സൗജന്യ പഠനം, തുടർന്ന് ഉറപ്പായ ജോലിയും – പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിലേക്കുള്ള അപേക്ഷാ നടപടികൾക്കു ‘നീറ്റ്’ ഫലപ്രഖ്യാപനത്തിനു പിന്നാലെ ഒരുങ്ങാം. ‘നീറ്റ് – യുജി 2019’ റാങ്ക് നോക്കിയാണു പ്രാഥമിക തിരഞ്ഞെടുപ്പ്. എഎഫ്‌എംസി പ്രവേശനത്തിൽ താൽപര്യമുള്ളവർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ www.mcc.nic.in എന്ന സൈറ്റിൽ നിർദിഷ്ട സമയത്തു റജിസ്റ്റർ‌ ചെയ്യണം. ഈ സൈറ്റിൽ വിശദാംശങ്ങൾ വരും.

ബയോളജി, ഫിസിക്‌സ്, കെമിസ്‌ട്രി എന്നിവയ്‌ക്കു മൊത്തം 60 %, ഇവയിലോരോന്നിനും ഇംഗ്ലിഷിനും 50 % വീതം എന്നീ ക്രമത്തിലെങ്കിലും മാർക്കോടെ ആദ്യചാൻസിൽത്തന്നെ 12 ജയിച്ചിരിക്കണം. 2019 ഡിസംബർ 31നു പ്രായം 17 - 24 വയസ്സ്. അവിവാഹിതർ മാത്രം അപേക്ഷിച്ചാൽ മതി. പഠനകാലത്തു വിവാഹം പാടില്ല. പ്രതിരോധമന്ത്രാലയം നിർദേശിക്കുന്ന ആരോഗ്യനിലവാരം നിർബന്ധം. യോഗ്യത നേടിക്കഴിഞ്ഞ് കമ്മിഷൻഡ് ഓഫിസറായി ജോലി ചെയ്യാമെന്ന് ആദ്യമേ കരാർ ഒപ്പിടണം. ലംഘിച്ചാൽ 30 ലക്ഷം രൂപ നൽകണം.

145 സീറ്റുകളിൽ 30 പെൺകുട്ടികൾക്ക്. പട്ടികവിഭാഗക്കാർക്കു 10 സീറ്റ് സംവരണം. മിനിമം യോഗ്യതയിലും പ്രായത്തിലും ഇളവില്ല. എന്നാൽ മെറിറ്റ് ലിസ്‌റ്റിൽ മുകളിലെ 500 പേരിൽപ്പെട്ടാൽ മതിയെന്ന ഇളവുണ്ട്.എഎഫ്‌എംസി പ്രവേശനത്തിനു താൽപര്യപ്പെടുന്നവരുടെ ലിസ്റ്റ് എംസിസിയിൽനിന്നു കോളജിനു കിട്ടും. ഇവരിൽ മികവേറിയർക്കു പുണെയിൽ ടെസ്‌റ്റും ഇന്റർവ്യൂവും.

ക്ലാസ് ജൂലൈ 15 മുതൽ. എംബിബിഎസ് യോഗ്യത നേടുന്നവർക്കെല്ലാം നിയമനം. നിശ്‌ചിത കാലത്തെ സേവനത്തിനു ശേഷം പിജി, സൂപ്പർ സ്‌പെഷ്യൽറ്റി ഉപരിപഠനവും സൗജന്യം.

തിരഞ്ഞെടുപ്പ് ഇങ്ങനെ
ToELR (Test of English Language, Comprehension, Logic and Reasoning) എന്ന 30 മിനിറ്റ്‌ കംപ്യൂട്ടർ ടെസ്‌റ്റിൽ രണ്ടു മാർക്ക് വീതമുള്ള 40 ഒബ്‌ജെക്ടീവ് ചോദ്യങ്ങൾ. നീറ്റിലെ 720 മാർക്കിനോട് ഈ 80 മാർക്ക് കൂടി ചേർത്ത് ആകെ 800 മാർക്ക്. ഇതിനെ നാലു കൊണ്ട് ഹരിക്കുമ്പോൾ 200 മാർക്ക്; ഇതിനോട് ഇന്റർവ്യൂവിനുള്ള 50 മാർക്കും ചേർത്ത്  റാങ്കിങ്ങിനുള്ള മൊത്തം മാർക്കിൽ നിങ്ങളുടെ മാർക്ക് നോക്കി അന്തിമ സിലക്‌ഷൻ. 

സംശയപരിഹാരത്തിന് 

Officer-in-Charge, Admission Cell, 
Armed Forces Medical College, 
Solapur Road, Pune – 411022
ഫോൺ: 020-26334209
ഇ–മെയിൽ: oicadmission@gmail.com