ജോലി സമയം ആഴ്ചയില്‍ നാലു ദിവസമാക്കി കുറച്ചാല്‍ അധികമായി കിട്ടുന്ന സമയം കൊണ്ടു നിങ്ങള്‍ എന്തു ചെയ്യും ? അടുത്തിടെ നടന്ന ഒരു സര്‍വേ സൂചിപ്പിക്കുന്നത് ഇന്ത്യാക്കാരില്‍ ഭൂരിഭാഗവും ഈ സമയം പുതിയൊരു നൈപുണ്യശേഷി കൈവരിക്കാന്‍ ഉപയോഗിക്കുമെന്നാണ്. ക്രോണോസ് ഇന്‍കോര്‍പ്പറേറ്റഡ് നടത്തിയ ഫ്യൂച്ചര്‍ ഓഫ് വര്‍ക്ക്‌പ്ലേസ് സര്‍വേയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ നിരത്തുന്നത്. സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം ഇന്ത്യന്‍ പ്രഫഷണലുകളും പുതിയൊരു നൈപുണ്യം നേടുന്നതാണു തങ്ങളുടെ മുന്‍ഗണനയെന്നു വ്യക്തമാക്കി. 

അതേ സമയം ഫ്രാന്‍സിലെയും ജര്‍മനിയിലെയും അമേരിക്കയിലെയും യുകെയിലെയും ജീവനക്കാര്‍ തങ്ങള്‍ ഈ അധിക സമയം ഉറങ്ങി തീര്‍ക്കുമെന്നാണു സര്‍വേയില്‍ അഭിപ്രായപ്പെട്ടത്. ആഗോള തലത്തിലെ ശരാശരി കണക്കെടുത്താല്‍ ഭൂരിപക്ഷം ജീവനക്കാരും(44 ശതമാനം) കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടാനാണ് അധിക സമയം വിനിയോഗിക്കുകയെന്നു വ്യക്തമാക്കുന്നു. 43 ശതമാനം പേര്‍ യാത്രകള്‍ക്കായി അധിക സമയം ഉപയോഗിക്കുമെന്നും 33 ശതമാനം വ്യായാമത്തിനായി ഇതു നീക്കി വയ്ക്കുമെന്നും 30 ശതമാനം പേര്‍ സുഹൃത്തുക്കള്‍ക്കായി ഇതു ഉപയോഗിക്കുമെന്നും പറയുന്നു.

ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, മെക്‌സിക്കോ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലെ 3000 ജീവനക്കാരെ പങ്കെടുപ്പിച്ചു കൊണ്ടാണു ക്രോണോസ് സര്‍വേ നടത്തിയത്. ഇന്ത്യയിലെ ജീവനക്കാര്‍ കൂടുതല്‍ കഠിനാധ്വാനികളാണെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ആഴ്ചയില്‍ നാലു ദിവസം വേണോ അഞ്ചു ദിവസം വേണോ എന്നൊരു തിരഞ്ഞെടുപ്പിന് അവസരം ലഭിച്ചാല്‍ അഞ്ചു ദിവസം തന്നെ ജോലിക്കായി വേണമെന്ന് ആഗ്രഹിക്കുന്നതായി ഇന്ത്യയിലെ 69 ശതമാനം ജീവനക്കാരും അഭിപ്രായപ്പെടുന്നു. 

ഇന്ത്യ കഴിഞ്ഞാല്‍ പിന്നെ മെക്‌സിക്കോയാണു ജോലിയോടുള്ള ആസക്തിയില്‍ മുന്നില്‍. ഇവിടുത്തെ 43 ശതമാനം ജീവനക്കാരും ആഴ്ചയില്‍ അഞ്ചു ദിവസം തന്നെ വേണമെന്ന അഭിപ്രായക്കാരാണ്. അമേരിക്കയില്‍ ഇത് 27 ശതമാനവും യുകെയില്‍ 16 ശതമാനവും ഫ്രാന്‍സില്‍ 17 ശതമാനവും ഓസ്‌ട്രേലിയയില്‍ 19 ശതമാനവുമാണ്.