വില്യം ഷേക്സ്പിയറിന്റെ ‘ദ് ടെംപെസ്റ്റി’ലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണു മിറാൻഡ. പെൺകുട്ടികൾ മിറാൻഡയെപ്പോലെയാകണമെന്നായിരുന്നു 1938– ’50 കാലത്തു ഡൽഹി സർവകലാശാല വൈസ് ചാൻസലറായിരുന്ന സർ മോറിസ് ലിൻഫഡ് ഗ്വയറിന്റെ സ്വപ്നം. 1948ൽ സർവകലാശാലയ്ക്കു കീഴിൽ പുതിയൊരു ശാസ്ത്ര ഉപരിപഠന കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ പേരിടാൻ അദ്ദേഹത്തിനു മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. എങ്കിലും, പെൺകുട്ടികൾക്കു മാത്രമായുള്ള കോളജിനു മിറാൻഡ ഹൗസ് എന്നു പേരിടാൻ ‘ടെംപെസ്റ്റ്’ മാത്രമല്ല കാരണം; അതു പിന്നെ പറയാം. 

മിറാൻഡ ഹൗസ് ഇന്നു രാജ്യത്തെ ഏറ്റവും മികച്ച കോളജായി ഹാട്രിക് തികച്ചിരിക്കുകയാണ് – കേന്ദ്ര മാനവശേഷി മന്ത്രാലയം പുറത്തിറക്കിയ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) കോളജുകളുടെ വിഭാഗത്തിൽ തുടർച്ചയായി 3–ാം വർഷവും രാജ്യത്തെ ഒന്നാം സ്ഥാനം. 

കട്ട് ഓഫ് കടുപ്പം
പഠന–പാഠ്യേതര മേഖലകളിലെ മികവു തന്നെയാണു മിറാൻഡ ഹൗസിന്റെ മികവെന്നു വിദ്യാർഥികൾ പറയുന്നു. സയൻസ് വിഷയങ്ങളിൽ ഏറ്റവും മികച്ച ലാബുകൾ, മികച്ച പഠനാന്തരീക്ഷം, പ്രഗത്ഭരായ അധ്യാപകർ. ഇംഗ്ലിഷ്, ഇക്കണോമിക്സ്, ജോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, സോഷ്യോളജി, ബോട്ടണി, കെമിസ്ട്രി, മാത്‌സ്, ഫിസിക്സ്, സുവോളജി എന്നീ വിഷയങ്ങളിൽ ഓണേഴ്സ്; ലൈഫ് സയൻസ്, ഫിസിക്കൽ സയൻസ് ബിഎസ്‌സി പ്രോഗ്രാമുകൾ വേറെയും. വിവിധ വിഷയങ്ങളിൽ പിജി കോഴ്സുകളും വാഗ്ദാനം ചെയ്യുന്നു. 

കട്ട് ഓഫ് മാർക്ക് ഡൽഹി യൂണിവേഴ്സിറ്റിയിൽ തന്നെ ഏറ്റവും ഉയർന്നത്. കഴിഞ്ഞ വർഷം ഇക്കണോമിക്സിനു ജനറൽ വിഭാഗത്തിൽ 97.75 % ആയിരുന്നു കട്ട് ഓഫ്. ഇംഗ്ലിഷിനു 97.5, ഹിസ്റ്ററിക്കു 96.5, പൊളിറ്റിക്കൽ സയൻസിനു 97, സോഷ്യോളജിക്കു 96.25, കെമിസ്ട്രിക്കും ഫിസിക്സിനും 96.67, സുവോളജിക്കു 97.67. 

പഠനം മാത്രമല്ല
പഠനത്തിൽ മുങ്ങിയ സ്ഥാപനമല്ല മിറാൻഡ എന്നതിനു വിദ്യാർഥികൾ സാക്ഷ്യം. ഡൽഹിയിലെ ഏറ്റവും ആരവമുള്ള ഫെസ്റ്റുകളിലൊന്നാണ് ഇവിടുത്തെ ‘ടെംപെസ്റ്റ്’. ക്വിസ്, ഡിബേറ്റ്, ഇന്ത്യൻ ക്ലാസിക്കൻ ഡാൻസ്, വെസ്റ്റേൺ മ്യൂസിക്, വെസ്റ്റേൺ ഡാൻസ് തുടങ്ങി സൊസൈറ്റികളും സജീവം. 

പൂർണമായും സർക്കാർ നിയന്ത്രണത്തിലായതിനാൽ മറ്റു ഡിയു കോളജുകളേക്കാൾ ഫീസും കുറവ്. പക്ഷേ, മലയാളി വിദ്യാർഥികളുടെ ഏണ്ണം തീരെ കുറവ്. അൻപതോളം മലയാളി വിദ്യാർഥികളാണു നിലവിൽ ഇവിടെ പഠിക്കുന്നത്.

ഇനി പേര‌ിന്റെ കൗതുകത്തിലേക്കു മടങ്ങി വരാം
സർ മോറിസ് ലിൻഫോഡ് ഗ്വയറിന്റെ മകളുടെ പേര് മി‌റാൻഡ എന്നായിരുന്നു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട നടിയാകട്ടെ കാർമൻ മിറാൻഡയും!

ഡിയുവിൽ (ഡൽഹി യൂണിവേഴ്സ്റ്റി) അപേക്ഷിക്കാൻ തീരുമാനിക്കുമ്പോൾ മറ്റു പല കോളജുകളുമായിരുന്നു മനസിൽ. പിന്നീടാണു മിറാൻഡ ഹൗസിനെക്കുറിച്ച് അറിയുന്നത്. പഠിക്കാനെത്തുന്ന ഓരോ പെൺകുട്ടിയെയും ‘ഇൻഡിപെൻഡന്റ്’ ആക്കി മാറ്റുന്ന കോളജ് ആണിത്. 

ബി. പ്രിയംവദ 

ബിഎസ്‌സി ഫിസിക്സ് ഓണേഴ്സ് ഒന്നാം വർഷം, 

തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി