ചില വിപ്ലവങ്ങൾ നിശബ്ദമായിരിക്കും. പക്ഷെ, അത് ഒരുപാട് ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കും. ജീവിതത്തിലെ നല്ലപ്രായം കഴിഞ്ഞതായി കരുതി പിന്നാക്കം വലിഞ്ഞ കുറേപ്പേരെ നല്ല ജീവിതത്തിലേക്കു കൈ പിടിച്ചുയർത്തിയ ഈ പദ്ധതി പോലെ. ഇതിന്റെ പേര്: കമ്മ്യൂണിറ്റി ഡവലപ്മെന്റ് ത്രൂ പോളി ടെക്നിക്ക് (സിഡിടിപി).

പദ്ധതിയെക്കുറിച്ചു വിശദീകരിക്കും മുൻപു കോടന്നൂരിൽ ഒന്നു പോയി വരേണ്ടതുണ്ട്. തൃശൂർ നഗരത്തോടു ചേർന്നു കിടക്കുന്ന ഈ ടൗണിൽ തോട്ടുതൊട്ടു കിടക്കുന്ന ടെയ്‌ലറിങ് യൂണിറ്റുകളും ബ്യൂട്ടി പാർലറുകളും ശ്രദ്ധേയമായ ഒരു ഗ്രാമീണ സാമ്പത്തിക മുന്നേറ്റത്തിന്റെ നേർ സാക്ഷ്യങ്ങളാണ്. സിഡിടിപി വഴി പരിശീലനം നേടിയ വീട്ടമ്മമാർ നേടിയ വിജയമാണ് ഈ ഒറ്റമുറികളിലെ വിപ്ലവം. പല തൊഴിലിടങ്ങളിലായി ചിതറിക്കിടന്നവർ ഒരേ സമയത്താണു ഫാഷൻ ഡിസൈനിങ്ങിൽ പരിശീലനം നേടിയത്. അവർ ഒന്നിച്ചൊരു സ്ഥാപനം തുടങ്ങി. അതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടും പലരും ആ വഴി തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ സ്വയം പര്യാപ്തതയുടെ സുരക്ഷിതത്വത്തിലേക്ക് ആ ഗ്രാമം ഒന്നിച്ചു നടന്നു നീങ്ങി.‌‌

ജോലിചെയ്യുന്നവർ വിരമിക്കാൻ തയാറെടുക്കുന്ന പ്രായത്തിലാണു ഗീത എന്ന വീട്ടമ്മ സിഡിടിപിയിൽ ഒരു കോഴ്സിനു ചേരുന്നത്. കംപ്യൂട്ടറിൽ മുൻവൈദഗ്ധ്യമൊന്നും ഇല്ലാത്ത അവർ തിരഞ്ഞെടുത്തത് ടാലി കോഴ്സായിരന്നു. കോഴ്സ് തീർന്നിറങ്ങും മുൻപു തന്നെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. സമയം കൊല്ലി ജോലികൾ ചെയ്തു മുഷിഞ്ഞിരുന്ന ഒട്ടേറെപ്പേർ ഇപ്പോ തിരക്കു കാരണം സമയം തികയാതിരിക്കുന്നതിനെക്കുറിച്ചാണ് ആവലാതിപ്പെടുന്നത്.

പോളിടെക്നിക്കുകളിലെ ലാബ് അടക്കമുള്ള പരിശീലന സൗകര്യങ്ങളും അധ്യാപകരെയും സമൂഹത്തിനു പൊതുവായി ഉപോയഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 40 വർഷം മുൻപാണു രാജ്യമൊട്ടാകെ ഈ പദ്ധതി തുടങ്ങിയത്. ഔപചാരിക വിദ്യാഭ്യാസ രീതികൾക്കു പുറത്തേക്ക് അകറ്റനിർത്തപ്പെട്ടവരായിരുന്നു ലക്ഷ്യം. പേരും ചുമതലക്കാരുമൊക്കെ പലപ്പോഴായി മാറിയെങ്കിലും ലക്ഷ്യം തെറ്റിയില്ല. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ വകുപ്പാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നത്.  ഗ്രാമീണ മേഖലകളിൽ നൈപുണ്യ വികസനത്തിലുടെ സ്വയം തൊഴിലിനു പര്യാപ്തരാക്കുക എന്നതോടൊപ്പം ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾ സാധരണക്കാരെ പരിചയപ്പെടുത്തുക എന്നതു കൂടി പദ്ധതിയുടെ ലക്ഷ്യമാണ്.

കേരളത്തിൽ 31 പോളികളിൽ ഈ കോഴ്സുകൾ നടത്തുന്നുണ്ട്. ഇതിൽ പത്തെണ്ണം തൃശൂരാണ്. ഒരു കോളജിൽ നിന്നു 800 ലധികം പേർ വർഷംതോറും  കോഴ്സുകൾ കഴിഞ്ഞു പുറത്തിറങ്ങുന്നു.  ഇവരിൽ ആരും തന്നെ വെറുതെയിരിക്കുന്നില്ല എന്നതാണ് പരിശീലനത്തിന്റെ പ്രത്യേകത. നഗരത്തിൽ നെടുപുഴ വനിതാ പോളിടെക്നിക് കേന്ദ്രീകരിച്ചാണ് പരിശീലനം. പുഴയ്ക്കൽ, കോടന്നൂർ, പൂങ്കുന്നം, വെളുത്തൂർ, കിരാലൂർ, വിലങ്ങന്നൂർ, വല്ലച്ചിറ, കല്ലൂർ, കാരുമാത്ര, വടക്കുംകര, കൊടുങ്ങല്ലൂർ, വെള്ളാങ്ങല്ലൂർ, അരിമ്പൂർ, കൂർക്കഞ്ചേരി, തൃശൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, പട്ടിക്കാട് എന്നിവയാണ് നെടുപുഴ പോളിക്കു കീഴിലുള്ള എക്സ്റ്റൻഷൻ സെൻററുകൾ.

പ്രധാന കോഴ്സുകൾ
ഫാഷൻ ഡിസൈനിങ്, സെക്രട്ടേറിയൽ പ്രാക്ടീസ്, ബ്യൂട്ടീഷ്യൻ, പാവ നിർമാണം, ജ്വല്ലറി മേക്കിങ്, സാരി ഡിസൈനിങ്, എംഎസ് ഓഫിസ്, ഡി‍ടിപി, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഗ്യാസ് സ്റ്റൗ അറ്റകുറ്റ പരിശീലനം,ഓട്ടോറിക്ഷാ ഡ്രൈവിങ്, തെങ്ങുകയറ്റം, ശാസ്ത്രീയ മാലിന്യ  സംസ്കരണം, ബയോഗാസ് പ്ളാന്റ്, നൂതന കൃഷിരീതികൾ.... ഇതിനൊക്കെ പുറമെ,തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും പഠിതാക്കളുടെയും ആവശ്യപ്രകാരം കൂടുൽ കോഴ്സുകൾ ഏർപ്പെടുത്താനും  സംവിധാനമുണ്ട്.

ബോധവൽക്കരണം
പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതും പദ്ധതികളുടെ ഭാഗമാണ്. സോപ് നിർമാണം, വെർമി കംപോസ്റ്റിങ്, ഗ്രീൻ ഹൗസ് ഫാമിങ്, മണ്ണു പരിശോധന, ഊർജ സംരക്ഷണം, സ്പ്രിംഗ്ളർ ഇറിഗേഷൻ മണ്ണു പരിശോധന എന്നിവയിലും ബോധവൽക്കരണവും പരിശീലനവും നൽകുന്നു.

കോഴ്സിനു ചേരേണ്ടത് എങ്ങിനെ
ജനവുരി – എപ്രിൽ മാസങ്ങളിലാണ് കോഴ്സുകൾ ആരംഭിക്കുന്നത്. മാധ്യമങ്ങൾ വഴി തീയതികളും നടത്തുന്ന കോഴ്സും  സംബന്ധിച്ചു മാധ്യമങ്ങൾ വഴി അറിയിപ്പു നൽകും. മൂന്നു മുതൽ ആറുമാസം വരെ നീളുന്ന കോഴ്സുകളിൽ പരിശീലനം തീർത്തും സൗജന്യമാണ്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവയൊന്നും പ്രവേശനത്തിന് തടസ്സമല്ല. പുരുഷൻമാർക്കും പ്രവേശനമുണ്ട്.

നെടുപുഴ പോളിടെക്നിക്ക് പ്രിൻസിപ്പൽ എം.എസ്. ചന്ദ്രകാന്ത, സ്റ്റേറ്റ് നോഡൽ ഓഫിസർ എൻ. രാമചന്ദ്രൻ, ഇന്റേണൽ കോ– ഓഡിനേറ്റർ എസ്.സുനിൽ കുമാർ  എന്നിവരാണ് തൃശൂരിൽ പദ്ധതിക്കു നേതൃത്വം നൽകുന്നത്. ഫോൺ: 0487 244 9182, 9447346470