കൗമാരത്തിന്റെ അപക്വത നാട്ടുകാരുടെ സഹായം തേടുന്നതിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിച്ചു. ഞങ്ങൾ വിളിച്ചു കൂവി നാട്ടുകാരറിഞ്ഞാൽ ഞങ്ങളെ കോളജിൽനിന്ന് പുറത്താക്കിയാലോ എന്ന ഭയമായിരുന്നു കാരണം.

കൗമാരത്തിന്റെ അപക്വത നാട്ടുകാരുടെ സഹായം തേടുന്നതിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിച്ചു. ഞങ്ങൾ വിളിച്ചു കൂവി നാട്ടുകാരറിഞ്ഞാൽ ഞങ്ങളെ കോളജിൽനിന്ന് പുറത്താക്കിയാലോ എന്ന ഭയമായിരുന്നു കാരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൗമാരത്തിന്റെ അപക്വത നാട്ടുകാരുടെ സഹായം തേടുന്നതിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിച്ചു. ഞങ്ങൾ വിളിച്ചു കൂവി നാട്ടുകാരറിഞ്ഞാൽ ഞങ്ങളെ കോളജിൽനിന്ന് പുറത്താക്കിയാലോ എന്ന ഭയമായിരുന്നു കാരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൗമാരത്തിന്റെ അവസാന പടിയിൽ നിന്ന്, ഇനിയെന്തു പഠിക്കണം എന്നു സാധാരണ കുട്ടികൾ ഗൗരവമായി ചിന്തിച്ചുതുടങ്ങുന്ന കാലത്ത് സെബാസ്റ്റ്യൻ എന്ന പതിനെട്ടുകാരൻ പാലാ സെന്റ് തോമസ് കോളജിന്റെ പടി കയറിയത് ഇംഗ്ലിഷ് അധ്യാപകനായാണ്; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോളജ് അധ്യാപകനെന്ന റെക്കോർഡുമായി. ആറാം വയസ്സിൽ ആറാം ക്ലാസിൽ ചേർ‌ന്ന്, 12 ാം വയസ്സിൽ പ്രീയൂണിവേഴ്സിറ്റിയിലെത്തിയ കുട്ടി ഡിഗ്രിക്കു ശേഷം അവിടെത്തന്നെ അധ്യാപകനായത് പ്രിൻസിപ്പലിനെ ‘പേടിച്ചാണ്’. 37 വർഷം പാലാ സെന്റ് തോമസ് കോളജിലും അതിനു ശേഷം ലേബർ ഇന്ത്യ സ്കൂളിലും ഇപ്പോൾ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലുമായി തുടരുന്ന അധ്യാപന ജീവിതത്തിന്റെ ധന്യത തന്റെ ശിഷ്യ സമ്പത്താണെന്നു പറയുന്നു ഡോ. വി.ജെ.സെബാസ്റ്റ്യൻ നരിവേലി. അഞ്ചരപ്പതിറ്റാണ്ടിലേറെയായി വിദ്യാർഥികൾക്ക് അറിവു പകരുന്ന, മുന്നിലെത്തുന്ന ഓരോ വിദ്യാർഥിയുടെയും ഓർമയിൽ സ്നേഹം കൊണ്ടു മുദ്ര വയ്ക്കുന്ന  ഡോ.സെബാസ്റ്റ്യൻ നരിവേലി സംസാരിക്കുകയാണ്:

 

ADVERTISEMENT

∙ ഒന്നാം ക്ലാസിൽ പഠിച്ചത് ഒരു മാസം, ആറാം വയസ്സിൽ ആറാം ക്ലാസിൽ. തികച്ചും കൗതുകമുണർത്തുന്നതാണ് താങ്കളുടെ അക്കാദമിക് ജീവിതത്തിന്റെ തുടക്കം. അതേക്കുറിച്ച് പറയാമോ?.

ഡോ.സെബാസ്റ്റ്യൻ നരിവേലി.

 

സാധാരണ കുട്ടികളെ അപേക്ഷിച്ച് വളരെ ചെറുപ്പത്തിൽത്തന്നെ, കൃത്യമായിപ്പറഞ്ഞാൽ മൂന്നു വയസ്സിൽ സ്കൂൾ പ്രവേശനം നേടിയ വിദ്യാർഥിയായിരുന്നു ഞാൻ. രണ്ടര വയസ്സു മുതൽ വീട്ടിൽ എന്നെ അക്ഷരങ്ങളും അക്കങ്ങളുമൊക്കെ പഠിപ്പിച്ചു തുടങ്ങി. മൂന്നു വയസ്സായപ്പോൾ ഒന്നാം ക്ലാസിൽ ചേർത്തു. സ്കൂളിലെ ക്ലാസ് മുറികൾ തമ്മിൽ സ്ക്രീൻ വച്ചാണ് വേർതിരിച്ചിരുന്നത്. രണ്ടാം ക്ലാസിലെ ചോദ്യങ്ങൾക്ക് സ്ഥിരമായി ഒന്നാം ക്ലാസിലിരുന്ന് സ്ക്രീനിനിടയിലൂടെ ഉത്തരം വിളിച്ചു പറയുന്നത് എന്റെ പതിവായിരുന്നു. ശല്യം സഹിക്കാൻ വയ്യാതെ ഒന്നാം ക്ലാസിൽ ചേർന്ന് ഒരു മാസത്തിനകം രണ്ടാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകി. രണ്ടിലും മൂന്നിലും പഠിച്ചു. ശേഷം 4, 5, 6–ാം ക്ലാസിന്റെ ആദ്യ ടേംവരെ വീട്ടിലിരുന്നാണ് പഠിച്ചത്. മാതാപിതാക്കളും രണ്ടു ട്യൂഷൻ മാസ്റ്റേഴ്സുമാണ് പഠനത്തിന് സഹായിച്ചത്. ആറു വയസ്സായപ്പോൾ എന്നെ ആറാം ക്ലാസിൽ ചേർത്തു. ജന്മസ്ഥലമായ കൊഴുവനാലിലുള്ള സെന്റ് ജോൺ നെപുംസ്യാൻസ്  സ്കൂളിലായിരുന്നു മിഡിൽസ്കൂൾ പഠനം.  അന്നൊക്കെ അഞ്ചാം ക്ലാസ് വരെ മലയാളമാണ് പഠന മാധ്യമം. ഇംഗ്ലിഷ് വിദ്യാഭ്യാസം ആരംഭിക്കുന്നത് മിഡിൽ സ്കൂളിലെ ഫസ്റ്റ് ഫോറത്തിൽ. പ്രായ നിബന്ധനയുള്ളതിനാൽ തേർഡ് ഫോറത്തിലെ സർക്കാർ പരീക്ഷയെഴുതാൻ അനുവാദം കിട്ടില്ലെന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും ശ്രമിച്ചു. അനുവാദം കിട്ടുംവരെ ശ്രമിക്കാമെന്നായിരുന്നു പിതാവിന്റെയും അധ്യാപകരുടെയും തീരുമാനം. ആരും പ്രതീക്ഷിക്കാതെ വയസ്സിന് ഇളവ് ലഭിക്കുകയും എനിക്ക് പരീക്ഷയെഴുതാൻ സാധിക്കുകയും ചെയ്തു.

 

ADVERTISEMENT

ഹൈസ്കൂൾ പഠനം മുത്തോലി സെന്റ് ആന്റണീസ് സ്കൂളിലായിരുന്നു. ഫോർത്ത്, ഫിഫ്ത്ത്, സിക്സ്ത്ത് പഠിച്ചത് അവിടെയാണ്. സിക്സ്ത്തിൽ പരീക്ഷയെഴുതാൻ പ്രായത്തിന്റെ പ്രശ്നം തടസ്സമായെങ്കിലും തേഡ് ഫോറത്തിൽ  ഇളവ് ലഭിച്ചതുകൊണ്ട് സിക്സ്ത്തിലും ഇളവ് ലഭിച്ചു. അങ്ങനെ 11–ാം ക്ലാസിലെ ഹൈസ്കൂൾ പഠനം പൂർത്തിയാക്കി 12–ാം വയസ്സിൽ ഒരു വർഷത്തെ പ്രീയൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനായി പാലാ സെന്റ് തോമസ് കോളജിലെത്തി.

 

∙12 വയസ്സു മുതൽ 6 വർഷം  പഠിച്ചതും വിരമിക്കും വരെ 37 വർഷം പഠിപ്പിച്ചതും ഒരേ കോളജിൽ. വിദ്യാർഥി എന്ന നിലയിൽ മറക്കാനാവാത്ത അനുഭവങ്ങൾ ഓർമയിലുണ്ടോ?. 

 

ADVERTISEMENT

ക്യാംപസിൽ ഞാനൊരു കൗതുകക്കാഴ്ചയായിരുന്നു. അന്ന് വൈസ് ചാൻസലറിന്റെ കോളജ് സന്ദർശനം വലിയൊരു സംഭവമായിരുന്നു. കെ.സി.കെ.ഇ. രാജ എന്ന അന്നത്തെ വൈസ് ചാൻസലർ പാലാ സെന്റ് തോമസ് കോളജ് സന്ദർശിക്കാനെത്തിയപ്പോൾ റവ. ഫാ ജോസഫ് കുരീത്തടം ആയിരുന്നു പ്രിൻസിപ്പൽ. വൈസ് ചാൻസലറെ അദ്ദേഹം ക്ലാസിൽ കൊണ്ടു വന്ന് എന്നെ പരിചയപ്പെടുത്തി. ‘കോടി’ എന്നർഥം വരുന്ന ഇംഗ്ലിഷ് വാക്ക് പറയാൻ വൈസ് ചാൻസലർ എന്നോട് ആവശ്യപ്പെട്ടു. എനിക്കന്ന് ലാക്ക്, മില്യൻ എന്നുവരെ മാത്രമേ എണ്ണാൻ അറിയുമായിരുന്നുള്ളൂ. കോടിക്ക് ‘ക്രോർ’ എന്നാണ് പറയുന്നതെന്ന് മുഴങ്ങുന്ന ശബ്ദത്തിൽ പറഞ്ഞിട്ട് അദ്ദേഹം എന്നോട് അതു തിരിച്ചു പറയാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തെ അനുകരിച്ചുകൊണ്ട് ഞാൻ ആ ശബ്ദം മുഴക്കിയപ്പോൾ അദ്ദേഹത്തിന് സന്തോഷമായി. വിദ്യാർഥി എന്ന നിലയിൽ അതൊരു സുന്ദരമായ ഓർമയാണ്. പിന്നെയുള്ള നിറമുള്ള ഓർമകൾ കലാലയത്തിലെ നാടകക്കാലമാണ്. കോളജിൽ പെൺകുട്ടികൾ ആരും ഇല്ലാതിരുന്നതിനാൽ നാടകം ഇംഗ്ലിഷ് ആയാലും മലയാളം ആയാലും അതിലെ സ്ത്രീകഥാപാത്രങ്ങൾ എന്നെത്തേടിവന്നിരുന്നു. 12,13 വയസ്സിലൊന്നും എന്റെ ശബ്ദം ഒട്ടും പതറിയിട്ടില്ലായിരുന്നു. ഒരുപക്ഷേ അതാകാം എനിക്ക് സ്ത്രീകഥാപാത്രങ്ങൾ കൂടുതലായി ലഭിക്കാൻ കാരണം. 

 

∙  പ്രിൻസിപ്പലച്ചനെ പേടിച്ചാണ് 18–ാം വയസ്സിൽ കോളജ് അധ്യാപകനായതെന്ന് കേട്ടിട്ടുണ്ട്. ആ കഥയെങ്ങനെ?.

 

കോളജ് അധ്യാപകനാകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ആറു വർഷം പഠിച്ച പാലാ സെന്റ് തോമസ് കോളജിൽ അധ്യാപകനാകണമെന്ന് അക്കാലത്ത് ഒട്ടും ആഗ്രഹിച്ചിരുന്നില്ല. 1965–1967 കാലഘട്ടത്തിലാണ് പാലാ സെന്റ് തോമസ് കോളജിലെ ഇംഗ്ലിഷ് എംഎ ആദ്യ ബാച്ചിൽ പഠിക്കുന്നത്. 1967 ൽ കോളജ് അധ്യാപകരുടെ ധാരാളം ജോലി ഒഴിവുകൾ കേരളത്തിലുണ്ടായിരുന്നു. ആ വർഷം 110 വിദ്യാർഥികളാണ് ഇംഗ്ലിഷ് എംഎ ജയിച്ചത്. ഇംഗ്ലിഷ് അധ്യാപകരുടെ മാത്രം ഒഴിവ് കണക്കാക്കിയാൽ  120 ൽ ഏറെ വേക്കൻസികൾ. അങ്ങനെ വരുമ്പോൾ കേരളത്തിൽ ആഗ്രഹിക്കുന്ന ഏതു കോളജിലും അധ്യാപകനായി ജോലിയിൽ പ്രവേശിക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. ക്ലാസിൽ ഞങ്ങൾ വിദ്യാർഥികൾ, ഏതു കോളജിലാണ് ജോയിൻ ചെയ്യാൻ പോകുന്നതെന്നൊക്കെ വീതിച്ചെടുക്കുമായിരുന്നു. അന്ന് ഞാൻ പറഞ്ഞിരുന്നത് തിരുവന്തപുരം മാർ ഇവാനിയോസ് കോളജിലോ എറണാകുളം തേവര കോളജിലോ ആവും എന്നായിരുന്നു. പക്ഷേ എംഎ റിസൽറ്റിനെക്കുറിച്ച് ചോദിക്കാൻ പോയ എന്നെ  അപ്രതീക്ഷിതമായി  പ്രിൻസിപ്പൽ പാലാ സെന്റ് തോമസ് കോളജ് അധ്യാപകനാക്കുകയായിരുന്നു. പ്രിൻസിപ്പൽ ഫാ. കുരീത്തടം സിൻഡിക്കേറ്റ് അംഗം കൂടിയായിരുന്നതിനാൽ  എംഎ ഫലം ഔദ്യോഗികമായി യൂണിവേഴ്സിറ്റി പ്രസിദ്ധീകരിക്കുന്നതിനു മുൻപ് അദ്ദേഹത്തിന് അറിയാൻ കഴിയും. ഫലം നേരത്തേ അറിയാമല്ലോ എന്നു കരുതി അദ്ദേഹത്തെ സമീപിച്ച എന്നോട് അദ്ദേഹം പറഞ്ഞതിങ്ങനെ: ‘‘നാളെ മുതൽ ഡിപ്പാർട്ട്മെന്റിൽ ഒരു മേശയും കസേരയും നിനക്കായി ഇട്ടിരിക്കും. നീ അവിടെപ്പോയി ഇരുന്നോണം’’. അച്ചനോട് ‘നോ’ എന്നു പറയാൻ ധൈര്യമില്ലാത്ത ഞാൻ അങ്ങനെ 18–ാം വയസ്സിൽ പാലാ സെന്റ് തോമസ് കോളജിൽ അധ്യാപകനായി.

 

∙  കൗമാരം വിടും മുൻപ് അധ്യാപകനായി. ആദ്യകാല അധ്യാപന അനുഭവങ്ങൾ എങ്ങനെയായിരുന്നു? വെല്ലുവിളികളെ അതിജീവിച്ചത് എങ്ങനെയാണ്?

 

അധ്യാപനം തുടങ്ങിയ കാലത്ത് വിദ്യാർഥികളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. കോളജ് നാടകത്തിലൊക്കെ അഭിനയിക്കാൻ സ്റ്റേജിൽ കയറുമെങ്കിലും പ്രസംഗം പോലെയുള്ള മൽസരങ്ങളിൽ സദസ്സിനെ അഭിമുഖീകരിക്കാനുള്ള  ധൈര്യമില്ലാതിരുന്നതിനാൽ ഒഴിവാക്കുമായിരുന്നു. അതുകൊണ്ടു തന്നെ പ്രീഡിഗ്രി ക്ലാസെടുക്കാൻ പോയപ്പോഴും എനിക്കു സഭാകമ്പമുണ്ടായിരുന്നു. അവിടെയും തുണയായത് പ്രിൻസിപ്പലച്ചനാണ്. അച്ചൻ തന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങിയാൽ മതി ക്ലാസ് മുറികളെല്ലാം നിശ്ശബ്ദം. വിദ്യാർഥികൾക്കും അധ്യാപകർക്കും അദ്ദേഹത്തെ ഒരു പോലെ ഭയമായിരുന്നു. വരാന്തയിൽ അദ്ദേഹത്തിന്റെ നിഴൽ കണ്ടാൽ പോലും ക്ലാസ്മുറികൾ നിശ്ശബ്ദമാകുമായിരുന്നു. വലിയ ആ നിഴലിന്റെ തണലിൽ വിദ്യാർഥികളുടെ ഭാഗത്തു നിന്ന് ഒരു മോശം പ്രതികരണവുമുണ്ടാകാതെ അധ്യാപനത്തിന്റെ ആദ്യ വർഷം പിന്നിട്ടപ്പോൾ ആത്മവിശ്വാസത്തോടെ ആ ജോലിയിൽ തുടരാൻ സാധിച്ചു.

 

∙ ഉത്തരവാദിത്തമുള്ള ജോലിയിൽ പ്രവേശിക്കേണ്ടി വന്നപ്പോൾ കൗമാരത്തിന്റെ ആഘോഷങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ടോ?

 

അന്ന്  ഇന്നത്തപ്പോലെ ഒട്ടും ശബ്ദമുഖരിതമായിരുന്നില്ല ക്യാംപസ്. തന്നെയുമല്ല ക്യാംപസ് ജീവിതത്തിന്റെ ആഘോഷങ്ങളെക്കാളും, നേരത്തേ ജോലിയിൽ പ്രവേശിക്കാൻ സാധിച്ചതിന്റെ സന്തോഷമായിരുന്നു എനിക്ക്. കാരണം  നല്ല ഒരു ജോലിയിലൂടെ ലഭിക്കുന്ന സ്നേഹവും ആദരവും  വരുമാനവും ഒക്കെ അനുഭവിച്ചറിയാൻ സാധിച്ചു. മുതിർന്ന അധ്യാപകർ വിശ്രമ വേളകളിൽ ചീട്ടുകളിക്കാനും കോളജിലെ വിനോദയാത്രയ്ക്കും ഒക്കെ ഒപ്പം കൂട്ടിയതിനാൽ ഒരു തരത്തിലുള്ള അന്യതാബോധവും അന്നെനിക്കു തോന്നിയില്ല.

 

∙ ഏതെങ്കിലും ക്ലാസിൽ താങ്കളേക്കാൾ മുതിർന്ന വിദ്യാർഥികളെ പഠിപ്പിക്കേണ്ടി വന്നിട്ടുണ്ടോ?

 

1967 ലാണ് അധ്യാപന ജീവിതം തുടങ്ങിയത്. അന്നത്തെക്കാലത്ത് സ്കൂളിൽ നിന്നിറങ്ങി പല കാരണങ്ങളാൽ പഠനം തുടരാതെ രണ്ടും മൂന്നും നാലും വർഷങ്ങൾക്ക് ശേഷം കോളജിലെത്തുന്നവർ നിരവധി. ഞാൻ പ്രീഡിഗ്രിയിൽ പഠിപ്പിച്ച കുറേയേറെ കുട്ടികളും എന്നേക്കാൾ മുതിർന്നവരായിരുന്നു.  ഡിഗ്രി ക്ലാസുകളിൽ അതിലേറെപ്പേർ. ആദ്യമൊന്നും വിദ്യാർഥികളേക്കാൾ പ്രായക്കുറവുള്ളയാളാണെന്ന് ഞാൻ വെളിപ്പെടുത്തിയിരുന്നില്ല. 1995, 97 കാലഘട്ടങ്ങളിൽ എന്റെ വിദ്യാർഥികളിൽ പലരും ജോലിയിൽനിന്ന് വിരമിച്ചു തുടങ്ങി. പുറത്തു വച്ചൊക്കെ കാണുമ്പോൾ ‘സർ ഇപ്പോൾ എന്തു ചെയ്യുന്നു’ എന്നവർ ചോദിക്കും. പാലാ സെന്റ് തോമസ് കോളജിൽ തുടരുന്നു എന്നു പറയുമ്പോൾ ‘‘ അതെന്താ ഞങ്ങൾ റിട്ടയർ ചെയ്തല്ലോ. അപ്പോൾ സർ ഞങ്ങളേക്കാൾ ചെറുപ്പമാണോ?’’ എന്ന് അവർ ചോദിക്കും. അങ്ങനെ കുറേപ്പേരൊക്കെ ഇക്കാര്യം അറിഞ്ഞു തുടങ്ങി. പിന്നീട് ചില അംഗീകാരങ്ങളൊക്കെ ലഭിച്ച് മാധ്യമങ്ങളിൽ വാർത്തകളൊക്കെ വന്നു തുടങ്ങിയപ്പോഴാണ് മിക്കവരും ഇക്കാര്യങ്ങളൊക്കെ അറിഞ്ഞു തുടങ്ങിയത്.

 

∙ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരി, ഏറ്റവും പ്രായം കുറഞ്ഞ കോളജ് അധ്യാപകൻ എന്നിങ്ങനെ റെക്കോർഡുകൾ സ്വന്തമായിരുന്നല്ലോ. അതേക്കുറിച്ച്?

 

1999 ൽ മനോരമ ഇയർബുക്കിലാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരി (ഇന്ത്യാസ് യങ്ങസ്റ്റ് ഗ്രാജ്വേറ്റ്) എന്ന വിശേഷണം എനിക്ക് ലഭിച്ചത്. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ  ബിഹാർ സ്വദേശിയായ തഥാഗത് അവതാർ തുളസി 12–ാം വയസ്സിൽ ഫിസിക്സിൽ ബിരുദാനന്തരബിരുദം സ്വന്തമാക്കി എന്റെ റെക്കോർഡ് തകർത്തു. പിന്നീട് 2000 ൽ മനോരമ ഇയർബുക്ക്, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോളജ് അധ്യാപകൻ (ഇന്ത്യാസ് യങ്ങസ്റ്റ് കോളജ് ലക്‌ചറർ) എന്ന ബഹുമതി നൽകി. 2001ലും 2002 ലും  ലിംകാബുക്ക് ഓഫ് റെക്കോർഡ്സിൽ യങ്ങസ്റ്റ് ലക്‌ചറർ നാഷനൽ റെക്കോർഡ് എന്ന് എന്റെ പേര് രേഖപ്പെടുത്തി. 1967 മുതൽ 2004 വരെയായിരുന്നു പാലാ സെന്റ് തോമസ് കോളജിൽ ഇംഗ്ലിഷ് അധ്യാപകനായി ഞാൻ ജോലി ചെയ്തത്.1999 മുതൽ അഞ്ചു വർഷം ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ് ആയിരുന്നു. ഇതിനിടെ 2003 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി. റിട്ടയർമെന്റിനു ശേഷം മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ സ്കൂളിൽ പ്രിൻസിപ്പലായി. 2006 മുതൽ ഒരു വ്യാഴവട്ടക്കാലം  കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിൽ ഹ്യുമാനിറ്റീസ് വിഭാഗം മേധാവി. ഇപ്പോൾ അഡ്ജംഗ്‌ന്റ് പ്രഫസർ. കൂടാതെ അമൽ ജ്യോതി അഡ്വൈസറി ബോർഡ് മെമ്പറും. ഇതിനിടെ മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനിലും കോട്ടയം ട്രിപ്പിൾ ഐടിയിലും വിസിറ്റിങ് പ്രൊഫസറായി പ്രവർത്തിച്ചു. മനോരമ ഇയർബുക്ക്, തൊഴിൽവീഥി, പിഎസ്‌സി ഗൈഡുകൾ, ക്വസ്റ്റൻ ബാങ്ക് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ചില ക്വിസ് മൽസരങ്ങളിലും ഞാൻ ‘ഉത്തരം’ ആയിട്ടുണ്ട്. മലയാള മനോരമ 2000 ൽ നടത്തിയ ബൃഹത്തായ മില്ലേനിയം ക്വിസിലെ ഒരു ചോദ്യം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോളജ് അധ്യാപകൻ ആര് എന്നതായിരുന്നു. എനിക്ക് ലഭിച്ച മറ്റൊരു അംഗീകാരം, നാളിതുവരെ  ഒരിടത്തും ജോലിക്ക് അപേക്ഷിക്കേണ്ടി വന്നിട്ടില്ല എന്നതാണ്.

 

∙ 55 വർഷം നീണ്ട അധ്യാപന ജീവിതത്തിൽ ഒട്ടേറെ പ്രത്യേകതയുള്ള പല വിദ്യാർഥികളെയും പഠിപ്പിക്കാൻ അവസരം ലഭിച്ചിരുന്നില്ലേ?. അവരെക്കുറിച്ച്?

 

പ്രഗത്ഭരായ പല വിദ്യാർഥികളെയും പഠിപ്പിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. മന്ത്രി, ബിഷപ്, അംബാസഡർ,  എംപി, എംഎൽഎ,ചീഫ് സെക്രട്ടറി, അങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച  പ്രഗൽഭരായ പലരെയും പഠിപ്പിക്കാനായി. പഠിക്കുന്ന കാലത്ത് അവരുടെ പെരുമാറ്റത്തിലും പഠന ശീലത്തിലുമുള്ള പ്രത്യേകതകൾ ഇന്നും ഓർമിക്കുന്നുണ്ട്. 12 വർഷക്കാലം നാഷനൽ സർവീസ് സ്കീമിന്റെ ചുമതല കൂടി എനിക്കുണ്ടായിരുന്നു. അപ്പോഴൊക്കെ ഇവരിൽ പലരുടെയും ഊർജസ്വലതയും ഉത്തരവാദിത്ത ബോധവും ഞാൻ ശ്രദ്ധിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, ആന്റോ ആന്റണി എംപി, ഇൻകം ടാക്സ് കമ്മിഷണർ സക്കീർ തോമസ്, ജോസഫ് വാഴയ്ക്കൻ, ഡിജോ കാപ്പൻ, അഗസ്റ്റിൻ പീറ്റർ ഇവരെയൊക്കെ മിടുക്കന്മാരായ എൻഎസ്എസ് വോളണ്ടിയേഴ്സ് എന്ന നിലയിൽ ഞാനിപ്പോൾ അഭിമാനത്തോടെ ഓർക്കുന്നു. പൂർവ വിദ്യാർഥികളുമായി നല്ല ആത്മബന്ധം പുലർത്താൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്.

 

∙ പലയാളുകളും ഉപരിപഠനത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്ന പ്രായത്തിൽ വളരെ ഉത്തരവാദിത്തമുള്ള ഒരു ജോലിയിൽ പ്രവേശിച്ചയാളാണ് താങ്കൾ. താങ്കളുടെ നേട്ടങ്ങൾക്കു പിന്നിലുള്ള, താങ്കളെ സ്വാധീനിച്ച അധ്യാപകരെ അനുസ്മരിച്ചാൽ?

 

പ്രൈമറി ക്ലാസിലെ അധ്യാപകരായിരുന്ന സിസ്റ്റർ പൗളീനാമ്മ, ജോസഫീനാമ്മ എന്നിവരോട് വളരെ ആദരവ് തോന്നിയിരുന്നു. മിഡിൽ സ്കൂളിൽ പഠിക്കാൻ സെന്റ് ജോൺസ് സ്കൂളിലെത്തിയപ്പോൾ ടി.ടി.തോമസ് തണ്ണീപ്പാറ, വി.എം.തോമസ് പറമ്പകത്ത്, എം.ടി. ജോർജ് മൈലാടി എന്നിവരായിരുന്നു പ്രിയപ്പെട്ട അധ്യാപകർ. എന്റെ പിതാവിന്റെ സുഹൃത്തുക്കളായ അവരുടെ സ്വാധീനം കൊണ്ടാണ് ചെറുപ്പത്തിൽത്തന്നെ പഠനവുമായി ബന്ധപ്പെട്ട വലിയ കടമ്പകൾ കടക്കാൻ സാധിച്ചത്. മുത്തോലി സെന്റ് ആന്റണീസ്  ഹൈസ്കൂളിലെത്തിയപ്പോൾ ഏറെ ആദരവ് തോന്നിയ മലയാളം അധ്യാപകൻ കൃഷ്ണൻ നായർ സാറായിരുന്നു. അക്ഷരസ്ഫുടതയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആകർഷണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടിനോട് അദ്ദേഹത്തിന് കനത്ത ആരാധനയായിരുന്നു. ക്ലാസുകളിൽ മിക്ക ദിവസവും ഇഎംഎസിനെക്കുറിച്ച് പരാമർശിച്ചിരുന്ന കാര്യവും അങ്ങനെ ഒരവസരത്തിൽ സാറിനെ പ്രകോപിപ്പിച്ച കുസൃതിയെക്കുറിച്ചും പിന്നീട് അദ്ദേഹത്തോട് അതേറ്റു പറഞ്ഞതിനെക്കുറിച്ചും ഞാനിപ്പോൾ ഓർക്കുന്നു. സെന്റ് തോമസ് കോളജിൽ ഡിഗ്രിക്കു പഠിക്കുമ്പോൾ ഡിപ്പാർട്ട്മെന്റ് മേധാവിയായിരുന്ന, പിൽക്കാലത്ത് മധ്യപ്രദേശ് ഗവർണറായ പ്രഫ. കെ.എം.ചാണ്ടിയെ പ്രത്യേകമായി ഓർമിക്കുന്നു. ചാണ്ടി സാറിന് എന്നോടൊരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. എംഎ ആദ്യ ബാച്ചുകളുടെ കോഴ്സ് കോഓർഡിനേറ്റർ ഡോ.എ. ശിവരാമ സുബ്രഹ്മണ്യ അയ്യർ ആയിരുന്നു. മുൻ പ്രസിഡന്റ് കെ.ആർ നാരായണൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പഠിച്ച കാലത്ത് തന്റെ മെന്റർ ആയി ആത്മകഥയിൽ പറഞ്ഞിരിക്കുന്ന പേരാണ് ഡോ. ശിവരാമ സുബ്രമഹ്ണ്യ അയ്യർ. 1935 ൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ പിഎച്ച്ഡി എടുത്ത ആദ്യത്തെ ഇന്ത്യക്കാരൻ. അദ്ദേഹത്തിന് എന്നോട് പ്രത്യേക താൽപര്യം ഉണ്ടായിരുന്നു. ചില അസൈന്റ്മെന്റ്സിൽ മൈനസ് മാർക്കും മറ്റു ചിലതിൽ ഏറ്റവും ഉയർന്ന മാർക്കും കിട്ടുമായിരുന്ന എന്നെ അദ്ദേഹം പ്രോബ്ലം ചൈൽഡ് എന്നായിരുന്നു വിളിച്ചിരുന്നത്.

 

∙ ദീർഘകാലമായി ഇംഗ്ലിഷ് അധ്യാപകനായിരുന്നില്ലേ. ആ അനുഭവത്തെക്കുറിച്ച്?

 

ഭാഷാ അധ്യാപകർ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് ഉച്ചാരണ ശുദ്ധി. മലയാളമായാലും ഇംഗ്ലിഷ് ആയാലും ഉച്ചാരണ ശുദ്ധിയോടെ, സ്ഫുടതയോടെ പഠിപ്പിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ ഏതു ഭാഷയിലാണോ ആശയവിനിമയം മെച്ചപ്പെടുത്തേണ്ടത് പരമാവധി ആ ഭാഷയിൽത്തന്നെ ആശയവിനിമയം നടത്താൻ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. നൂതന സാങ്കേതിക വിദ്യയുടെ കാലത്ത് ഇംഗ്ലിഷ് ഭാഷ മെച്ചപ്പെടുത്താൻ സഹായകരമായ ഒരുപാട് മാർഗങ്ങളുണ്ട് അതിൽ വിശ്വസനീയമായത് തിരഞ്ഞെടുത്ത് ഭാഷാനിപുണത കൈവരിക്കാം.

അധ്യാപനത്തോടൊപ്പം കുട്ടികളോടുള്ള പെരുമാറ്റത്തിലും അത്യധികം ശ്രദ്ധ വേണം. ഒരിക്കലും വിദ്യാർഥികളെ ഉറക്കെ ശകാരിക്കുകയോ അപമാനിക്കുകയോ ചെയ്യരുത്. വിദ്യാർഥിയുടെ പോരായ്മകൾ മനസ്സിലാക്കിയാൽ വ്യക്തിപരമായി അവരെ പറഞ്ഞു മനസ്സിലാക്കി ആ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ നൽകാം. ഞാൻ ക്ലാസിൽ ബഹളം വയ്ക്കുന്ന അധ്യാപകനല്ല. കുട്ടികളിലെ നന്മ കാണുമ്പോൾ അഭിനന്ദിക്കാൻ മടിയില്ലാത്ത അധ്യാപകനാണ്. കുട്ടികൾക്കും സ്ഥാപനത്തിനും വേണ്ടി എക്സ്ട്രാമൈൽ ഓടാൻ തയാറുള്ള അധ്യാപകനാണ് മാതൃകാ അധ്യാപകൻ.

 

∙ അധ്യാപനം പോലെതന്നെ പുസ്തക രചനയും ഇഷ്ടമല്ലേ അതേക്കുറിച്ച്?

 

എനിക്ക് എഴുതാനേറെയിഷ്ടമാണ്. രണ്ടു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്– ‘ഏറ്റം എളിയവരിൽ ഒരുവൻ, ‘അറ്റ് ദ് ട്വൈലൈറ്റ് ഓഫ് എ ഫ്രൂട്ട്‌ഫുൾ സെഞ്ച്വറി’. രണ്ടു പുസ്തകങ്ങളിലും വിവരിക്കുന്നത് പാലായിലെ ഒരു അസാധാരണ വൈദികനെക്കുറിച്ചാണ്: ഫാദർ അബ്രഹാം കൈപ്പൻപ്ലാക്കൽ. 110 അഗതി സ്ഥാപനങ്ങളിലായി 5000 ൽ ഏറെ  ആളുകളെ സംരക്ഷിച്ചിരുന്നയാളാണ് അദ്ദേഹം. ഗാനഗന്ധർ‌വൻ യേശുദാസ് അഞ്ച് സൗജന്യ ഗാനമേളകളിലൂടെ സാമ്പത്തിക അടിത്തറ പാകിയ സ്നേഹഗിരി, ദൈവദാൻ സ്ഥാപനങ്ങളുടെ സ്ഥാപകനാണ് ഫാദർ. അദ്ദേഹത്തിനു 96 വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് ഞാൻ മലയാളത്തിൽ പുസ്തകമെഴുതിയത്. അദ്ദേഹത്തിന്റെ 99–ാം വയസ്സിലാണ് മഹത്തായ ആ ജീവചരിത്രം ഇംഗ്ലിഷിൽ എഴുതിയത്. 100 വയസ്സ് പിന്നിട്ടതിനു ശേഷം 2014 ൽ ആയിരുന്നു അദ്ദേഹത്തിന്റെ മരണം. പുസ്തകമെഴുതാൻ ഏറെ ഏകാഗ്രത ആവശ്യമാണ്. ഇപ്പോൾ ജോലി സംബന്ധമായും മറ്റും തിരക്കായതിനാൽ പുസ്തകമെഴുതാൻ വേണ്ടത്ര സ്വസ്ഥത കിട്ടുന്നില്ല. പക്ഷേ ലേഖനങ്ങളും പ്രസംഗങ്ങളും എഴുതുന്നുണ്ട്. 2006 മുതൽ മനോരമ ഇയർ ബുക്കിനു വേണ്ടി സ്ഥിരമായി ലേഖനങ്ങൾ എഴുതുന്നു.  അമൽ ജ്യോതിയിൽ വന്നതിൽപ്പിന്നെ അഞ്ഞൂറിലേറെ പ്രസംഗങ്ങൾ മറ്റുള്ളവർക്കായി എഴുതിയിട്ടുണ്ട്. അധ്യാപകർക്കു വേണ്ടിയും വിദ്യാർഥികൾക്കു വേണ്ടിയും ഗോസ്റ്റ് റൈറ്റിങ് ചെയ്യാറുണ്ട്. പ്രോഗ്രാം അവതരണത്തിനുള്ള ആങ്കറിങ് സ്ക്രിപ്റ്റ് തയാറാക്കി നൽകാറുണ്ട്. അധ്യാപനത്തോടൊപ്പം എഴുത്തും മുന്നോട്ടു കൊണ്ടു പോകാനാണിഷ്ടം. ഒരു ആത്മകഥയെഴുതണമെന്നുണ്ട്. 

 

∙ കലാലയ ജീവിതത്തിൽ ഒരാളെ താങ്കൾ മരണത്തിൽനിന്നു രക്ഷിച്ചിട്ടുണ്ടല്ലോ. അത്തരം അനുഭവങ്ങൾ ആത്മകഥയിൽ പ്രതീക്ഷിക്കാമോ?. 

 

തീർച്ചയായും. ഞാൻ എംഎ രണ്ടാം വർഷം പഠിക്കുമ്പോഴായിരുന്നു ആ സംഭവം. അന്ന്  ക്രിസ്തുരാജ് ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ചത്. കോളജ് ഹോസ്റ്റലിനു സമീപമുള്ള മീനച്ചിലാറിൽ വിദ്യാർഥികൾ ഒരു കാരണവശാലും പോകരുതെന്ന് നിയമമുണ്ട്. നിയമങ്ങളുണ്ടാകുമ്പോൾ അതു ലംഘിക്കാനുള്ള ഒരു ത്വരയുണ്ടാകുമല്ലോ. അങ്ങനെ നല്ല മഴയുള്ള ഒരുച്ചതിരിഞ്ഞ് ഹോസ്റ്റൽ വാർഡൻ ഉറങ്ങിയ തക്കം നോക്കി ഞങ്ങൾ ആറ്റിൽ നീന്താൻ പോകാൻ തീരുമാനിച്ചു. ഞാനും റൂംമേറ്റും കൂടി ഹോസ്റ്റലിൽ നിന്നിറങ്ങിയപ്പോൾ മറ്റൊരു സുഹൃത്തും ഒപ്പം വരണമെന്ന് ശഠിച്ചു. പരമാവധി നിരുത്സാഹപ്പെടുത്തിയെങ്കിലും ആൾക്ക് ആറ്റിൽച്ചാടി നല്ല പരിചയമുണ്ടെന്ന് ഉറപ്പു പറഞ്ഞപ്പോൾ ഞങ്ങൾ ഒപ്പം കൂട്ടി. ചാടുന്നിടത്ത് രണ്ടുമൂന്നാൾ താഴ്ചയിൽ വെള്ളമുണ്ട് നീന്തിച്ചെല്ലുന്ന സ്ഥലത്ത് കഴുത്തൊപ്പവും. ഞാനും  റൂംമേറ്റ് ജോർജ് ചെറിയാനും ആദ്യം ആറ്റിൽച്ചാടി. പിന്നെ മൂന്നാമത്തെയാളും ചാടി. നീന്തലറിയാത്ത അയാൾ മുങ്ങിത്താഴാൻ തുടങ്ങി. അയാൾക്ക് നീന്തലറിയില്ലെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് മുങ്ങിത്താഴുന്ന വെപ്രാളം കണ്ടപ്പോൾ ഞങ്ങളെ കബളിപ്പിക്കാനാണെന്നു കരുതി. എന്നാൽ അങ്ങനെയല്ലെന്ന് മനസ്സിലായപ്പോൾ ഞങ്ങൾ രക്ഷിക്കാൻ ശ്രമിച്ചു. ആദ്യം ജോർജ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുങ്ങുന്നയാൾ വെപ്രാളത്തിൽ ജോർജിനെക്കൂടി വെള്ളത്തിലേക്ക് പിടിച്ചു താഴ്ത്തി. ജോർജ് ഒരു കണക്കിന് രക്ഷപ്പെട്ടു കരയ്ക്കു കയറി. ഞാനും രക്ഷിക്കാൻ ശ്രമിച്ചു അയാൾ എന്നെയും പിടിച്ചു താഴ്ത്തി. കൗമാരത്തിന്റെ അപക്വത നാട്ടുകാരുടെ സഹായം തേടുന്നതിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിച്ചു. ഞങ്ങൾ വിളിച്ചു കൂവി നാട്ടുകാരറിഞ്ഞാൽ ഞങ്ങളെ കോളജിൽനിന്ന് പുറത്താക്കിയാലോ എന്ന ഭയമായിരുന്നു കാരണം. ഒരു വിധേന പിടിവിടുവിച്ച ഞാൻ ആറ്റിറമ്പിൽ നിന്ന ഇഞ്ചക്കാട് പൊട്ടിച്ചെടുത്ത് അയാൾ ഒഴുകി വന്ന സ്ഥലത്തേക്ക് നീന്തിച്ചെന്നു. അവസാനത്തെ മുങ്ങിത്താഴലിനു മുൻപ് അയാളെ കഷ്ടിച്ച് രക്ഷപ്പെടുത്തി. ഞാൻ രക്ഷിച്ച ആ സുഹൃത്ത് പീന്നിട് ഒരു മുതിർന്ന മാധ്യമ പ്രവർത്തകനായി. അദ്ദേഹത്തിന്റെ ആത്മകഥയിലും മറ്റു ചില ലേഖനങ്ങളിലും ഈ സംഭവം അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

 

∙ കരിയറിലും ജീവിതത്തിലും വിട്ടുവീഴ്ചയില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കുടുംബത്തിന്റെ പിന്തുണ ആവശ്യമാണ്. കുടുംബത്തെക്കുറിച്ചു കൂടി പറയാമോ?

 

പാലായ്ക്കു സമീപം കൊഴുവനാൽ നരിവേലിൽ ഇറാനിമോസ്– മേരിക്കുട്ടി ദമ്പതികളുടെ ഒൻപതു മക്കളിൽ രണ്ടാമനായിട്ടായിരുന്നു ജനനം. പാലാ അൽഫോൻസ കോളജിലെ കെമിസ്ട്രി പ്രൊഫസറായിരുന്ന ത്രേസ്യാമ്മ ജേക്കബ് മാടപ്പള്ളിമറ്റമാണ് ഭാര്യ. രണ്ട് ആൺമക്കളാണുള്ളത്– ബിപിനും ബോബിയും. ഇരുവരും സകുടുംബം വിദേശത്താണ്.  ത്രേസ്യാമ്മയും ബിപിൻ, ഭാര്യ ഫെബി, ബോബി, ഭാര്യ നമിത ഇരുവരുടെയും രണ്ട് കൊച്ചുമക്കളും ഏറെ സപ്പോർട്ടീവാണ്.

 

 

ജീവിതത്തിൽ പകർത്താനുള്ള നല്ല സന്ദേശങ്ങൾ പറഞ്ഞു തന്നുകൊണ്ടും കുഞ്ഞു കുഞ്ഞു വാക്കുകളിലൂടെ ഇംഗ്ലിഷ് ഭാഷ മെച്ചപ്പെടുത്താനുള്ള ടിപ്സ് നൽകിക്കൊണ്ടും സരസമായി ക്ലാസുകൾ മുന്നോട്ടു കൊണ്ടു പോകുന്ന നരിവേലി സാറിനെപ്പറ്റി പറയുമ്പോൾ നൂറു നാവാണ് അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ കുട്ടികൾക്ക്. ശുഭചിന്തകളിലൂടെ കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്ന നരിവേലി സർ തന്റെ അധ്യാപന ജീവിതത്തെക്കുറിച്ച് പറയുന്നത്  ഡോ. എ.പിജെ അബ്ദുൽ കലാമിന്റെ വാക്കുകൾ കടമെടുത്തുകൊണ്ടാണ്. 

 

‘‘Teaching is a very noble profession that shapes the character, caliber, and future of an individual. if the people remember me as a good teacher that will be the biggest honour for me.’’

 

ഇനിയൊരങ്കത്തിനു കൂടി ബാല്യമുണ്ടെന്ന് തോന്നിപ്പിച്ചുകൊണ്ട് പുതിയ തലമുറയിലെ കുട്ടിക്കൂട്ടത്തോട് കൂട്ടുകൂടി, കഥപറഞ്ഞ് ക്യാംപസിലൂടെ അങ്ങനെ ഉലാത്തുമ്പോൾ അവിടുത്തെ കാറ്റു പോലും അസൂയയോടെ പറയും. 73–ാം വയസ്സിലും നരിവേലി സാർ ഉഷാറാണ്.

 

Content Summary : Dr. Sebastain Narivaly- Retired College Professor shares his lifestory of becoming One of the youngest college lecturer in India