കേന്ദ്ര സർക്കാരിന്റെ സാമ്പത്തികനയ രൂപീകരണത്തിലും പദ്ധതി ആസൂത്രണത്തിലും നിർണായക പങ്കുള്ള ജോലികളിൽ താൽപര്യമുണ്ടോ ? ഇന്ത്യൻ ഇക്കണോമിക് സർവീസിലേക്കും (ഐഇഎസ്) ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസിലേക്കും (ഐഎസ്എസ്) ഇപ്പോൾ അപേക്ഷിക്കാം. 

ഐഇഎസിൽ 32, ഐഎസ്എസിൽ 33 വീതം ഒഴിവുകളിലേക്കാണു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. 

വെബ്സൈറ്റ്: : www.upsconline.nic.in

അവസാന തീയതി: ഏപ്രിൽ 16

ഓൺലൈൻ അപേക്ഷ പിൻവലിക്കാനും ഇത്തവണ അവസരമുണ്ട്. ഏപ്രിൽ 23 മുതൽ 30 വരെ അപേക്ഷ പിൻവലിക്കാം.  

യോഗ്യത
ഇക്കണോമിക് സർവീസ്: ഇക്കണോമിക്‌സ്, അപ്ലൈഡ് ഇക്കണോമിക്‌സ്, ബിസിനസ് ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ് എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദം. ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസ്: സ്‌റ്റാറ്റിസ്‌റ്റിക്‌സ്, മാത്തമാറ്റിക്കൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്, അപ്ലൈഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് എന്നിവയിലേതെങ്കിലും ഒന്ന് ഒരു വിഷയമായി പഠിച്ചുള്ള ബിരുദം അല്ലെങ്കിൽ ഇവയിലേതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം. 

പ്രായം: 21–30 വയസ്, 2019 ഓഗസ്‌റ്റ് ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. (1989 ഓഗസ്‌റ്റ് രണ്ടിനു മുൻപും 1998 ഓഗസ്‌റ്റ് ഒന്നിനു ശേഷവും ജനിച്ചവരായിരിക്കരുത്). പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. 

എഴുത്തുപരീക്ഷ: രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ജൂൺ 28 മുതൽ എഴുത്തു പരീക്ഷ നടത്തും. കേരളത്തിൽ തിരുവനന്തപുരമാണു പരീക്ഷാ കേന്ദ്രം. ചെന്നൈയും ബെംഗളൂരുവുമാണു കേരളത്തിനു തൊട്ടടുത്ത കേന്ദ്രങ്ങൾ. വിശദവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ഒന്നാമത്തെ ഘട്ടം എഴുത്തുപരീക്ഷയാണ്. വിവിധ വിഷയങ്ങളിലായി 1000 മാർക്കിന്റെ എഴുത്തുപരീക്ഷയായിരിക്കും. രണ്ടാംഘട്ടം ഇന്റർവ്യൂവാണ്. 200 ആണ് പരമാവധി മാർക്ക്. പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ താഴെ പട്ടികയിൽ. വിശദമായ പരീക്ഷാ സിലബസ് വെബ്സൈറ്റിൽ ലഭിക്കും.  

അപേക്ഷാഫീസ്: 200 രൂപ. എസ്‌ബിഐ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചും വിസാ/ മാസ്‌റ്റർ/റുപേ/ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് മുഖേനയും  ഫീസടയ്‌ക്കാവുന്നതാണ്.  ഏതെങ്കിലും എസ്‌ബിഐ ശാഖയിൽ നേരിട്ടും ഫീസ് അടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികജാതി/ വർഗക്കാർക്കും വികലാംഗർക്കും ഫീസില്ല. നേരിട്ട് പണമടയ്ക്കുന്നവർ  ഏപ്രിൽ15 നകം തന്നെ ഫീസ് അടയ്ക്കണം. 

അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.   

വിശദവിവരങ്ങൾക്ക്: www.upsc.gov.in