ഒളിംപ്യൻ ബോക്സിങ് താരമായ മേരി കോം, ഭാരോദ്വഹനത്തിലെ താരറാണിയായ കുഞ്ച‌റാണീ ദേവി തുടങ്ങി രാജ്യാന്തര സ്പോർട്സ് താരങ്ങളുടെ വലിയ നിരയെത്തന്നെ സൃഷ്ടിച്ച സംസ്ഥാനമാണു മണിപ്പുർ. തലസ്ഥാനമായ ഇംഫാലിൽ കായികപരിശീലകരെ വാർത്തെടുക്കുന്ന ദേശീയസ്ഥാപനം നാഷനൽ സ്പോർട്സ് യൂണിവേഴ്സിറ്റിയുമുണ്ട്.

വെബ്സൈറ്റ്: www.nsu.ac.in.

കേന്ദ്ര യുവജനക്ഷേമ സ്പോർട്സ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർവകലാശാലയിലെ നാലു പ്രോഗ്രാമുകളിലേക്ക് 21 വരെ അപേക്ഷിക്കാം.

ബിഎസ്‌സി സ്പോർട്സ് കോച്ചിങ് : 4 വർഷം, 50 സീറ്റ്. ആർച്ചറി, അത്‌ലറ്റിക്സ്, ബാഡ്മിന്റൻ, ബോക്സിങ്, ഫുട്ബോൾ, ഷൂട്ടിങ്, സ്വിമ്മിങ്, വെയ്റ്റ്‌ലിഫ്റ്റിങ്. പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം

ബിപ്ഇഎസ് (ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ & സ്പോർട്സ്) : 3 വർഷം, 50 സീറ്റ്. യോഗ്യത: പ്ലസ്ടു. സ്പോർട്സിൽ നേട്ടങ്ങളുള്ളവർക്കു മുൻഗണന

എംഎസ്‌സി സ്പോർട്സ് കോച്ചിങ്: 2 വർഷം, 30 സീറ്റ്. അത്‌ലറ്റിക്സ്, ബാഡ്മിന്റൻ, ബോക്സിങ്, ഫുട്ബോൾ, വെയ്റ്റ്‌ലിഫ്റ്റിങ്.

എംഎ സ്പോർട്സ് സൈക്കോളജി: 2 വർഷം, 20 സീറ്റ്.

പിജി പ്രോഗ്രാമുകളിലെ പ്രവേശന യോഗ്യതകൾക്കു പ്രോസ്പെക്ടസ് നോക്കുക. കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം സംവരണമുണ്ടെങ്കിലും ഭിന്നശേഷിക്കാർക്ക് 4–ാമത്തെ പ്രോഗ്രാമിനേ പ്രവേശനമുള്ളൂ. ഓരോ കോഴ്സിനും അപേക്ഷാഫീ 300 രൂപ. ഇത് ഓൺലൈനായി അടയ്ക്കാം. ചില ഇനങ്ങളിലെ സിലക്‌ഷൻ ടെസ്റ്റ് തിരുവനന്തപുരത്തും നടത്തും. പൂർണവിവരങ്ങൾക്കു വെബ്‌സൈറ്റ് നോക്കാം.