മെഡിക്കൽ, എൻജിനീയറിങ്, അഗ്രിക്കൾച്ചറൽ ബിരുദ തല എൻട്രൻസ് പരീക്ഷകൾ അടുത്തു. നീറ്റ് മേയ് അഞ്ചിന്. കേരള എൻജിനീയറിങ് എൻട്രൻസ് ഏപ്രിൽ നാലാം വാരത്തിലാണു പതിവ്‍. ബോർഡ് പരീക്ഷയുടെയും എൻട്രൻസിന്റെയും സിലബസ് ഏതാണ്ട് ഒന്നുതന്നെയെന്നു പറഞ്ഞാലും ചോദ്യോത്തര ശൈലികൾ തികച്ചും വ്യത്യസ്‌തം. ഇരു പരിശീലനങ്ങളും പരസ്പരപൂരകമാക്കാം. 

എത്രനേരം പഠിക്കുന്നുവെന്നതിനേക്കാൾ പ്രധാനമാണ് എത്ര കാര്യക്ഷമമായി പഠിക്കുന്നുവെന്നത്. ഏറ്റവും അറിവുള്ള കുട്ടിക്ക് ഏതു പരീക്ഷയിലായാലും ഏറ്റവും കൂടുതൽ മാർക്ക് കിട്ടിക്കൊള്ളണമെന്നില്ല. പക്ഷേ, എൻട്രൻസ് പരീക്ഷയിൽ ഇക്കാര്യത്തിനു പ്രസക്‌തിയേറും. 

എൻട്രൻസ് പരീക്ഷയിൽ 50% അറിവിന്, ശേഷിച്ച 50% വേഗം, തന്ത്രം, ആത്മവിശ്വാസം എന്നിവയ്ക്ക് എന്നു പൊതുവേ പറയാം. വിശേഷ പരിശീലനവും എൻട്രൻസ് പരീക്ഷാ ഡ്രില്ലും കഴിഞ്ഞെത്തുന്നവർ മിക്കപ്പോഴും ഉയർന്ന റാങ്ക് കൈവരിക്കാറുള്ളതിന്റെ രഹസ്യവും ഇതു തന്നെ. 

എൻട്രൻസ് പരീക്ഷകളിലെ സവിശേഷതകൾ 

∙ഒബ്‌ജക്ടീവ് ശൈലിയിലെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രം. 

∙എല്ലാം നിർബന്ധ ചോദ്യങ്ങൾ; ചോയ്സ് ഇല്ല. 

∙ചോദ്യങ്ങൾക്കെല്ലാം തുല്യ മാർക്ക്. 

∙സമയക്കുറവിന്റെ പിരിമുറുക്കത്തിലിരുന്ന് യുക്‌തിപൂർവം ചിന്തിക്കേണ്ടിവരും. ഇതു ടൈം ടെസ്‌റ്റുമാണ്. 

∙തെറ്റുകൾക്കിടയിലെ ശരിയെ തിരിച്ചറിയാൻ വിവേചനബുദ്ധി പ്രയോഗിക്കണം. 

∙എല്ലാം നേർചോദ്യങ്ങളായിരിക്കില്ല. തത്വങ്ങളുടെ പ്രയോഗത്തിലൂന്നിയ ചോദ്യങ്ങൾ വരാം. 

∙പല വിഷയ ഭാഗങ്ങളിലെയും ആശയങ്ങൾ ബുദ്ധിപൂർവം സമന്വയിപ്പിച്ചാൽ മാത്രം ഉത്തരം നൽകാവുന്ന ചോദ്യങ്ങളും വരാം.