കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ നിർണയപ്പരീക്ഷ ‘സെറ്റ്’ (സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്) ഈ മാസം 14 ജില്ലാ കേന്ദ്രങ്ങളിലും നടക്കുന്നു. പരീക്ഷത്തീയതി പിന്നീട് അറിയിക്കും. റജിസ്ട്രേഷൻ 15 വരെ. എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ആണു പരീക്ഷ നടത്തുന്നത്. www. http://lbscentre.kerala.gov.in ഫോൺ: 0471 2560311

ആർക്കെല്ലാം എഴുതാം ?
ബന്ധപ്പെട്ട വിഷയത്തിൽ 50 % മാർക്കോടെ പിജിയും ഏതെങ്കിലും വിഷയത്തിലെ ബിഎഡും മതി. മാത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബോട്ടണി, സുവോളജി എന്നിവയ്‌ക്കു റീജനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിലെ എംഎസ്‌സി എഡ് 50 % മാർക്കോടെ ജയിച്ചവർക്കും അപേക്ഷിക്കാം. 50 % മാർക്കോടെ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷിലെ സെക്കൻഡ് ക്ലാസ് എംഎയും ബിഎ‍‍ഡും ഉള്ളവർക്കും അപേക്ഷിക്കാം. ലാറ്റിൻ ഭാഷയ്ക്ക് വിശേഷ ഇളവുണ്ട്.

കൊമേഴ്‌സ്, ഫ്രഞ്ച്, ജിയോളജി, ജർമൻ, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽ വർക്, സോഷ്യോളജി, സ്‌റ്റാറ്റിസ്‌റ്റിക്‌സ്, സിറിയക് എന്നീ വിഷയക്കാർക്കു സെറ്റ് എഴുതാൻ ബിഎഡ് വേണമെന്നില്ല.

കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്‌പോണ്ടൻസ് / ഓപ്പൺ ബിരുദങ്ങൾ പരിഗണിക്കില്ല. പിജി യോഗ്യത നേടിയിട്ട് ഇപ്പോൾ ഫൈനൽ ബിഎഡ് പരീക്ഷയ്‌ക്കു തയാറെടുക്കുന്നവർക്കും, ബിഎഡ്‌ നേടിയിട്ട് ഇപ്പോൾ ഫൈനൽ പിജി പരീക്ഷയ്‌ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. ആർക്കും ഉയർന്ന പ്രായപരിധിയില്ല. പട്ടികവിഭാഗക്കാർക്കു 5 % മാർക്കിളവുണ്ട്. 

മിനിമം മാർക്ക്
ജനറൽ: ഓരോ പേപ്പറിനും 40 %, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 48%.

പിന്നാക്കം: ഓരോ പേപ്പറിനും 35 %, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 45%.

പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾ: 

ഓരോ പേപ്പറിനും 35 %, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 40 %.   

ടെസ്‌റ്റ് ഘടന
രണ്ടു പേപ്പറുണ്ട്. ഒന്നാം പേപ്പർ എല്ലാവരും എഴുതണം. ഇതിൽ പൊതുവിജ്‌ഞാനവും അധ്യാപന അഭിരുചിയും. രണ്ടാം പേപ്പറിലാകട്ടെ പിജി നിലവാരത്തിൽ ബന്ധപ്പെട്ട വിഷയം. 

ഓരോ പേപ്പറിലും 120 മിനിറ്റിൽ 120 ഒബ്‌ജെക്‌ടീവ് ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും നാലു ചോയ്സ്. ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുക്കണം. ഇതിന് ഓരോ മാർക്ക്. മാത്‌സിനും സ്‌റ്റാറ്റിസ്‌റ്റിക്‌സിനും മാത്രം ഒന്നര മാർക്കുള്ള 80 ചോദ്യം വീതം. തെറ്റിനു മാർക്ക് കുറയ്‌ക്കില്ല. പുതിയ സിലബസും മാതൃകാചോദ്യങ്ങളും വെബ്‌സൈറ്റിൽ.