നിലവാരമുള്ള സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ബിടെക് റോബോട്ടിക്സ് ആൻഡ് ഓട്ടമേഷൻ, ഫുഡ് ടെക്നോളജി, ഡിസൈൻ തുടങ്ങിയ ന്യൂ ജനറേഷൻ കോഴ്സുകൾ തുടങ്ങാൻ സർക്കാർ അനുമതി. 

കോട്ടയം സെന്റ്ഗിറ്റ്സ്, കൊച്ചി ടോക് എച്ച്, തൃശൂർ ജ്യോതി എന്നിവിടങ്ങളിലാണു റോബോട്ടിക്സ് കോഴ്സ്. കാഞ്ഞിരപ്പള്ളി അമൽജ്യോതിയിൽ ബിടെക് ഫുഡ് ടെക്നോളജി അനുവദിച്ചു. തിരുവനന്തപുരം കോളജ് ഓഫ് ആർക്കിടെക്ചറിൽ ബി ഡിസ് ഡിസൈൻ കോഴ്സും കോട്ടയം സെന്റ്ഗിറ്റ്സിൽ ബിടെക് – എംസിഎ ഡ്യുവൽ ഡിഗ്രി ഇന്റഗ്രേറ്റഡ് കോഴ്സും അനുവദിച്ചിട്ടുണ്ട്. 

എല്ലാ കോഴ്സുകളിലും 60 സീറ്റ് വീതമാണുള്ളത്. ഇതോടെ ഇത്തവണ എൻജിനീയറിങ് കോഴ്സുകൾക്ക് 300 സീറ്റുകൾ കൂടി വർധിക്കും. സർക്കാർ, എയ്ഡഡ് എൻജിനീയറിങ് കോളജുകളിൽ ന്യൂ ജനറേഷൻ കോഴ്സുകൾ തുടങ്ങാനുള്ള നടപടികളും ഉന്നതവിദ്യാഭ്യാസവകുപ്പ് തുടങ്ങി. ആവശ്യമായ തസ്തികകൾ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി.ജലീൽ ധനവകുപ്പിന് കത്തുനൽകി.