പത്താം ക്ലാസ് ജയിച്ചവർക്കു 12 മാസത്തെ പരിശീലനം വഴി ഹോട്ടൽ വ്യവസായ രംഗത്തേക്കു കടക്കാവുന്ന ഫുഡ്‌ക്രാഫ്‌റ്റ് കോഴ്‌സുകളിലേക്കു 31 വരെ അപേക്ഷിക്കാം. കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ നിയന്ത്രണവും സഹായവുമുള്ള ഫുഡ്‌ക്രാഫ്‌റ്റ് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ 13 കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. 

ഹോട്ടൽ മാനേജ്‌മെന്റ് രംഗത്തെ ഏതെങ്കിലുമൊരു മേഖല തിരഞ്ഞെടുത്തു പഠിക്കാം. 9 മാസം ക്ലാസ്‌റൂം പഠനവും 3 മാസം പരിശീലനവുമാണ്. പത്താം ക്ലാസ് പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണു സിലക്‌ഷൻ. പരീക്ഷ ജയിക്കാൻ മൂന്നിലേറെ ചാൻസ് എടുത്തവർ അപേക്ഷിക്കേണ്ടതില്ല. രണ്ടും മൂന്നും ചാൻസിൽ മാത്രം ജയിച്ചവർക്ക് റാങ്കിങ്ങിനു യഥാക്രമം 5, 10 മാർക്ക് കുറയ്‌ക്കും.

ഫീസ് പ്രവേശനവേളയിലും നവംബറിലുമായി രണ്ടു ഗഡുക്കളായി അടയ്‌ക്കാം. തുടക്കത്തിൽ 400 രൂപ വേറെയും അടയ്‌ക്കണം.അപേക്ഷാഫോമും പ്രോസ്പെക്‌ടസും ഏതു കേന്ദ്രത്തിൽ നിന്നും 50 രൂപയ്‌ക്കു നേരിട്ടുവാങ്ങാം. (പട്ടികവിഭാഗക്കാർ 25 രൂപ). ഇവ രണ്ടും www.fcikerala.org എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്‌ത്, ഫോം പൂരിപ്പിച്ച്, 50 / 25 രൂപയ്‌ക്കുള്ള ഡ്രാഫ്‌റ്റും നിർദിഷ്‌ട രേഖകളും സഹിതം താൽപര്യമുള്ള സ്ഥാപനത്തിൽ സമർപ്പിക്കാം. Principal, Food Craft Institute എന്ന പേരിൽ അതതു സ്‌ഥലത്തെ എസ്ബിഐ ശാഖയിൽ മാറാവുന്ന വിധം വേണം ഡ്രാഫ്‌റ്റ്. ഓരോ കേന്ദ്രത്തിലേക്കും വെവ്വേറെ അപേക്ഷ എന്ന രീതിയാണ്. 

താൽപര്യമുള്ള കോഴ്‌സുകളുടെ മുൻഗണനാക്രമം ഫോമിൽ കാണിക്കാം. പൂരിപ്പിച്ച അപേക്ഷകൾ മേയ് 31 വരെ സ്വീകരിക്കും. പ്രവേശനത്തിൽ പ്രഫഷനൽ കോഴ്‌സുകൾക്കുള്ള സാമുദായികസംവരണമുണ്ട്.