പത്താം ക്ലാസും ഗുസ്തിയും കഴിഞ്ഞ് ബോംബെയിൽ പോയി ടൈപ്് റൈറ്റിങ് പഠിച്ചു മണലാരണ്യങ്ങളിലേക്കു പണി തേടി പോകുന്ന നായകൻ. ഇങ്ങനെയായിരുന്നു പണ്ടു കുടിയേറ്റത്തെ  ജീവിതത്തിലും സിനിമയിലുമൊക്കെ നാം കണ്ടിരുന്നത്. ഈ ഇമേജറികളിലൊക്കെ കുടുംബത്തെ പോറ്റാൻ വിയർപ്പൊഴുക്കാൻ പോകുന്നതായി നാം കണ്ടു പരിചയിച്ചതു പുരുഷന്മാരെയാണ്. സ്ത്രീകൾ ജോലിക്കായി ഒറ്റയ്ക്ക് അന്യരാജ്യത്ത് പോയിട്ട് അയൽ സംസ്ഥാനത്തേക്കോ തൊട്ടപ്പുറത്തെ ടൗണിലേക്കോ പോലും പോകുന്നത് പലർക്കും അചിന്ത്യമായിരുന്നു. എന്നാലിന്ന് നഴ്സും എൻജിനീയറും ബാങ്കറുമൊക്കെയായി ലോകമെമ്പാടും കുടിയേറുകയാണ് നമ്മുടെ നാട്ടിലെ സ്ത്രീകൾ. 

ജോലിക്കായുള്ള കുടിയേറ്റത്തിലെ ജെൻഡർ ഗ്യാപ് കുറഞ്ഞ് വരുന്നതായി 2001ലെയും 2011ലെയും സെൻസസ് താരതമ്യ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾ കൂടുതൽ വിദ്യാഭ്യാസം നേടി തുടങ്ങിയതോടെയാണ് ഈ മാറ്റം കണ്ടു തുടങ്ങിയത്.

വിദ്യാഭ്യാസ നിലവാരം കുറഞ്ഞ സമൂഹങ്ങളിൽ സ്ത്രീകളുടെ കുടിയേറ്റത്തിന്റെ തോത് കുറഞ്ഞിരിക്കുന്നതായും സെൻസസ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള കുടിയേറ്റ തൊഴിലാളികളുടെ എണ്ണം നിരക്ഷരരായ കുടിയേറ്റ തൊഴിലാളികളുടെ 12 മടങ്ങാണെന്നും 2011 സെൻസസ് പറയുന്നു.

ആകെ പുരുഷന്മാരുടെ  ജനസംഖ്യയിലുള്ള കുടിയേറ്റ തൊഴിലാളികളുടെ ശതമാനം ആകെ സ്ത്രീകളുടെ ജനസംഖ്യയിലുള്ള കുടിയേറ്റ തൊഴിലാളികളുടെ ശതമാനത്തേക്കാൾ ഇപ്പോഴും ഉയർന്നു തന്നെയാണ് നിൽക്കുന്നത്. പക്ഷേ, വിദ്യാഭ്യാസം സാർവത്രികമാകുന്നതോടെ ഇതിന്റെ വിടവ് കുറഞ്ഞു വരികയാണെന്നതാണ് ആശാവഹമായ വാർത്ത.