അടുത്തിടെ മോദി സര്‍ക്കാര്‍ ജോയിന്റ് സെക്രട്ടറി തലത്തില്‍ ഒന്‍പതു സ്വകാര്യ പ്രഫഷണലുമാരെ ജോലിക്കെടുത്തത് വലിയ വിവാദമായിരുന്നു. വിവാദങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഈ വാര്‍ത്തയ്ക്കകത്ത് വലിയൊരു സാധ്യത ഒളിഞ്ഞു കിടപ്പുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളാകട്ടെ, ഐക്യരാഷ്ട്രസഭ പോലുള്ള വലിയ സംഘടനകളാകട്ടെ അവിടെയെല്ലാം ബ്യൂറോക്രസിയുടെ പുറത്തു നിന്നുള്ള വിദഗ്ധരുടെ ആവശ്യം ഇന്നുണ്ട്. 

എല്ലാ മന്ത്രാലയങ്ങളിലും കണ്‍സല്‍ട്ടന്റുമാര്‍ എന്ന പേരില്‍ വലിയ ശമ്പളവുമായി ഈ വിദഗ്ധരെ കാണാം. നിതി ആയോഗ് പോലുള്ള ഗവണ്‍മെന്റ് തിങ്ക് ടാങ്കുകളിലും പബ്ലിക് പോളിസിയുമായി ബന്ധപ്പെട്ട വിദഗ്ധ കണ്‍സല്‍ട്ടന്റുമാര്‍ക്ക് വന്‍ ഡിമാന്‍ഡാണ്. യുവാക്കള്‍ക്ക് ഇത്തരത്തിലുള്ള അവസരങ്ങളുടെ കലവറയാണ് പബ്ലിക് പോളിസി എന്ന വിഷയം തുറന്നിടുന്നത്. 

സ്വകാര്യ മേഖലയിലും വിവിധ കമ്പനികള്‍ ഇന്‍ഹൗസ് പബ്ലിക് പോളിസി വിദഗ്ധരെ നിയമിക്കാറുണ്ട്. ബ്രാന്‍ഡ് ഇമേജ് വളര്‍ത്താനും തിരഞ്ഞെടുപ്പുകള്‍ ജയിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും പബ്ലിക് പോളിസി വിദഗ്ധരുടെ സഹായം ആവശ്യമുണ്ട്.  

സങ്കീര്‍ണ്ണമായ പൊതു പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവയ്ക്ക് വേണ്ട ഫലപ്രദമായ പരിഹാരങ്ങള്‍ കാണുകയുമാണ് പബ്ലിക് പോളിസി പ്രഫഷണലുകളുടെ ജോലി.  നല്ല ശമ്പളത്തിനും സ്ഥാനമാനങ്ങള്‍ക്കും പുറമേ നയപരിപാടികളിലൂടെ സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാനുള്ള അവസരവും പബ്ലിക് പോളിസി പ്രഫഷണലുകള്‍ക്ക് ലഭിക്കും. 

ബെംഗളൂരുവിലെ അസിം പ്രേംജി യൂണിവേഴ്‌സിറ്റി, ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സ്, ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഗവേണന്‍സ്, അഹമ്മദാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത ഐഐഎമ്മുകള്‍, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പബ്ലിക് പോളിസിയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ നടത്തുന്നുണ്ട്.