സ്റ്റേബാക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയന്ത്രണം വന്ന ശേഷവും ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പഠിക്കാൻ പോകുന്ന നാലാമത്തെ വിദേശരാജ്യമാണു ബ്രിട്ടന്‍. അവിടെ ബ്രെക്സിറ്റിനു ശേഷമെങ്ങനെ എന്നാണ‌് എല്ലാവരും ഉറ്റുനോക്കുന്നത്. 

യൂറോപ്യൻ യൂണിയനിൽ (ഇയു) നിന്നുള്ള വിദ്യാർഥികൾക്ക് ഇതുവരെ ബ്രിട്ടൻ പ്രത്യേക പരിഗണന നൽകിയിരുന്നു. എന്നാൽ ഇപ്പോഴത്തെ തർക്കങ്ങൾ മൂലം കരാറില്ലാതെയാണു ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടേണ്ടി വരുന്നതെങ്കിൽ (ഹാർഡ് ബ്രെക്സിറ്റ്) സ്ഥിതി മാറും. 

അങ്ങനെയെങ്കിൽ ഗുണം ലഭിക്കുക ഏഷ്യൻ വിദ്യാർഥികൾക്കായിരിക്കും; പ്രത്യേകിച്ചും ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ളവർക്ക്. ഇവരെ ആകർഷിക്കാൻ മാസ്റ്റേഴ്സ് കഴിഞ്ഞ് ആറുമാസവും പിഎച്ച്ഡിക്കു ശേഷം ഒരു വർഷവും വരെ സ്റ്റേബാക്ക് അനുവദിച്ചേക്കാം. തൊഴിൽവിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. പ്രവേശനം തേടുന്ന ഇയു ഇതര വിദ്യാർഥികളുടെ എണ്ണത്തിൽ ഇപ്പോൾ 9 % വർധനയുണ്ടെന്നു ഫോബ്സ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ബ്രെക്സിറ്റിനു ശേഷം ബ്രിട്ടിഷ് സാമ്പത്തികരംഗം എങ്ങനെ മാറുമെന്നു പ്രവചിക്കാൻ വയ്യ. പൗണ്ട് ഇടിയുമെന്നാണു വിലയിരുത്തൽ. വ്യാവസായമേഖലയെ ഇതെങ്ങനെ ബാധിക്കുമെന്നു കാത്തിരുന്നുകാണണം. ഹാർഡ് ബ്രെക്സിറ്റ് സംഭവിച്ചാൽ, ബ്രിട്ടനിലെ ഒട്ടേറെ യൂറോപ്യൻ ഗവേഷകരും അധ്യാപ‌കരും മടങ്ങിപ്പോകാൻ നിർബന്ധിതരായേക്കും. എങ്കിൽ അക്കാദമിക് നിലവാരം ഇടിയുകയാകും ഫലം. 

അതേസമയം, 2021ൽ നടപ്പാകുന്ന സ്കിൽ ബേസ്ഡ് ഇമിഗ്രേഷൻ സിസ്റ്റം പ്രതീക്ഷ പകരുന്നു. പ്രഫഷനലുകളുടെ കഴിവാകും കുടിയേറ്റത്തിനുള്ള മാനദണ്ഡം. എണ്ണത്തിലുള്ള നിയന്ത്രണം എടുത്തുകളയാനും സാധ്യതയുണ്ട്. ഐടി പ്രഫഷനലുകൾക്കും ഡോക്ടർമാർക്കുമാകും ഇളവുകൾ ഗുണം ചെയ്യുക.