പ്ലസ് ടുവിന് 98.08 ശതമാനം മാർക്കോടെ (494/500) സ്കൂൾ ടോപ്പറായതിനു പിന്നാലെ, മുക്കാൽ ലക്ഷത്തോളം പെൺകുട്ടികൾ എഴുതിയ പരീക്ഷയിൽ 12–ാം റാങ്ക് നേടി ശ്രീലക്ഷ്മി ഹരിദാസ് നാഷനൽ ഡിഫൻസ് അക്കാദമിയുടെ ആദ്യ വനിതാ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പ്ലസ് ടുവിന് 98.08 ശതമാനം മാർക്കോടെ (494/500) സ്കൂൾ ടോപ്പറായതിനു പിന്നാലെ, മുക്കാൽ ലക്ഷത്തോളം പെൺകുട്ടികൾ എഴുതിയ പരീക്ഷയിൽ 12–ാം റാങ്ക് നേടി ശ്രീലക്ഷ്മി ഹരിദാസ് നാഷനൽ ഡിഫൻസ് അക്കാദമിയുടെ ആദ്യ വനിതാ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലസ് ടുവിന് 98.08 ശതമാനം മാർക്കോടെ (494/500) സ്കൂൾ ടോപ്പറായതിനു പിന്നാലെ, മുക്കാൽ ലക്ഷത്തോളം പെൺകുട്ടികൾ എഴുതിയ പരീക്ഷയിൽ 12–ാം റാങ്ക് നേടി ശ്രീലക്ഷ്മി ഹരിദാസ് നാഷനൽ ഡിഫൻസ് അക്കാദമിയുടെ ആദ്യ വനിതാ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻപ് ഒരു പെൺകുട്ടിയും പോയിട്ടില്ലാത്ത വഴിയിലൂടെ തന്റെ സ്വപ്നത്തിലേക്കു നടക്കുമ്പോൾ ആത്മവിശ്വാസം മാത്രമായിരുന്നു ശ്രീലക്ഷ്മിക്കു കൂട്ട്. പ്ലസ് ടുവിന് 98.80 ശതമാനം മാർക്കോടെ (494/500) സ്കൂൾ ടോപ്പറായതിനു പിന്നാലെ, മുക്കാൽ ലക്ഷത്തോളം പെൺകുട്ടികൾ എഴുതിയ പരീക്ഷയിൽ 12–ാം റാങ്ക് നേടി ശ്രീലക്ഷ്മി ഹരിദാസ് നാഷനൽ ഡിഫൻസ് അക്കാദമിയുടെ ആദ്യ വനിതാ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽനിന്ന് എൻഡിഎയിൽ സിലക്‌ഷൻ കിട്ടിയ രണ്ടു പെൺകുട്ടികളിൽ ഒരാൾ. സൈനിക ഓഫിസർ എന്ന സ്വപ്നത്തിലേക്കു തന്നെ നയിച്ചത് സിനിമകളാണെന്നു പറയുന്നു തൃശൂർ സ്വദേശിനിയായ ശ്രീലക്ഷ്മി. ആ സ്വപ്നസഞ്ചാരത്തെപ്പറ്റി ശ്രീലക്ഷ്മി ഹരിദാസ് സംസാരിക്കുന്നു:

 

ADVERTISEMENT

∙ എൻ‍ഡിഎയുടെ ആദ്യ വനിതാ ബാച്ചിലേക്ക് കേരളത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട രണ്ട് പെൺകുട്ടികളിലൊരാളാണ് ശ്രീലക്ഷ്മി. പ്ലസ്ടുവിനു സ്കൂൾ ടോപ്പറായ സന്തോഷത്തിന്റെ തൊട്ടുപിന്നാലെയാണ് ഈ വിജയവും. അതേക്കുറിച്ച്?

 

നാഷനൽ ഡിഫൻസ് അക്കാദമിയുടെ, പുണെയിലുള്ള എയർഫോഴ്സ് ഗ്രൗണ്ട് സ്ട്രീമിലാണ് എനിക്ക് പ്രവേശനം ലഭിച്ചത്. ഓൾ ഇന്ത്യ ലെവലിൽ 19 പെൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം ലഭിക്കുക. ആർമി സ്ട്രീമിൽ 10 സീറ്റ്, എയർഫോഴ്സ് സ്ട്രീമിൽ 6 സീറ്റ്, നേവി സ്ട്രീമിൽ 3 സീറ്റ് എന്നിങ്ങനെയാണ് പ്രവേശനം. കേരളത്തിൽനിന്നു പ്രവേശനം ലഭിച്ച രണ്ടു പെൺകുട്ടികളിൽ ഒരാളാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. പോട്ടോർ കുലപതി മുൻഷി ഭവൻസ് വിദ്യാമന്ദിർ സ്കൂളിൽ സയൻസ് സ്ട്രീമിൽ ആയിരുന്നു പ്ലസ്ടു പഠനം. സ്കൂൾ ടോപ്പറായി വിജയിച്ചതിന്റെ തൊട്ടുപിന്നാലെയാണ് എൻഡിഎയിലെ ആദ്യ വനിതാബാച്ചിലേക്ക് പ്രവേശനം ലഭിച്ചത്. ഏറെ നാളായുള്ള മോഹം സഫലമായതിന്റെ സന്തോഷമുണ്ട്.

 

ADVERTISEMENT

∙ എയർഫോഴ്സ് എന്ന മോഹം എങ്ങനെയാണ് മനസ്സിലുറച്ചത്? എന്തായിരുന്നു ഈ മേഖലയിലൊരു കരിയർ സ്വപ്നം കാണാനുള്ള പ്രചോദനം?  

 

കേൾക്കുമ്പോൾ തമാശയെന്നു തോന്നിയേക്കാം. ബോളിവുഡ് ചിത്രങ്ങൾ കണ്ടും പുസ്തകങ്ങൾ വായിച്ചുമാണ് ഈ മേഖലയോട് ഇഷ്ടം തോന്നിയത്. ഹൃതിക് റോഷൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്യ, മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ബയോപിക് മേജർ,  ആലിയ ഭട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റാസി എന്നീ ബോളിവുഡ് ചിത്രങ്ങൾ എന്നെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. പുസ്തകങ്ങളുടെ കാര്യം പറയുകയാണെങ്കിൽ തനുശ്രീ പോഡർ (Tanushree Podder) എഴുതിയ  ബൂട്ട്‌സ് ബെൽറ്റ്സ് ആൻഡ് ബാരറ്റ്‌സ് ( Boots Belts Berets) എന്ന പുസ്തകം, ധീരരായ സൈനിക ഓഫിസർമാരുടെ അനുഭവങ്ങൾ പറയുന്ന പുസ്തകങ്ങൾ എന്നിവയും ഒരു സൈനിക ഓഫിസർ ആകണം എന്ന എന്റ മോഹത്തിന് തീവ്രത കൂട്ടിയിട്ടുണ്ട്. സിനിമയാണ് പ്രചോദനം എന്നു പറയുമ്പോൾ ആളുകൾക്ക് തമാശയായി തോന്നാറുണ്ടെങ്കിലും വിവിധ ഭാഷയിലുള്ള സിനിമകൾ കാണുന്നത് എൻഡിഎയുടെ തിരഞ്ഞെടുപ്പു പ്രക്രിയിയിലുൾപ്പടെ പലവിധത്തിൽ ഗുണം ചെയ്യുമെന്ന് എന്റെ വ്യക്തിപരമായ അനുഭവത്തിൽനിന്ന് എനിക്കു പറയാനാകും. രാജ്യത്തിന്റെ പലഭാഗത്തു നിന്നെത്തിയ കുട്ടികളോട് സംവദിക്കാനും എൻഡിഎയിലെ പരിശീലന രീതികളെക്കുറിച്ച് ധാരണ ലഭിക്കാനും ഹിന്ദി സിനിമകൾ ഏറെ സഹായിച്ചിട്ടുണ്ട്.

ലക്ഷ്യ എന്ന ചിത്രത്തിൽ ഹൃത്വിക് റോഷൻ

 

ADVERTISEMENT

∙ എയർഫോഴ്സ് സ്ട്രീം ആണ് തിരഞ്ഞെടുത്തതെന്നു പറഞ്ഞിരുന്നു. അതിന് എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?.

 

സൈനിക ഓഫിസർ ആകണമെന്ന ഇഷ്ടം ഉള്ളിൽ വളരുമ്പോൾത്തന്നെ എൻജിനീയറിങ് എന്ന ഇഷ്ടത്തെ വിട്ടുകളയാനും ഞാൻ ഒരുക്കമല്ലായിരുന്നു. ഒന്നര വർഷം കഠിന പരിശീലനം നടത്തി ജെഇഇ പരീക്ഷയ്ക്ക് തയാറെടുത്തിരുന്നു. കണക്ക് എനിക്ക് പൊതുവേ എളുപ്പമുള്ള വിഷയമാണ്. 95 പെർസെന്റൈൽ ജെഇഇ പരീക്ഷയ്ക്ക് നേടാൻ സാധിച്ചിരുന്നു. അതിനോടൊപ്പം എൻഡിഎ പരിശീലനവും നടത്തി. എൻഡിഎയിലെ ആദ്യ വനിതാ ബാച്ചിലേക്കുള്ള തയാറെടുപ്പായതിനാൽ മുൻ മാതൃകകളില്ലാത്തത് വെല്ലുവിളിയായെങ്കിലും സിഡിഎസിൽ ജോലി ചെയ്യുന്ന വനിതാ ഓഫിസർമാരോടും എൻഡിഎയിൽ പഠിക്കുന്ന ആൺകുട്ടികളോടും തിരഞ്ഞെടുപ്പിന്റെ പ്രക്രിയകളെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കിയിരുന്നു. ഡിഫൻസ് വിഭാഗത്തിൽ ചേരാനുള്ള ഉചിതമായ മാർഗം എൻഡിഎ പരീക്ഷയാണെന്ന് അവരാണ് പറഞ്ഞു തന്നത്. ആർമി, നേവി, എയർഫോഴ്സ് ഇവയിൽ ഏതാണ് വേണ്ടതെന്ന് ആദ്യം തന്നെ തീരുമാനിക്കണം. ഞാൻ പ്രിഫറൻസ് ആയി നൽകിയത് എയർഫോഴ്സ്, ആർമി, നേവി എന്നീ ക്രമത്തിലായിരുന്നു. എയർഫോഴ്സ് സ്ട്രീമിൽ പഠനം പൂർത്തിയാക്കിയാൽ സൈനിക ഓഫിസർ ആകുന്നതിനൊടൊപ്പം എൻജിനീയറിങ് ബിരുദവും സ്വന്തമാക്കാൻ സാധിക്കും. എയർഫോഴ്സ് സ്ട്രീം പെൺകുട്ടികൾക്ക് നല്ല ചോയ്സ് ആണെന്ന തിരിച്ചറിവും ആ തിരഞ്ഞെടുപ്പിനു കാരണമായിട്ടുണ്ട്.

 

∙ എൻഡിഎയിലെ തിരഞ്ഞെടുപ്പു രീതിയൊക്കെ വിശദമായി കാണിക്കുന്ന ലക്ഷ്യ എന്ന ഹൃതിക് റോഷൻ ചിത്രം പ്രചോദനമായെന്നു ശ്രീലക്ഷ്മി പറഞ്ഞല്ലോ. സിനിമയിലൊക്കെ കാണുന്നതുപോലെ കഠിനമാണോ യഥാർഥ പരിശീലനം?. 

 

എഴുത്തു പരീക്ഷ, സർവീസ് സിലക‌്‌ഷൻ ബോർഡ് ടെസ്റ്റ് (SSB), മെഡിക്കൽ ടെസ്റ്റ്, എന്നിങ്ങനെ പല കടമ്പകൾ വിജയകരമായി പൂർത്തിയാക്കിയാലേ എൻഡിഎയിൽ പ്രവേശനം നേടാൻ സാധിക്കൂ. നവംബറിലായിരുന്നു എഴുത്തു പരീക്ഷ, ശേഷം അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന സർവീസ് സിലക‌്‌ഷൻ ബോർഡ് ടെസ്റ്റ് ഉണ്ടായിരുന്നു. വാരാണസിയിലായിരുന്നു എന്റെ എസ്എസ്ബി സെന്റർ. ഈ നിർണായക ഘട്ടത്തിൽ പലവിധത്തിലുള്ള ടാസ്ക്കുകളിലൂടെ മൽസാർഥികളുടെ കഴിവുകൾ സൈനിക ഉദ്യോഗസ്ഥർ അളക്കും. കാര്യനിർവഹണശേഷിയും, കായികക്ഷമതയും മനക്കരുത്തും പ്രായോഗിക ബുദ്ധിയും ആശയവിനിമയ ശേഷിയും മനസ്സാന്നിധ്യവുമൊക്കെ അളക്കുന്ന തരത്തിലാണ് വിവിധ ആക്റ്റിവിറ്റീസ് ഒരുക്കിയിരിക്കുന്നത്. ഇതിലെല്ലാം മുന്നേറിയാലും അഭിമുഖത്തിലും മെഡിക്കൽ പരിശോധനയിലും വിജയിച്ചാലേ സർവീസിൽ കയറാൻ സാധിക്കൂ.

 

∙ എഴുത്തു പരീക്ഷയെക്കുറിച്ച് പറയാമോ?

 

എൻഡിഎ പരീക്ഷയെക്കുറിച്ച് ഏകദേശ ധാരണകിട്ടിയ ശേഷം 10 ദിവസം കൊണ്ടാണ് പരീക്ഷയ്ക്കു തയാറെടുത്തത്. കണക്കിനും സാമൂഹിക വിഷയങ്ങൾക്കും പാസ്മാർക്കും ഓവർഓൾ മാർക്കും കിട്ടിയാലേ എഴുത്തു പരീക്ഷയിൽ വിജയിക്കാൻ സാധിക്കൂ. ജെഇഇ പരീക്ഷയ്ക്കുവേണ്ടിയുള്ള കഠിനാധ്വാനം കണക്കിന്റെ കാര്യത്തിൽ ഏറെ ഗുണം ചെയ്തു. മൂന്നു മണിക്കൂറാണ് പരീക്ഷ. 10, 11, 12 ക്ലാസുകളിലെ പാഠഭാഗങ്ങളിൽ നിന്നുള്ള കാര്യങ്ങളാണ് കണക്കു പരീക്ഷയിൽ കൂടുതലായി വരുന്നത്. എൻഡിഎ പരീക്ഷയെപ്പറ്റി ചുരുക്കിപ്പറഞ്ഞാൽ, സിബിഎസി പരീക്ഷയേക്കാൾ കഠിനം എന്നാൽ ജെഇഇ പരീക്ഷയേക്കാൾ ലളിതം എന്നു പറയാം. 120 ചോദ്യങ്ങൾക്ക് 3 മണിക്കൂറിൽ ഉത്തരം എഴുതുക എന്നതാണ് എഴുത്തു പരീക്ഷയിലെ വെല്ലുവിളി. വേഗത്തിൽ എഴുതാനുള്ള കഴിവ് വികസിപ്പിച്ചാൽ സമയം കൃത്യമായി വിനിയോഗിച്ച് നല്ല മാർക്ക് സ്കോർ ചെയ്യാൻ സാധിക്കും. 

 

∙എഴുത്തു പരീക്ഷയെ വരുതിയിലാക്കാനുള്ള തന്ത്രങ്ങൾ?

 

പഴയ ചോദ്യപ്പേപ്പറുകൾക്ക് ഉത്തരമെഴുതി പഠിക്കാം. കണക്കിന്റെ കാര്യമെടുത്താൽ സ്റ്റാറ്റിസ്റ്റിക്സും പ്രോബബിലിറ്റിയുമുണ്ടെങ്കിൽ ആദ്യം പ്രോബബിലിറ്റി തിരഞ്ഞെടുക്കണം. പരീക്ഷയെഴുതാനുള്ള അറിവുണ്ടായിട്ടു മാത്രം കാര്യമില്ല. സമയപരിധിക്കുള്ളിൽ ചോദ്യങ്ങൾക്ക് ശരിയുത്തരങ്ങളെഴുതിയാലേ മികച്ച മാർക്ക് നേടാനാവൂ. എൻഡിഎ പാസ്റ്റ് ക്വസ്റ്റൻ പേപ്പേഴ്സ് എന്ന് സേർച്ച് ചെയ്താൽ നിരവധി മാതൃകാചോദ്യങ്ങൾ ലഭിക്കും. 10 വർഷം പുറകോട്ടുള്ള മാതൃകാചോദ്യങ്ങൾ ഉൾപ്പടെ എഴുതിപ്പഠിക്കാൻ ശ്രദ്ധിക്കണം. 

ശ്രീലക്ഷ്മി ഹരിദാസ്.

 

∙ എസ്എസ് ബി ടെസ്റ്റിനെക്കുറിച്ച് (Services Selection Board test)  വിശദമായി പറയാമോ? 

 

എഴുത്തു പരീക്ഷ പാസായതിന്റെ ആത്മവിശ്വാസത്തിൽ ഒരിക്കലും ശൂന്യമായ മനസ്സോടെ എസ്എസ്ബി ടെസ്റ്റിന് പോകരുത്. ആദ്യത്തെ ശ്രമമാണ് ഏറ്റവും പ്രധാനപ്പെട്ട ഘട്ടം എന്ന് മനസ്സിലുറപ്പിക്കണം. ഞങ്ങളുടെ സെന്ററിൽ ആദ്യ ദിനത്തിൽ 200 കുട്ടികളുണ്ടായിരുന്നു. ആദ്യത്തെ എലിമിനേഷൻ കഴിഞ്ഞപ്പോൾ അത് 50 പേരായി കുറഞ്ഞു. ആ 50 പേരെ 10 പേരടങ്ങുന്ന അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് തിര‍ഞ്ഞെടുപ്പു പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ നടത്തുക.

 

ഓരോ ഘട്ടം കഴിയുമ്പോഴും ഒന്നിനും അഞ്ചിനും ഇടയിലുള്ള ഒരു ഗ്രേഡ് മൽസരാർഥികൾക്ക് ലഭിക്കും. അതെത്രയാണെന്ന് അറിയാൻ കഴിയില്ല. എഴുത്തു പരീക്ഷയിലെയും എസ്എസ്ബിയിലെ പ്രകടനത്തിലെയും മാർക്കുകൾ കണക്കാക്കിയാണ് ഫൈനൽ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. എഴുത്തു പരീക്ഷയിലെ മാർക്കിലാണ് മൽസരാർഥികൾ തമ്മിൽ മാർക്കിൽ കാര്യമായ വ്യത്യാസം വരുക. എസ്എസ്ബിക്ക് ഭൂരിപക്ഷത്തിനും ഏകദേശം ഒരേ മാർക്കാണ് ലഭിക്കുക. 

 

∙ എസ്എസ്ബി റിക്രൂട്ട്മെന്റിനെ എങ്ങനെ ധൈര്യത്തോടെ നേരിടാം?

 

പരീക്ഷാഫലം വന്നാൽ എസ്‌എസ്ബിയിൽ പങ്കെടുക്കാനുള്ള പരിശീലനം തുടങ്ങാം. യുട്യൂബ് നോക്കി ഗ്രൗണ്ട് ആക്റ്റിവിറ്റീസിനെക്കുറിച്ച് ഒരു ധാരണയുണ്ടാക്കാം. നേരിട്ടു തന്നെ പരിശീലനം നേടണമെങ്കിൽ, എസ്എസ്ബി റിക്രൂട്ട്മെന്റിനു വേണ്ടി പരിശീലിപ്പിക്കുന്ന 10– 12  ദിവസം നീളുന്ന കോഴ്സുകൾ ഉണ്ടാകും. അതിനു ചേരാം. കേരളത്തിനു പുറത്താണ് അത്തരം കോഴ്സുകൾ കൂടുതലായുള്ളത്. ഓടിയും ചാടിയും വ്യായാമം ചെയ്തുമൊക്കെ കായിക ക്ഷമത മെച്ചപ്പെടുത്താം. 

 

ഗ്രൗണ്ട് ടാസ്ക്കുകളിൽ അളക്കപ്പെടുന്നത് ശാരീരിക ക്ഷമത മാത്രമല്ല. നേതൃപാടവം, മനസ്സാന്നിധ്യം, അനുസരണാശീലം എന്നിവ കൂടിയാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മൽസരാർഥികളുടെ വേഗവും ശാരീരിക ക്ഷമതയും അളക്കുന്നതിനേക്കാൾ അവിടെ അളക്കപ്പെടുന്നത് വിവിധ തരത്തിലുള്ള പേടികളോടുള്ള പ്രതികരണങ്ങളാണ്. കൈക്കരുത്തിന് ഏറെ പ്രാധാന്യമുള്ള ഘട്ടമാണ് കായികക്ഷമത അളക്കുന്ന പ്രക്രിയ. റോപ് ക്ലൈംബിങ്, ഭാരമുയർത്തൽ പോലെയുള്ള ടാസ്ക്കുകൾ ചെയ്യുമ്പോൾ കൈക്കരുത്ത് വളരെ ഗുണം ചെയ്യും. പുഷ് അപ്, പുൾ അപ് ഒക്കെ നേരത്തേ ചെയ്തു ശീലിക്കുന്നത് ഈ ഘട്ടത്തിൽ ഉപകാരപ്പെടും. മൂന്നു മിനിറ്റിനുള്ളിൽ ടാസ്ക്കുകൾ ചെയ്തു തീർത്താൽ മതിയാകും. നിശ്ചിത സമയത്തിനുള്ളിൽ ഒരു ടാസ്ക് ചെയ്തു പൂർത്തിയാക്കിയാലേ അടുത്ത ടാസ്ക് ചെയ്യാൻ സാധിക്കൂ.

 

മാനസിക നിലവാരം അളക്കുന്ന പ്രക്രിയയിൽ പ്രായോഗിക ബുദ്ധി, ക്രിയാത്മക ശേഷി, ആത്മവിശ്വാസം എന്നിവയും അളക്കപ്പെടുന്നുണ്ട്. നാലുമണിക്കൂറോളം തുടർച്ചയായി നീളുന്ന അത്തരം പ്രക്രിയയിൽ ബുദ്ധി ക്ഷീണിക്കുകയും മനസ്സിലുള്ള യഥാർഥ ഉത്തരങ്ങൾ പുറത്തു വരുകയും ചെയ്യും. പെട്ടെന്ന് ഒരു ടോപിക് തന്ന് സംസാരിക്കാൻ പറയുന്ന ഘട്ടങ്ങൾ തിരഞ്ഞെടുപ്പു പ്രക്രിയയിലുണ്ട്. അവിടെ വിലയിരുത്തപ്പെടുന്നത് ഭാഷയിലുള്ള നൈപുണ്യത്തേക്കാൾ നമ്മുടെ അവതരണ ശൈലിയാണ്.

 

∙ പലരും കാലിടറുന്നത് അഭിമുഖത്തിലാണല്ലോ. ബുദ്ധിമുട്ടേറിയ അനുഭവമാണോ അത്?

 

ഒരുപാട് കുട്ടികൾ പേടിക്കുന്നതാണ് അഭിമുഖം. എന്റെ വ്യക്തിപരമായ കാര്യം പറയുകയാണെങ്കിൽ, നമ്മളെക്കുറിച്ചുള്ള കാര്യങ്ങൾ ആത്മവിശ്വാസത്തോടെ, മനസ്സാന്നിധ്യം കൈവിടാതെ സത്യസന്ധമായി പറഞ്ഞാൽ അഭിമുഖത്തെ വിജയകരമായി നേരിടാം. വളരെ അനുഭവ സമ്പത്തുള്ള സൈനിക ഉദ്യോഗസ്ഥരാണ് മുന്നിലുള്ളതെന്ന ഉത്തമബോധ്യത്തോടെ വേണം ഉത്തരം പറയാൻ. നമ്മളെക്കുറിച്ചുള്ള സത്യസന്ധമായ കാര്യങ്ങൾ മറ്റൊരാളോടു പറയുന്നതിൽ ഭയക്കേണ്ട കാര്യമില്ലല്ലോ. ആ മനോഭാവത്തോടെയാണ് ഞാൻ അഭിമുഖത്തെ നേരിട്ടത്. കുറേ ചോദ്യങ്ങൾ ഒരുമിച്ചു ചോദിക്കുന്ന റാപിഡ് ഫയേഴ്സ് ഉണ്ടാകും. മനസ്സാന്നിധ്യം കൈവിടാതിരുന്നാലേ ഓരോന്നായി ഓർത്തെടുത്ത് ഉത്തരം പറയാൻ സാധിക്കൂ. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ചോദിച്ചു കഴിഞ്ഞാൽ തിരഞ്ഞെടുത്ത സ്ട്രീമിനെക്കുറിച്ചാകും ചോദ്യം. അതിനെക്കുറിച്ച് എന്തെങ്കിലും അറിയില്ലെങ്കിൽ അറിയില്ല എന്നു പറയാൻ മടിക്കരുത്. അറിയാത്ത കാര്യം അറിയാമെന്നു പറഞ്ഞാൽ അതവർക്ക് വളരെ വേഗം കണ്ടുപിടിക്കാൻ സാധിക്കും. അതവരെ വളരെയേറെ പ്രകോപിപ്പിക്കുകയും ചെയ്യും.

 

പേടിയും മറവിയുമാണ് അഭിമുഖത്തിലെ പ്രധാന വെല്ലുവിളികൾ. രണ്ടിനേയും അതിജീവിച്ചാൽ വിജയം സുനിശ്ചിതം. ശക്തിയും ദൗർബല്യവും ഏതൊക്കെയാണെന്ന് അവർക്ക് പെട്ടെന്നു കണ്ടുപിടിക്കാൻ പറ്റും. കുറവുകളെ മറച്ചു വച്ച് നയപരമായി മറുപടി നൽകരുത്. അഭിമുഖത്തിലുടനീളം സത്യസന്ധത പുലർത്താൻ ശ്രദ്ധിക്കണം. അറിയാത്ത ഉത്തരങ്ങൾ പറയാൻ ശ്രമിക്കരുത്. കൃത്യമായി അറിയാവുന്ന ഉത്തരങ്ങൾ മാത്രം പറയുക.

 

∙ തിരഞ്ഞെടുപ്പു പ്രക്രിയയുടെ സമയത്ത് സംഭവിച്ച മറക്കാനാകാത്ത, അല്ലെങ്കിൽ രസകരമായ ഒരു അനുഭവത്തെക്കുറിച്ച് പറയാമോ?

 

തിരഞ്ഞെടുപ്പു പ്രക്രിയയുടെ അവസാന ദിവസത്തെ കോൺഫറൻസ് ആണ് മറക്കാനാകാത്ത അനുഭവം. അഞ്ചു ഗ്രൂപ്പിനെയും ഗൈഡ് ചെയ്യുന്ന ഓഫിസേഴ്സ് എല്ലാവരും അവരുടെ ഫുൾ യൂണിഫോമോടെ ഇരിക്കുന്ന ഒരു മുറിയിൽ മൽസരാർഥികൾ പ്രവേശിക്കണം. എല്ലാ ഓഫിസേഴ്സിനും എല്ലാവരെയും മനസ്സിലാക്കാനുള്ള സന്ദർഭമാണത്. ആ മുറിയിലേക്ക് ഇത്രയും ഓഫിസർമാരുടെ മുന്നിലേക്ക് കടന്നു ചെല്ലുമ്പോൾ ആരും ഒന്നു നെർവസ് ആകും. ആ കോൺഫറൻസിൽ അവർ പൊതുവായ ചില ചോദ്യങ്ങൾ ചോദിക്കും. ആ കോൺഫറൻസിനു ശേഷമാണ് ആരൊക്കെ തിരഞ്ഞെടുക്കപ്പെട്ടു എന്നറിയാൻ കഴിയുക. എന്റെ സ്ട്രീമിൽനിന്ന് എട്ടുപേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. യു ആർ റെക്കമെൻഡഡ് അല്ലെങ്കിൽ യു ആർ നോട്ട് റെക്കമെൻഡഡ് എന്നു മാത്രമേ ആ ഘട്ടത്തിൽ പറയൂ. മെറിറ്റ് ലിസ്റ്റ് വന്നാലേ മാർക്കിനെക്കുറിച്ച് കൃത്യമായി അറിയാൻ കഴിയൂ.

 

രസകരമായ അനുഭവത്തെക്കുറിച്ച് പറയുകയാണെങ്കിൽ അത് ഗ്രൗണ്ട് ആക്റ്റിവിറ്റിയുടെ സമയത്താണ്. ടാസ്ക്കുകൾ നടക്കുമ്പോൾ അവിടെയുള്ള ഓഫിസർ കൂളിങ്ഗ്ലാസ് ധരിച്ചാണ് നിൽക്കുക. ഡ്രസ്കോഡിനൊക്കെ അത്രയും പ്രാധാന്യമുള്ള സ്ഥലത്ത് കൂളിങ്ഗ്ലാസ് ധരിക്കാൻ അദ്ദേഹത്തിനു മാത്രമാണ് അനുമതി. ഏതു മൽസരാർഥിയെയാണ് അവർ നിരീക്ഷിക്കുന്നതെന്ന് ആർക്കും മനസ്സിലാകാതിരിക്കാനാണ് കൂളിങ്ഗ്ലാസ് ധരിക്കുന്നത്. അതുപോലെ ഒരു ഫിസിക്കൽ ടാസ്കിനിടയിൽ ഉറക്കെ അലറുന്നവർക്ക് കൂടുതൽ മാർക്ക് ലഭിക്കുമെന്നൊക്കെ പറഞ്ഞിരുന്നു അതും രസകരമായ അനുഭവം ആണ്. ഫിസിക്കൽ ടാസ്ക്കുകൾ വെറുതെ ചെയ്താൽ പോരാ, അവർ നൽകുന്ന നിർദേശങ്ങളനുസരിച്ച് സംഖ്യകൾ എണ്ണിക്കൊണ്ടും മറ്റുമാണ് അത് ചെയ്യേണ്ടത്. മനസ്സാന്നിധ്യം അളക്കാനാണ് അത്തരം നിർദേശങ്ങൾ.

 

∙ പെൺകുട്ടികളുടെ സാന്നിധ്യം വളരെ കുറവുള്ള മേഖലയിൽ കരിയർ തിരഞ്ഞെടുക്കുന്നതിനോട് അനുകൂല നിലപാടായിരുന്നോ കുടുംബത്തിന്?

 

ഡിഫൻസ് മേഖലയാണ് എനിക്കിഷ്ടമെന്ന് അച്ഛനും അമ്മയ്ക്കും നേരത്തേ അറിയാമായിരുന്നു. ആദ്യം കുറച്ച് എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഒടുവിൽ എന്റെ ഇഷ്ടത്തിനൊപ്പം നിൽക്കാൻ അവർ തീരുമാനിച്ചു. എൻഡിഎയിൽ മുൻ മാതൃകകൾ ഇല്ലാതിരുന്നതിനാൽ സിഡിഎസിൽ ജോലി ചെയ്യുന്ന വനിതാ ഉദ്യോഗസ്ഥരോടും മറ്റും അമ്മ സംസാരിക്കുകയും അവരുടെ ഉപദേശം തേടുകയും ചെയ്തിരുന്നു. മർച്ചന്റ് നേവി റിട്ട. ചീഫ് എൻജിനീയർ അയ്യന്തോൾ മൈത്രി പാർക്കിൽ എ–9 ‘കൃഷ്ണകൃപ’യിൽ ഹരിദാസ് ഭാസ്കരനാണ് അച്ഛൻ. പോട്ടോർ ഭവൻസ് വിദ്യാമന്ദിർ കംപ്യൂട്ടർ സയൻസ് അധ്യാപികയാണ് അമ്മ ജ്യോതി. സഹോദരൻ ശ്രീദത്ത് ചെന്നൈ വിഐടിയിൽ എൻജിനീയറിങ് വിദ്യാർഥിയാണ്.

 

∙ എൻഡിഎ ആഗ്രഹിക്കുന്ന പെൺകുട്ടികളോട് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ എന്താണ് പറയാനുള്ളത്?

 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളുമായി സംവദിക്കേണ്ടി വരുമെന്നതിനാൽ ഹിന്ദിയിലും ഇംഗ്ലിഷിലുമുള്ള ആശയ വിനിമയ ശേഷി വികസിപ്പിക്കുക. അവരുമായി സംസാരിച്ച് നല്ലൊരു സൗഹൃദബന്ധം സൃഷ്ടിക്കുക. എസ്എസ്ബി തിരഞ്ഞെടുപ്പു പ്രകിയയിലെ വിവിധ ഘട്ടങ്ങളിൽ ആ സൗഹൃദം ഗുണം ചെയ്യും. ഗ്രൂപ് ഡിസ്കഷനുകളിലും ഗ്രൗണ്ട് ആക്റ്റിവിറ്റികളിലും ആത്മവിശ്വാസത്തോടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുക. എൻഡിഎ എന്ന ആഗ്രഹം മനസ്സിൽ ഉടലെടുക്കുന്ന സമയത്തു തന്നെ പരിശീലനം തുടങ്ങുക. 

 

പത്താം ക്ലാസിലും പ്ലസ്ടുവിലും സ്കൂൾ ടോപ്പറായ, മുൻ മാതൃകകളില്ലാതിരുന്നിട്ടും ആഗ്രഹിച്ച മേഖലയിൽ കരിയർ സാധ്യത കണ്ടെത്തിയ ശ്രീലക്ഷ്മി ഓരോ പെൺകുട്ടിക്കും നൽകുന്നത് ആകാശത്തോളം ആത്മവിശ്വാസമാണ്. അർപ്പണ ബോധത്തോടെ ആശിച്ചാൽ ഏതു വിദൂര സ്വപ്നവും സ്വന്തമാക്കാമെതിന്റെ തെളിവാണ് ശ്രീലക്ഷ്മി.

 

Content Summary : Sreelakshmi Haridos secured the 138th rank (12th rank among women cadets) Join Nda's First Batch Of Women Cadets