കരിയറിൽ രണ്ടു വർഷമെങ്കിലും പിന്നിട്ടവരാണോ ? ഇടവേളയെടുത്ത് വിദേശത്ത് ഉപരിപഠന മോഹമുണ്ടോ ? എങ്കിൽ ചീവ്നിങ് സ്കോളർഷിപ്് ലക്ഷ്യമിടാം. ലഭിച്ചാൽ യുകെയിലെ വിവിധ സർവകലാശാലകളിലെ 12,000 കോഴ്സുകളിൽ താൽപര്യമുള്ളവയിൽ ഒരു വർഷത്തെ ബിരുദാനന്തര ബിരുദ പഠനം. 

നൂറിലധികം രാജ്യങ്ങളിൽനിന്നുള്ളവരുമായാണു മത്സരം. ഇന്ത്യയിൽ അപേക്ഷകരിൽനിന്നു ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായി ന്യൂഡൽഹി, ചെന്നൈ, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി ചീവ്നിങ് ടീം ഇന്റർവ്യൂ നടത്തും. 

ഐപിഎസ് കേരള കേഡറിലെ ആർ. നിശാന്തിനിയും മെറിൻ ജോസഫും നേടിയെടുത്ത ഈ സ്കോളർഷിപ്പിന്റെ അടുത്ത ബാച്ചിലേക്ക് ഓഗസ്റ്റ് 5 മുതൽ നവംബർ 6 വരെ അപേക്ഷിക്കാം. 

വെബ്സൈറ്റ്:  www.chevening.org/india

മെറിൻ ജോസഫ് പറയുന്നു, ചീവ്നിങ് സ്കോളർഷിപ്പിനു ശ്രമിക്കാനുള്ള പ്രചോദനവും അതു നേടാൻ സഹായിച്ച ഘടകങ്ങളും.

ഇന്റർവ്യൂ എങ്ങനെ?
30 മിനിറ്റ് ആയിരുന്നു ഇന്റർവ്യൂ. ഓൺലൈൻ അപേക്ഷയ്ക്കൊപ്പം തന്നെ നമ്മുടെ ലക്ഷ്യം വ്യക്തമാക്കുന്ന ‘സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്’ എഴുതിക്കൊടുക്കണം. ഇതിന്റെ അടിസ്ഥാനത്തിലാകും ചോദ്യങ്ങൾ. 

എന്തുകൊണ്ട് ഈ കോഴ്സ് തിരഞ്ഞെടുക്കുന്നു എന്നും പിന്നീടുള്ള കരിയറിൽ ഇതെങ്ങനെ പ്രയോജനപ്പെടുത്തുമെന്നും ചോദിക്കും. പൊതുവിഭാഗത്തില്‍പ്പെട്ട ചോദ്യങ്ങളാണ് എനിക്കു നേരിടേണ്ടി വന്നത്.

കുഴപ്പിച്ച ചോദ്യങ്ങളുണ്ടോ ?
ഉപരിപഠനത്തിന് ഓക്സ്ഫഡ് സർവകലാശാലയാണു ഞാൻ തിരഞ്ഞെടുത്തത്. മറ്റു പല സർവകലാശാലകളിലും പബ്ലിക് പോളിസി കോഴ്സ് ഉള്ളപ്പോള്‍ എന്തുകൊണ്ട് ഓക്സ്ഫഡ് എന്ന ചോദ്യം വന്നു. അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ആത്മവിശ്വാസം ഒട്ടും ചോരാതെ മറുപടി ന‌ൽകി. ‘തിയറി ക്ലാസുകൾക്കപ്പുറമുള്ള പഠനരീതിയാണ് ആകർഷിച്ചത്’ എന്നു പറഞ്ഞു.

നമ്മുടെ കഴിവുകൾ അവർ അളക്കുന്നതെങ്ങനെ ? 
നേതൃശേഷിയുള്ളവരെയാണു കൂടുതലായും തിരഞ്ഞെടുക്കുന്നത്. പബ്ലിക് സർവീസിൽ പ്രവൃത്തിപരിചയം കൂടിയുണ്ടെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാണ്. നമ്മുടെ പ്രവർ‌ത്തനങ്ങൾ പൊതുജനങ്ങളെ സഹായിക്കുന്നതാണെങ്കിൽ ഉറപ്പായും ഇതിന് അപേക്ഷിക്കാം. ഇന്റർവ്യൂ നേരിടുന്നതു നല്ല ആത്മവിശ്വാസത്തോടെയാവണമെന്നു മാത്രം.

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലെ ഗ്ലോബൽ അലംനൈ സൊസൈറ്റി വൈസ് ചെയർപഴ്സനാണു ഞാൻ. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട് ഇവിടെ നടത്തുന്ന പ്രവർത്തനങ്ങളും ഏറെ സഹായിച്ചു. 

‘കരിയറിൽ സഹായിക്കും, ഈ ഉപരിപഠനം’

സ്പെഷൽ ജുവനൈൽ പൊലീസ് യൂണിറ്റ് സംസ്ഥാന നോഡൽ ഓഫിസർ, പൊലീസിലെ വനിതാ ബറ്റാലിയന്റെ ആദ്യ കമൻഡാന്റ് – ഐപിഎസ് കേരള കേഡറിൽ ഈ തലങ്ങളിലെല്ലാം പ്രവർത്തനപരിചയമുള്ള ആർ. നിശാന്തിനി ചീവ്‌നിങ് സ്കോളർഷിപ് വഴി ഉപരിപഠനത്തിനു തിരഞ്ഞെടുത്തിരിക്കുന്ന വിഷയം ഇന്റർനാഷനൽ ചൈൽഡ് സ്റ്റഡീസ് ആണ്. അതും പ്രശസ്തമായ ലണ്ടൻ കിങ്സ് കോളജിൽ. 

യുകെയിലെ ഉപരിപഠനം ഇവിടെ കരിയറിൽ തന്നെ സഹായിക്കുമെന്നു തന്നെയാണു നിശാന്തിനിയുടെ പ്രതീക്ഷ. സാക്ഷരതയിൽ ഏറെ മുൻപിൽ നിൽക്കുന്ന കേരളത്തിൽ പുതിയ കാര്യങ്ങൾ പ്രാവർത്തികമാക്കുക എളുപ്പമാണ്. വിദേശരാജ്യത്തെ പഠനം നമ്മുടെ വ്യക്തിത്വത്തിൽ വരുത്തുന്ന ഗുണപരമായ മാറ്റങ്ങളും ഏറെ പ്രധാനം.