നമ്മുടെ ജീവിതത്തിന്റെ നല്ലൊരു പങ്കു നാം ചെലവിടുന്ന സ്ഥലമാണു തൊഴിലിടങ്ങള്‍. അതു കൊണ്ടു തന്നെ ഇവിടുത്തെ സന്തോഷം നമ്മുടെ ജീവിതത്തിന്റെ ആനന്ദത്തെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകമാണ്. ഇനി ജോലി സ്ഥലത്ത് സന്തോഷമായിരിക്കാന്‍ എന്താണ് വേണ്ടത്? നല്ല ശമ്പളം, ആനുകൂല്യങ്ങള്‍, നല്ല സഹപ്രവര്‍ത്തകര്‍ എന്നിങ്ങനെ നിരവധി ഉത്തരങ്ങളുണ്ടാകാം. എന്നാല്‍ പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നത് ജോലി സ്ഥലത്ത് സന്തോഷത്തോടെ ഇരിക്കാന്‍ ആവശ്യമായ ഒരു കാര്യം നിരന്തരമായ പഠനത്തിനുള്ള അവസരങ്ങളാണെന്നാണ്. 

പല പ്രമുഖ കമ്പനികളും അവിടുത്തെ ജീവനക്കാര്‍ക്ക് പഠനാവസരങ്ങള്‍ നല്‍കുന്നതിനായി ലേണിങ് ആന്‍ഡ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. 

പഠിക്കുന്ന കാലത്തു തന്നെ പഠനം കൊണ്ടൊരു സന്തോഷം തോന്നിയിട്ടില്ല, ഇനി ജോലിക്കു വന്നിട്ടും പഠിക്കണോ സന്തോഷിക്കാന്‍ എന്നു ചിലര്‍ക്കെങ്കിലും സംശയം തോന്നാം. എന്നാല്‍ സംഗതി സത്യമാണ്. പഠനമെന്നതു നമ്മുടെ ജീവിതത്തിന്റെ തന്നെ അടിത്തറയാണ്. നിരന്തരം പഠിച്ചു കൊണ്ടാണു നാം വളര്‍ന്നത്. ആദ്യം നടക്കാനും സംസാരിക്കാനും പഠിച്ചു. പിന്നെ നാം ഇടപെടാന്‍ പഠിച്ചു. വായിക്കാനും എഴുതാനും പഠിച്ചു. അങ്ങനെ ഒരു വ്യക്തിയായി രൂപാന്തരപ്പെടുന്ന അവസരങ്ങളിലെല്ലാം നാം പഠിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. പിന്നെ ഒരു ജോലി കിട്ടി എന്നു വച്ചു കൊണ്ട് എന്തിന് ഈ പഠിത്തം നിര്‍ത്തണം? പഠനം കൊണ്ടു ജോലിയിലും കരിയറിലും ഉണ്ടാകുന്ന ചില ഗുണങ്ങളുണ്ട്. 

1. കൂടുതല്‍ സന്തോഷം, സംതൃപ്തി
നിരന്തരമായി പഠിക്കുകയും തങ്ങളുടെ നൈപുണ്യങ്ങള്‍ വർധിപ്പിക്കുകയും ചെയ്യുന്ന ടീമംഗങ്ങള്‍ കൂടുതല്‍ സന്തോഷവാന്മാരും സംതൃപ്തരുമായി കാണപ്പെടുന്നു എന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ജോലിയെ കുറിച്ചു കൂടുതല്‍ അഭിനിവേശത്തോടു കൂടി ചിന്തിക്കാന്‍ പഠനം സഹായിക്കും. 

2. കരിയറില്‍ മുന്നേറ്റം
അതിവേഗം മാറുന്ന ലോകത്തിന്റെ ആവശ്യങ്ങളും ദിനംപ്രതി വർധിക്കുകയാണ്. നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും എല്ലാം കൂടി ഒരു ജീവനക്കാരനില്‍ നിന്നു കമ്പനി പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ മാറ്റിമറിച്ചിട്ടുണ്ട്. സ്വയം പുതുക്കാന്‍

തയാറുള്ള ജോലിക്കാര്‍ക്കു മാത്രമേ ഈ മത്സരാധിഷ്ഠിത ലോകത്തു പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ. ഇതിനു പുതിയ കാര്യങ്ങളെ പറ്റിയുള്ള പഠനം ആവശ്യമാണ്. 

3. കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനാകാന്‍
പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു കുറച്ചു കൂടി മികച്ച വ്യക്തിയാകാന്‍ സഹായകമാകും. കൂടുതല്‍ പഠിക്കും തോറും ചിന്താഗതി വിശാലമാകുകയും അല്‍പം കൂടി മെച്ചപ്പെട്ട മനുഷ്യനാകാന്‍ അതു നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. 

4.പഠിക്കാന്‍ ജോലി പോലെ മികച്ച ഇടമില്ല
ശരാശരി മനുഷ്യന്‍ തന്റെ ജീവിതത്തിലെ 90,000 മണിക്കൂറുകള്‍ ജോലി സ്ഥലത്തു ചെലവിടുന്നു എന്നാണു കണക്കുകള്‍. അതു കൊണ്ടു തന്നെ പഠനാവസരങ്ങള്‍ ജോലി ചെയ്യുന്ന ഇടത്തില്‍ തന്നെ ഉണ്ടാകുന്നതാണു നല്ലത്. പഠിക്കാന്‍ വേണ്ടി പ്രത്യേകമൊരുസമയം കണ്ടെത്തേണ്ടതില്ല. ജോലിക്കൊപ്പം പഠനവും നടക്കും. ലേണിങ് ആന്‍ഡ് ഡവലപ്‌മെന്റ് വകുപ്പുകളുള്ള കമ്പനികളും തൊഴില്‍ കേന്ദ്രീകൃതമായ പഠനത്തിനാണു അവസരം നല്‍കുന്നത്. ഇതു കൊണ്ടു ജീവനക്കാരനും കമ്പനിക്കും ഒരേ പോലെ ഗുണമുണ്ടാകും. 

ഇനി കമ്പനിക്കു സ്വന്തമായി ഒരു ലേണിങ് ആന്‍ഡ് ഡവലപ്‌മെന്റ് വിഭാഗമില്ലെങ്കില്‍ വ്യക്തിപരമായി തന്നെ പഠനത്തിനായുള്ള ശ്രമങ്ങള്‍ നടത്താവുന്നതാണ്. പുസ്തകങ്ങള്‍ ഇതിനു സഹായിക്കും. ഓണ്‍ലൈന്‍ കോഴ്‌സുകളും വിഭവങ്ങളും ഇതിനായി സഹായിക്കും. ലിങ്ക്ഡ് ഇന്‍ പോലുള്ള തൊഴില്‍ അധിഷ്ഠിത സാമൂഹിക മാധ്യമങ്ങളില്‍ പുതിയ ശേഷികള്‍ വികസിപ്പിച്ചെടുക്കാനായി 14,000 ഓളം കോഴ്‌സുകളാണുള്ളത്.