കഴിഞ്ഞയാഴ്ച ‘കരിയർ ഗുരു’വിൽ ‘അച്ഛനമ്മമാരുടെ ശ്രദ്ധയ്ക്ക്’ എന്ന ലേഖനം വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്. സിബിഎസ്ഇ പ്ലസ്ടു കൊമേഴ്സിലും ഹ്യുമാനിറ്റീസിലും ഉന്നത വിജയം നേടിയവ മാളവികയുടെയും വർഷയുടെയും വിജയകഥ എല്ലാ അച്ഛനമ്മമാരുടെയും കണ്ണ് തുറപ്പിക്കുന്നതാണ്. 

ഇതുമായി ബന്ധപ്പെട്ട ഒരനുഭവം എനിക്കും പങ്കുവയ്ക്കാനുണ്ട്. തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിൽ മകൾ അന്നുവിനു പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എവൺ ലഭിച്ചിരുന്നു. സ്കൂളിലെ ഒന്നാം സ്ഥാനക്കാരിയുമായി. അധ്യാപകരും ബന്ധുക്കളുമൊക്കെ ഹയർ സെക്കൻഡറിക്കു സയൻസ് സ്ട്രീം എടുക്കാനാണു നിർബന്ധിച്ചത്. എംബിബിഎസിനു പഠിക്കുന്ന സഹോദരനെ മാതൃകയാക്കാൻ പലരും പറഞ്ഞു. 

മകൾക്കാകട്ടെ ഹ്യുമാനിറ്റീസിനോടായിരുന്നു താൽപര്യം. സ്കൂളിൽ ഹ്യുമാനിറ്റീസ് ഇല്ല താനും. മകളും ചില സുഹൃത്തുക്കളും സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടു. അങ്ങനെ സ്കൂളിൽ പുതിയ ബാച്ച് തുടങ്ങി. 12 ാം ക്ലാസ് ഫലം വന്നപ്പോൾ മകൾക്കാണു കേരളത്തിലെ രണ്ടാം റാങ്ക്. 

ഞങ്ങളുടെ താൽപര്യങ്ങൾക്കു വേണ്ടി അവളിൽ സമ്മർദം ചെലുത്താതിരുന്നതിൽ ഇപ്പോൾ അഭിമാനം തോന്നുന്നു. ഇനി എൽഎൽബിക്കു ചേരണമെന്നും മനുഷ്യാവകാശത്തിൽ സ്പെഷലൈസ് ചെയ്യണമെന്നുമാണു മകളുടെ ആഗ്രഹം. ആ ആഗ്രഹത്തിനൊപ്പം നിൽക്കാനാണ് എന്റെയും അവളുടെ അമ്മ ബിന്ദുജയുടെയും തീരുമാനം.

ജോൺസൺ പൂവത്തുക്കാരൻ,
തൃശൂർ