ഒരു തേരട്ടയുടെ കഥ കേട്ടിട്ടുണ്ട്. തേരട്ട പതുക്കെ നടന്നുവരുമ്പോൾ ഒരു കുസൃതിക്കുട്ടി അതിനോടു ചോദിച്ചു: ‘കൂട്ടുകാരാ, നിങ്ങള്‍ക്കെങ്ങനെയാണ് നൂറു കാലുകള്‍കൊണ്ടു നടക്കാനാകുന്നത്? ഏതു കാലാണ് ആദ്യം വയ്ക്കുന്നത്? ഏതു കാലാണു രണ്ടാമത്? ഉള്ളില്‍ എണ്ണിക്കൊണ്ടാണോ കാലുകള്‍ വയ്ക്കാറുള്ളത്?’–കുട്ടിയുടെ സംശയങ്ങള്‍ ഏറിക്കൊണ്ടിരുന്നു. കുറച്ചു ദൂരം പോയ തേരട്ട വീണ്ടും മുന്നോട്ടുപോകാനാകാതെ നിന്നു. പിന്നെയും നടക്കാന്‍ തുടങ്ങിയപ്പോള്‍ വീണു. കാരണം, കുട്ടി ചോദിച്ച ചോദ്യങ്ങള്‍ തേരട്ട സ്വയം ചോദിക്കാന്‍ തുടങ്ങിയിരുന്നു. അതോടെ നടത്തത്തിന്റെ ഒഴുക്കു നിലച്ചു. ഒന്നും ചിന്തിക്കാതെ നടന്നപ്പോള്‍ തേരട്ടയ്ക്ക് ഒരു പ്രശ്‌നവുമില്ലായിരുന്നു. 

ജീവിതത്തിൽ മുന്നോട്ടു നടക്കുമ്പോൾ നമുക്കും ഈ കഥ ബാധകമാണ്. അനാവശ്യ ചിന്തകൾ നമ്മെ തെറ്റായ നയിക്കുന്നു. ഉദ്യോഗാർഥികളെ എന്നും അലട്ടുന്ന വിഷയമാണു മത്സരപ്പരീക്ഷകള്‍. എന്നാല്‍, പേടിക്കേണ്ട ഒന്നല്ല പരീക്ഷകള്‍ എന്ന് ആദ്യം ചിന്തിക്കുക. ഭയം (Fobia) മൂലം കടുത്ത മാനസിക സമ്മര്‍ദമാണുണ്ടാവുക. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെയും വരും. തേരട്ട വീണതുപോലെ വഴിയിൽ കാലിടറി വീഴാൻ, വേണ്ടാത്ത പേടി കാരണമാകാം. 

വഴിയിലേക്കു 

മത്സരപ്പരീക്ഷകളെ ആത്മവിശ്വാസത്തോടെ, ഉത്സവലഹരിയോടെ നേരിടണമെന്നു ഞാൻ പറയും. അതെങ്ങനെ എന്നു ചോദിക്കുന്നവർക്കായി ഇതാ ചില ഉത്തരങ്ങൾ: 

1. സ്വയം അധ്യാപകനായി മാറാം: പഠിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഗുണം, പഠിക്കുന്നതിനേക്കാള്‍ ആഴത്തില്‍ വിഷയം നമ്മില്‍ പതിക്കുന്നു എന്നതാണ്. ഒരിക്കലും മറക്കാനാവാത്ത തരത്തില്‍ ഇവ നമ്മുടെയുള്ളില്‍ ഉറയ്ക്കുന്നു. കൂടുതല്‍ ആത്മവിശ്വാസവും കൈവരുന്നു. 

2. പഠനവിഷയങ്ങളെ മനസ്സില്‍ ദൃശ്യങ്ങളായി കാണാം: നമ്മളെല്ലാം ഇഷ്ടപ്പെടുന്ന മേഖലയാണു സിനിമ. പഠിക്കേണ്ട വിഷയങ്ങള്‍ നമ്മുടെ മനസ്സുകളില്‍ ഒരു സിനിമ പോലെ വിഷ്വലൈസ് ചെയ്യുക. ഇത് പഠനത്തോടുള്ള താത്പര്യം വർധിപ്പിക്കും. 

3. അനാവശ്യമായ സ്‌ട്രെസ് അഥവാ ഭയം ഒഴിവാക്കാം: വരാനിരിക്കുന്ന പരീക്ഷകളെ ഇന്നുതൊട്ടേ ഭയപ്പെട്ടു തുടങ്ങിയാല്‍ ആത്മവിശ്വാസത്തോടെ പരീക്ഷകളെ നേരിടാനാവില്ല. അതിനാല്‍ ഭയത്തെ ഒഴിവാക്കി, എനിക്കിതു സാധിക്കുമെന്ന ആത്മവിശ്വാസം നേടാം.

4. താരതമ്യം ഒഴിവാക്കാം: പൊതുവെ കാണുന്ന ശീലമാണ്, പരീക്ഷ കഴിഞ്ഞാലുടന്‍ ചോദ്യ പേപ്പര്‍ മറ്റുള്ളവരുമായി വിശകലനം ചെയ്യുന്നത്. ഇതൊരു ആരോഗ്യകരമായ പ്രവണതയല്ല. നെഞ്ചിടിപ്പു കൂട്ടാനും നിരാശരാകാനും മാത്രമാണ് ഇതുപകരിക്കുക. കഴിഞ്ഞുപോയ പരീക്ഷയെക്കുറിച്ച് ആവലാതി വേണ്ട. കാരണം, ആ പരീക്ഷ കഴിഞ്ഞതാണ്. ആ ഉത്തരക്കടലാസില്‍ നിങ്ങള്‍ക്കിനി ഒന്നും ചെയ്യാനാവില്ല. മറിച്ച്, അടുത്ത പരീക്ഷയുടെ ഉത്തരക്കടലാസില്‍ വിസ്മയങ്ങള്‍ തീര്‍ക്കാനാണു ശ്രമിക്കേണ്ടത്. 

5. മൊബൈലിനും ടിവിക്കും ഇടവേള: മൊബൈല്‍ ഫോണ്‍ തരുന്ന നൈമിഷിക സുഖത്തെ നമുക്കു തൽക്കാലം മറക്കാം. ജീവിതത്തിന്റെ ഉയര്‍ച്ചയിലേക്കുള്ള ചവിട്ടുപടികൾ കയറാനാണു സമയം നീക്കിവയ്‌ക്കേണ്ടത്. പരീക്ഷ കഴിഞ്ഞാലും മൊബൈല്‍ ഉപയോഗിക്കാം, ടിവി ധാരാളം കാണാം.  

6. പഠനത്തില്‍ മാത്രം ശ്രദ്ധ: മറ്റൊരാളുടെ നിര്‍ബന്ധമില്ലാതെ, എല്ലാ സംഘര്‍ഷങ്ങളും മാറ്റിവച്ച് പഠനത്തിനു മാത്രം ശ്രദ്ധ (Attention) കൊടുക്കണം. ശ്രദ്ധയും ഏകാഗ്രതയും ഇഷ്ടവും സമ്മേളിക്കുമ്പോള്‍ പഠനത്തോടു സ്വാഭാവികമായ താൽപര്യം ജനിക്കും. ആരും നിര്‍ബന്ധിക്കാതെ തന്നെ പഠനവിഷയങ്ങളോട് ഇഷ്ടം തോന്നും. അതു ഭയം ഇല്ലാതാക്കും. ഭയം ഇല്ലാതാകുന്നതോടെ പരീക്ഷകളെ ആഘോഷത്തോടെ സ്വീകരിക്കാന്‍ സാധിക്കും.

7. പരീക്ഷയെ കൂട്ടുകാരനായി കാണാം: പരീക്ഷകളെ ഇഷ്ട തോഴനാക്കാം, പഠന വിഷയങ്ങള്‍ക്കൊപ്പം കൂടുതല്‍ നേരം ചെലവഴിക്കാം, സ്വാതന്ത്ര്യത്തോടെ ഇടപെടാം. പരീക്ഷയെന്ന കൂട്ടുകാരനെ നിങ്ങള്‍ കൂടുതല്‍ സ്‌നേഹിക്കുമ്പോള്‍ ജീവിതത്തിലെ ഏറ്റവും ഉത്തമനായ ഒരു സുഹൃത്തായി പരീക്ഷയും മാറും. ഇതു നിങ്ങളുടെ ജീവിതത്തെ നിങ്ങള്‍ ആഗ്രഹിക്കുന്ന തലത്തിലേക്ക് ഉയര്‍ത്തും.