ബി എ എം എസ്

മോഡേൺ മെഡിസിനും പരമ്പരാഗത ആയുർവേദ ചികിത്സാരീതിയും സംയോജിപ്പിച്ചുളള ഒരു മെഡിക്കല്‍ ബിരുദമാണ് ബാച്ചിലർ ഒാഫ് ആയുർവേദിക് മെഡിസിൻ ആന്‍ഡ് സർജറി.

അഞ്ചര വർഷമാണ് കോഴ്സിന്റെ കാലയളവ്. അതിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പും ഉൾപ്പെടുന്നു.

ഈ ബിരുദ കോഴ്സില്‍ മോഡേൺ അനാറ്റമി, ഫിസിയോളജി, പ്രിന്‍സിപ്പിൾസ് ഒാഫ് മെഡിസിൻ, സോഷ്യൽ ആൻഡ് പ്രിവന്റീവ് മെഡിസിൻ, ഫാർമക്കോളജി, ടോക്സിക്കോളജി, ഫോറൻസിക് മെഡിസിൻ, ബോട്ടണി, ഇഎൻടി, പ്രിന്‍സിപ്പിൾസ് ഒാഫ് സർജറി മുതലായവ വിഷയങ്ങളിൽ പെടുന്നു.

ബാച്ചിലർ ഒാഫ് ആയുർവേദിക് മെഡിസിൻ ആൻഡ് സർജറി (ബി എ എം എസ്) കോഴ്സ് വിജയിക്കുന്നവർക്ക് ആയുർവേദാചാര്യ അംഗീകാരം നൽകുന്നു. പേരിനു മുമ്പായി അവർക്ക് വൈദ്യൻ എന്നും ചേർക്കാം.

ബി എ എം എസ് കോഴ്സ് അർഹത

ബാച്ചിലർ ഒാഫ് ആയുർവേദിക് മെഡിസിൻ ആൻഡ് സർജറി പഠിക്കുവാനുളള അടിസ്ഥാന യോഗ്യത ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെയുളള 10+2 അഥവാ തത്തുല്യമാണ്. സംസ്കൃത ഭാഷ പഠിച്ചവർക്ക് മുൻഗണനയുണ്ട്. കൂടിയ മാർക്കും വിവിധ ദേശീയ, സംസ്ഥാന തല പ്രവേശന പരീക്ഷകളിലെ ഉയർന്ന വിജയശതമാനവുമാണ് കോഴ്സിനുളള യോഗ്യത.

വിവിധ പ്രവേശന പരീക്ഷകൾ

സെൻട്രൽ ബോർഡ് ഒാഫ് സെക്കന്ററി എക്സാമിനേഷൻ, ഡൽഹി ദേശീയ തലത്തിൽ നടത്തുന്ന ഒാൾ ഇന്ത്യ പ്രീ മെഡിക്കൽ/ പ്രീ ഡെന്റൽ എന്‍ട്രൻസ് പരീക്ഷ (എഐപിഎംടി).

പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യുട്ട് ഒാഫ് മെഡിക്കൽ എജ്യൂക്കേഷൻ & റിസേർച്ച് (പിജിഐഎംഇആർ) പ്രവേശന പരീക്ഷ.

ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് (എഐഐഎംഎസ്) പ്രവേശന പരീക്ഷ.

10+2 –നും പ്രവേശന പരീക്ഷയ്ക്കും ലഭിക്കുന്ന മൊത്തം മാർക്കിന്റെ ഫൈനൽ മെരിറ്റ് അടിസ്ഥാനത്തിലാണ് ബാച്ചിലർ ഒാഫ് ആയുർവേദിക് മെഡിസിൻ ആൻഡ് സർജറി (ബി എ എം എസ്) കോഴ്സിലേക്കുളള തെരഞ്ഞെടുപ്പ് നടത്തുക.