ചെരുപ്പിന്റെ ഡിസൈൻ മികച്ച ഉപരിപഠന മേഖലയോ? രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും സംശയം തോന്നിയേക്കാം. ഇന്ത്യയിലെ FDDI (ഫുട്‍‌വെയർ ഡിസൈൻ ആൻഡ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂഷൻ) നടത്തുന്ന 4 വർഷത്തെ ബിഡെസ് കോഴ്സ് പഠിക്കുന്നവരെ കോഴ്സ് പൂർത്തിയാക്കും മുൻപേ തന്നെ വൻ പ്രതിഫലം വാഗ്ദാനം ചെയ്താണു വിദേശ കമ്പനികൾ റിക്രൂട് ചെയ്യുന്നത്. ചെരുപ്പ് നിർമ്മാണം ഡിസൈൻ എന്നിവ മികച്ച സാധ്യതയുള്ള തൊഴിൽ മേഖലകളാണിപ്പോൾ. രാജ്യത്തിനകത്തും വിദേശത്തുമായി ഈ മേഖലയിൽ വമ്പൻ കോർപറേറ്റുകളാണു പ്രവർത്തിക്കുന്നതെന്നതു വൻ സാധ്യതകളാണു സമ്മാനിക്കുന്നത്. 

പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾക്കു പ്രവേശന പരീക്ഷയിലൂടെ FDDI പ്രവേശനം നേടാം. വെബ്സൈറ്റ് www.fddiindia.com ഇന്ത്യയിൽ 12 കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് കോഴ്സ്, ഫുട്‍വെയർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ, റീട്ടെയിൽ & മെർച്ചൻഡൈസ്, ഫാഷൻ, ഫാഷൻ െലതർ ആക്സസറി ഡിസൈൻ എന്നിവയിൽ ബിഎസ്‌സി, എംഎസ്‍സി പ്രോഗ്രാമുകളുണ്ട്. 100% ക്യാംപസ് റിക്രൂട്മെന്റ് നടന്നു വരുന്ന സ്ഥാപനമാണിത്. ഇറ്റലി, മെക്സിക്കോ, ബ്രസീൽ, അമേരിക്ക, യു.കെ, ചൈന, കാനഡ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ തൊഴിലവസരങ്ങളേറെയുണ്ട്. നൈക്കി, റീബോക്ക്, പ്യൂമ, അഡിഡാസ്, പോലുള്ള ആഗോള ബ്രാന്‍ഡഡ് ഷോപ്പുകൾ തുടങ്ങി ചെറുകിട കമ്പനികൾ വരെ പുറത്തിറക്കുന്ന പുത്തൻ ഫുട്‍വെയർ മോഡലുകൾ ബിഡെസ് വിദഗ്ധർ രൂപകൽപ്പന ചെയ്യുന്നവയാണ്.