ലോകത്ത് ശതകോടീശ്വരന്മായി ഉയര്‍ന്നു വരുന്നവര്‍ക്കെല്ലാം പൊതുവായി ഒരു ശീലമുണ്ട്. നിരന്തരം സ്വയം പുതുക്കിക്കൊണ്ടിരിക്കുന്നവരാണ് അവര്‍ എല്ലാവരും. പുതിയ കാര്യങ്ങള്‍ പഠിച്ചു ബുദ്ധിക്കു മൂര്‍ച്ച കൊണ്ടിരിക്കുന്നതാണ് ഈ ബില്യണയര്‍മാരുടെ ശീലം. 

ബുദ്ധി ഉണര്‍ത്താന്‍ ശതകോടീശ്വരന്മാര്‍ ചെയ്യുന്ന ചില വ്യായാമങ്ങളുണ്ട്. ഇതാ അവയില്‍ ചിലത്. 

1. മെഡിറ്റേഷന്‍
മനസ്സിനെ ഏകാഗ്രമാക്കി വച്ച് മെഡിറ്റേറ്റ് ചെയ്യുന്ന ശീലം ജീവിത വിജയം കൈവരിച്ച പലരും പിന്തുടര്‍ന്ന് പോരുന്നതാണ്. ഗൂഗിളും ആപ്പിളും പോലുള്ള ചില കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്കായി മെഡിറ്റേഷന്‍ പരിശീലനവും വര്‍ക്ക്‌ഷോപ്പുകളും തന്നെ സംഘടിപ്പിക്കാറുണ്ട്. 

2. വിഡിയോ കാര്‍ഡ് ഗെയിംസ്
പ്രശ്‌ന പരിഹായ ശേഷിയെ വളര്‍ത്തുന്ന ഗെയിമുകള്‍ തലച്ചോറിനെ ഉദ്ദീപിപ്പിക്കും. നിക്ഷേപ രംഗത്തെ പ്രമുഖരില്‍ പലരുടെയും ഇഷ്ട വിനോദമാണ് കാര്‍ഡ് ഗെയിമായ ബ്രിജ്. വാരന്‍ ബഫറ്റ് ആഴ്ചയില്‍ എട്ടു മണിക്കൂറോളം ബ്രിജ് കളിയില്‍ ഏര്‍പ്പെടാറുണ്ട്. ഓഫീസ് മീറ്റിങ്ങുകളെ ബ്രെയിന്‍ ഗെയിമുകളുമായി കൂട്ടിയിണക്കി കൂടുതല്‍ ഉത്പാദനപരമാക്കുന്നവരുമുണ്ട്. 

വിഡിയോ ഗെയിംസാണ് പണക്കാരുടെ മറ്റൊരു ഇഷ്ട ശീലം. ടെസ്ല സിഇഒ എലോണ്‍ മസ്‌കിനെയും ഗൂഗിള്‍ സഹസ്ഥാപകന്‍ ലാരി പേജിനെയും പോലുള്ളവര്‍ ഒരുമിച്ച് വീഡിയോ ഗെയിമുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഏകാഗ്രത, ശ്രദ്ധ, കോ-ഓര്‍ഡിനേഷന്‍ ശേഷി എന്നിവയെ വളര്‍ത്താനും വീഡിയോ ഗെയിമുകള്‍ സഹായിക്കുന്നു. 

3. വായന
ലോകത്തെ ഏറ്റവും പണക്കാരായ വ്യക്തികളെ 26 വര്‍ഷത്തോളം പഠന വിധേയമാക്കിയ വ്യക്തിയാണ് സ്റ്റീവ് സീബോള്‍ഡ്. പഠനത്തില്‍ സ്റ്റീവ് കണ്ടെത്തിയത് ഇവര്‍ക്കെല്ലാവര്‍ക്കും പൊതുവായി ഒരു ശീലമുണ്ടായിരുന്നത് വായന മാത്രമായിരുന്നു എന്നാണ്. ബില്‍ ഗേറ്റ്‌സും ഓപ്‌റ വിന്‍ഫ്രിയും ഷെറില്‍ സാന്‍ഡ് ബേര്‍ഗുമെല്ലാം വെറുതെ വായിക്കുന്നവര്‍ മാത്രമല്ല, തങ്ങള്‍ക്കിഷ്ടപ്പെട്ട പുസ്തക കളക്ഷനുകള്‍ മറ്റുള്ളവര്‍ക്കായി പ്രസിദ്ധപ്പെടുത്തുകയും ചെയ്യാറുണ്ട്.