുണ്ടോ അതെല്ലാം എനിക്ക് അറിയാം. എന്റെ വിരലുകൾ കാണുമ്പോൾ ‘ചേച്ചിയുടെ കൈ എന്താ ഇങ്ങനെ ഇരിക്കുന്നെ?’ എന്നു പലരും ചോദിക്കാറുണ്ട്. എട്ടു വയസ്സു തൊട്ട് ഐസിട്ട ചെമ്മീൻ കിള്ളിയും നാട്ടു പണികൾചെയ്തും  കൈയൊക്കെ പ്രായമായവരുടെത് പോലെയാണ് ഇരിക്കുന്നത്. ഞാറുപറിക്കാനും കൊയ്യാനുമൊക്കെ ചെറുപ്പം മുതലേ പോകുമായിരുന്നു.

പരിഹാസങ്ങൾ എനിക്കു മോട്ടിവേഷൻ

പിഎസ്‌സി പഠിക്കാൻ പോകുമ്പോൾ ഒരുപാടു പരിഹാസങ്ങൾ കേട്ടിട്ടുണ്ട്. പിഎസ്‌സി പഠിക്കാന്‍ പോകുവാണോ പഠിപ്പിക്കാൻ പോകുവാണോ എന്നു ചിലരൊക്കെ ചോദിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ എനിക്കൊരു മോട്ടിവേഷൻ ആയിരുന്നു. ഇവരൊക്കെ കളിയാക്കുമ്പോൾ ഇതിന്റെ ഉത്തരം താമസിയാതെ ഇവർക്കു കിട്ടും എന്നു ഞാൻ എന്റെ മനസ്സിൽ കുറിച്ചിട്ടിരുന്നു. 

 

കഷ്ടപ്പെട്ടാൽ പിഎസ്‌സി കിട്ടും

എനിക്ക് അറിയാവുന്ന കുട്ടികളോടൊക്കെ ഞാന്‍ പറയും വേറൊരു ജോലിക്കും പോകാതെ പിഎസ്‌സിക്കു പഠിക്ക്. കഷ്ടപ്പെടുന്നവർക്കു തീർച്ചയായും കിട്ടുന്ന ജോലിയാണ്. ഏഴാം ക്ലാസ്സുകാരനും കിട്ടും പിജി പഠിച്ചവനും കിട്ടും. പക്ഷേ നമ്മുടെ ബുദ്ധി ഉപയോഗിച്ചു കഷ്ടപ്പെടണം. ഞാൻ നിർബന്ധിച്ചു ക്ലാസ്സിൽ ചേർത്ത രണ്ടു കുട്ടികളും ഇപ്പോൾ സർവീസിൽ കയറിയിട്ടുണ്ട്. 

പിഎസ്‌സിയോ ഈ പ്രായത്തിൽ!

35 ാം വയസ്സിലാണു സീരിയസ്സായി പിഎസ്‌സി പഠനം തുടങ്ങിയത്. പ്രായം ഒന്നിനും ഒരു തടസ്സമല്ല. നമ്മുടെ മനസ്സാണു പ്രധാനം. നമ്മളാണു ചിന്തിക്കേണ്ടതു നമ്മൾ ഏതു ലെവലിൽ എത്തണം, എന്താണ് നമ്മുടെ ആഗ്രഹമെന്ന്. അതു നമുക്ക് ഉറപ്പായിട്ടും കിട്ടും. എന്റെ അനുഭവത്തിൽ നിന്നാണു പറയുന്നത്. എനിക്ക് ആരും പറഞ്ഞു തന്നിട്ടല്ല പിഎസ്‌സി പഠിക്കാൻ തുടങ്ങിയത് സ്വയം തോന്നിയതാണ്. എന്റെ അച്ഛനും അമ്മയും മരിച്ചു പോയതാണ്. എന്റെ സപ്പോർട്ടിന് ആരുമുണ്ടായിരുന്നില്ല. 

വരുമാനമാണ് ഇന്നത്തെക്കാലത്തു ജീവിക്കാൻ അത്യാവശ്യം. ഒരു വയ്യായ്ക വന്നു കുറച്ചു ദിവസം ജോലിക്കു പോകാൻ കഴിയാതെ വന്നാൽ പ്രൈവറ്റ് സ്ഥാപനത്തിലാണെങ്കിൽ തിരിച്ചു ചെല്ലുമ്പോൾ ‍ചിലപ്പോൾ ജോലി ഉണ്ടാവില്ല. എന്നാൽ സർക്കാർ ഉദ്യോഗത്തിൽ ആ പേടി വേണ്ട. ഇതൊക്കെ നേരത്തേ മനസ്സിലാക്കിയതു കൊണ്ടാണ് എനിക്ക് പിഎസ്‌സി പഠിക്കണമെന്നും സർക്കാർ ഉദ്യോഗം വേണമെന്നും തോന്നിയത്. സ്വന്തമായി അധ്വാനിച്ച് ആ വരുമാനം കൊണ്ടാണ് ഞാൻ പഠിച്ചിരുന്നത്. പരീക്ഷയ്ക്ക് മുമ്പേ ‘രണ്ടു മാസം ഞാൻ ജോലിക്കു പോകുന്നില്ല, എനിക്കു പഠിക്കണം’ എന്നു ഭർത്താവിനോട് പറഞ്ഞു. ‘നീ പഠിച്ചോ, ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കോളാം’ എന്നു ഭർത്താവ് പറഞ്ഞു. 

 

ജോലി കിട്ടാതെ വന്നപ്പോള്‍ ഡൗണായി

റെയിൽവേയുടെ എക്സാമിനു റിട്ടേണും ഫിസിക്കലും പാസായെങ്കിലും ജോലി കിട്ടാതെ വന്നപ്പോള്‍ ആകെ ഡൗണായിപ്പോയി. എന്നെ പഠിപ്പിച്ച സാർ പറഞ്ഞിട്ടാണു വീണ്ടും പഠനം തുടങ്ങിയതും ലാസ്റ്റ് ഗ്രേഡിന്റെ ലിസ്റ്റിൽ പേരു വന്നതും ജോലിക്കു കയറിയതും. മറ്റു ലിസ്റ്റുകളിൽ വന്നതും അതിനു ശേഷമാണ്. 

 

കുളിക്കുന്നതു രണ്ടു ദിവസം കൂടുമ്പോള്‍

വനിത എക്സൈസ് ഗാർഡ്, എൽഡിസി, റിസർവ് കണ്ടക്ടർ തുടങ്ങിയ ലിസ്റ്റുകളിൽ പേരു വന്നപ്പോൾ മനസ്സിലായി, അങ്ങനെ വന്നിട്ടും കാര്യമില്ല ഉയർന്ന റാങ്ക് മേടിച്ചാൽ മാത്രമേ ജോലി കിട്ടൂ എന്ന്. ക്ലാസ്സിനു ചെല്ലുമ്പോള്‍ സാർ ഓരോ കാര്യങ്ങൾ പറഞ്ഞു തരും. അങ്ങനെ പരീക്ഷയ്ക്കു മുമ്പ് രണ്ടു മാസം ശരിക്കും ഹാർഡ് വർക്കു ചെയ്തു. ഊണും ഉറക്കവും ഇല്ലാതെ പഠിക്കുമായിരുന്നു. ഉറക്കം കൂടുതലുള്ള എനിക്കു പിഎസ്‌സി പരീക്ഷ ആയപ്പോൾ ഉറക്കമേ ഉണ്ടായിരുന്നില്ല. ഒരു മണി, രണ്ടു മണി വരെ ഇരുന്നു പഠിച്ചിട്ടു കിടന്നാലും ഉറക്കം വരാത്ത അവസ്ഥ ആയിരുന്നു. കിടന്നാലും പഠിച്ച കാര്യങ്ങൾ ഓർത്തു കിടക്കും. സാർ തരുന്ന പ്രിന്റഡ് നോട്സ് ജനലിനരുകിൽ വച്ചാണു കിടക്കുന്നത്. വർഷങ്ങൾ മറന്നു പോയാൽ അപ്പോൾത്തന്നെ ലൈറ്റിട്ടു നോക്കി കറക്ടാക്കും. പിന്നെ അത് ഒരിക്കലും മറക്കില്ല. അങ്ങനെ ഉറക്കം ഇല്ലാതെ പഠിക്കുമായിരുന്നു. കാരണം ജോലി എന്റെ ആവശ്യമായിരുന്നല്ലോ. 

 

കുളിക്കുന്നതു പോലും രണ്ടു ദിവസം കൂടുമ്പോള്‍ ആയിരുന്നു. ഒരാഴ്ച കൂടുമ്പോളായിരുന്നു തുണി കഴുകുന്നത്. കാരണം ആ സമയം നഷ്ടപ്പെടരുതല്ലോ. മറന്നു പോകുന്ന വർഷങ്ങളൊക്കെ മോളെക്കൊണ്ട് ഉറക്കെ വായിപ്പിക്കും. അങ്ങനെ അതു കേട്ടു പഠിക്കും. ഞാൻ എവിടെ പോയാലും കയ്യിൽ ഒരു കുറിപ്പടി കാണും. അതുപോലെ ഞായറാഴ്ചകളില്‍ കല്യാണമോ മറ്റു ചടങ്ങുകളോ ഒക്കെ ഉണ്ടെങ്കിലും  ക്ലാസ്സ് കഴിഞ്ഞേ ഞാൻ പോകാറുള്ളൂ. എന്താ ഇത്രയും താമസിച്ചതെന്ന് അവരു ചോദിക്കുമ്പോൾ വേറേ എവിടെയങ്കിലും പോയിരുന്നു, ബസ് കിട്ടാൻ താമസിച്ചു എന്നൊക്കെ പറയും. മറ്റുള്ളവർ കളിയാക്കുന്നതു കാരണം പിഎസ്‌സി ക്ലാസ്സിനു പോകുന്ന കാര്യം പറയുമായിരുന്നില്ല. അന്ന് ഞാൻ അങ്ങനെ ശ്രമിച്ചതു കൊണ്ടാണ് ഇന്നിപ്പോൾ ഏതു ഞായറാഴ്ചയും എവിടെ വേണമെങ്കിലും എനിക്കു പോകാൻ പറ്റുന്നത്. കഷ്ടപ്പാടിനു ഫലം കിട്ടി. 

 

ഒരു ജോലി ആഗ്രഹിച്ചപ്പോൾ കിട്ടിയതു നാല് അഡ്വൈസ്

നാല് അഡ്വൈസ് ആണ് എനിക്കു കിട്ടിയത്. ലാസ്റ്റ് ഗ്രേഡ് ആണ് എനിക്കു കിട്ടിയ ആദ്യ ജോലി. അവിടെ നാലര മാസം കഴിഞ്ഞപ്പോൾ ൈടപ്പിസ്റ്റിന്റെ അഡ്വൈസ് വന്നു. അവിടെ ജോയിൻ ചെയ്ത് ഒരു വർഷം ആകുന്നതിനു മുൻപേ എനിക്കു അടുത്ത അഡ്വൈസ് വന്നു. ഞാൻ അതിനു പോയില്ല, കാരണം രണ്ടും ഒരേ സ്കെയിൽ ആയിരുന്നു. അതിനു ശേഷമാണ് കംപ്യൂട്ടർ അസിസ്റ്റന്റിന്റെ അഡ്വൈസ് കിട്ടുന്നത്. അതാണ് എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു അനുഭവം. ഒരു ജോലിക്കു വേണ്ടി ഉറക്കം പോലും വേണ്ടെന്നു വച്ച ഞാൻ ഈ ജോലിക്കു പോകണോ വേണ്ടയോ എന്നു ചിന്തിച്ച് ഉറക്കം കളഞ്ഞ ഒരു സമയവുമുണ്ടായി. 

 

പോരായ്മകൾ വിലയിരുത്തി പഠിക്കണം

കോളജ് പഠനം കഴിഞ്ഞു ഗ്യാപ്പ് ഉണ്ടായെങ്കിലും പിഎസ്‌സിക്കു വേണ്ടി പഠിച്ച കാര്യങ്ങൾ മറക്കില്ലായിരുന്നു. ഇംഗ്ലിഷും കണക്കും പഠിച്ചെടുക്കാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ആവശ്യം എന്റേതായതു കൊണ്ടു നിഷ്പ്രയാസം പഠിച്ചെടുത്തു. പ്രായവും ബുദ്ധിമുട്ടുകളും ഒരു വിഷയമല്ല. നമുക്ക് ആവശ്യമാണെന്നു തോന്നുകയാണെങ്കിൽ എല്ലാ വഴികളും നമുക്കു തുറന്നു കിട്ടും. എന്റെ അനുഭവത്തിലൂടെ പറയുന്നതാണ്. ഇംഗ്ലിഷ് തലയിൽ നിൽക്കില്ലായിരുന്നു. പക്ഷേ അതൊക്കെ എനിക്ക് ആവശ്യമാണെന്ന ബോധത്തോടെ മനസ്സിരുത്തി പഠിച്ചു. ഒരു ലക്ഷ്യത്തിനു വേണ്ടി ശ്രമിക്കുമ്പോൾ നമുക്കെല്ലാം ഓർത്തിരിക്കാൻ സാധിക്കും. പിന്നെയും മറന്നു പോകുന്ന കാര്യങ്ങൾ ചെറിയ കുറിപ്പുകളായി കയ്യിൽ കരുതാം. ജോലിക്കു പോകുമ്പോഴും യാത്രയിലും കിട്ടുന്ന സമയങ്ങളിൽ പഠിക്കുക. മറന്നു പോയെന്നു പറഞ്ഞിട്ട് കാര്യമില്ല. എനിക്കൊരു ജോലി തരണമെന്നു പിഎസ്‌സിക്ക് നിർബന്ധമില്ല. ആവശ്യം നമ്മുടേത് മാത്രമാണ്. നമ്മുടെ പോരായ്മകൾ വിലയിരുത്തി പഠിക്കണം. 

 

ജീവിതം വളരെയേറെ മെച്ചപ്പെട്ടു

ജോലി കിട്ടിയതിനു ശേഷം ജീവിതം ഒരുപാടു മാറി. പണ്ടത്തെ ജീവിതരീതിയിൽനിന്നു വളരെയേറെ മെച്ചപ്പെടാൻ സാധിച്ചു. പണ്ട് എപ്പോഴും പഴ്സ് കാലിയായിരിക്കും, ഇപ്പോൾ ഒരു 500 രൂപയെങ്കിലും കാണും. കുറേ കാര്യങ്ങൾ വീടിനു വേണ്ടി ചെയ്യാൻ സാധിച്ചു. മാറ്റി വച്ചിരുന്ന പല ആഗ്രഹങ്ങളും സഫലീകരിക്കാൻ പറ്റി. മകളുടെ വിദ്യാഭ്യാസം നല്ല രീതിയിൽ കൊണ്ടു പോകാൻ സാധിക്കുന്നുണ്ട്. ചെമ്മീൻ കമ്പനിയിൽ കൂടെ ജോലി ചെയ്തിരുന്നവർ വഴിയിൽ വച്ചു കാണുമ്പോൾ ഇപ്പോൾ ഏതു കമ്പനിയിലാണു ജോലി എന്നു ചോദിക്കാറുണ്ട്. സർക്കാർ ജോലി കിട്ടിയെന്നു പറയുമ്പോൾ ചെറുപ്പത്തിൽ കുറേ കഷ്ടപ്പെട്ടതല്ലേ, അതിനുള്ള പ്രതിഫലം ദൈവം തന്നതാണ് എന്നു പറയാറും.

 

ഒരേയൊരു വിഷമം മാത്രം

അമ്മ ലക്ഷ്മി, അച്ഛൻ രാഘവൻ– രണ്ടു പേരും ജീവിച്ചിരിപ്പില്ല. ഏഴുപുന്ന ടിഡി സ്കൂളിലാണു പഠിച്ചത്. കോളജ് പഠനം പ്രൈവറ്റായായിരുന്നു. ജോലി കിട്ടിയപ്പോൾ അതു കാണാൻ അച്ഛനും അമ്മയുമില്ല എന്ന ഒരു വിഷമം ഉണ്ട്. അമ്മയ്ക്കും അച്ഛനും വിദ്യാഭ്യാസമില്ലായിരുന്നു. പഠിക്കാൻ എനിക്കു താൽപര്യമുണ്ടായിരുന്നു. ഞാനൊരു നല്ല നിലയിലായി കാണണമെന്നത് അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹമായിരുന്നു. അച്ഛൻ എന്റെ കല്യാണത്തിനു മുൻപു തന്നെ മരിച്ചു. അമ്മ മോൾക്കു ആറു വയസ്സുള്ളപ്പോൾ മരിച്ചു. 

 

പിഎസ്‌സിയുടെ ലെവലിലേക്കു മാറുക

ഇപ്പോഴത്തെ പിഎസ്‌സി പരീക്ഷ എഴുതി ജയിക്കാൻ പറ്റില്ല എന്ന രീതിയിൽ പലരും പറയുന്നതു കേട്ടിട്ടുണ്ട്. ഞാൻ എഴുതിയ രീതിയിലല്ലായിരുന്നു അതിനു മുൻപു വരെ പിഎസ്‌സി പരീക്ഷ നടത്തിയിരുന്നത്. ആ ലെവലിൽ നിന്നു മാറി മാറിയാണ് പിഎസ്‌സി ഇന്നത്തെ രീതിയിൽ എത്തി നിൽക്കുന്നത്. അതുവരെ ചോദിക്കാത്ത നവോത്ഥാനം ഞങ്ങൾ പഠിച്ചിരുന്ന സമയത്ത് ആദ്യമായി ചോദിച്ചു. കടുകട്ടിയായിരുന്നു ഞങ്ങൾക്കന്ന്. ഇനി നവോത്ഥാനം കൂടി പഠിച്ചു പിഎസ്‌സി പരീക്ഷ ജയിക്കില്ലെന്നാണ് അന്നു പലരും പറഞ്ഞിരുന്നത്. പക്ഷേ എന്നെ പോലെ നിരവധി പേർ പഠിച്ചു ജോലിയില്‍ കയറി. കഴിവുള്ള ഒരു കൂട്ടം ഉദ്യോഗാർഥികളെ കണ്ടെത്തി ജോലി നൽകാനാണ് പിഎസ്‌സി ശ്രമിക്കുന്നത്. അതുകൊണ്ട് പിഎസ്‌സി മാറിക്കൊണ്ടിരിക്കും. അതിനനുസരിച്ച് മാറണം എന്നത് നമ്മുടെ ആവശ്യം ആണ്. നമ്മൾ പിഎസ്‌സിയുടെ ലെവലിലേക്കു മാറുകയാണ് വേണ്ടത്. അല്ലാതെ നമ്മുടെ ലെവലിലേക്കു പിഎസ്‌സി ഒരിക്കലും മാറില്ല. ഏഴാംക്ലാസ്സു മുതലുള്ള പാഠപുസ്തകൾ വിശദമായി അതിന്റെ ഉള്ളിലേക്കിറങ്ങി വായിച്ചു പഠിക്കുക. എന്നാൽ മാത്രമേ ഇപ്പോഴത്തെ പിഎസ്‌സി പരീക്ഷ വിജയിക്കാൻ സാധിക്കൂ. അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് അതിനെ തരണം ചെയ്യണം.

 

കുടുംബം

വീട് ചേർത്തല കളവംകോടാണ്. ഭർത്താവ് തൃദീപ്. കയർമേഖലയിലായിരുന്നു ജോലി. ഇപ്പോൾ പ്ലമർ‍ ആണ്. മകൾ അതുല്യ സിഎയ്ക്കു പഠിക്കുന്നു

 

Content Summary : Govt job at 40: Maniyamma is a lesson of hard work and determination