ഒരു ദൂരയാത്രയ്ക്കായി തയാറെടുക്കുമ്പോൾ യാത്രയ്ക്കു മുൻപായി വേണ്ടുന്ന സാമഗ്രികളെല്ലാം ഒരുക്കിവയ്ക്കുന്ന പതിവുണ്ടല്ലോ യാത്രയിലുണ്ടായേക്കാവുന്ന വ്യത്യസ്ത സാഹചര്യങ്ങളെ മുന്നിൽ കണ്ടാണ് നമ്മൾ ട്രാവല്‍ കിറ്റിന്റെ ഉള്ളടക്കം തീരുമാനിക്കുന്നത്. തണുപ്പുള്ള ഇടങ്ങളിൽ പോകുമ്പോൾ കമ്പിളിവസ്ത്രങ്ങളും മഴയുള്ള ഇടങ്ങളിലേക്കായി മഴക്കോടുകളും കരുതുന്നു.

ഇത്തരത്തിൽ സശ്രദ്ധമായ തയാറെടുപ്പ് പ്ലേസ്മെന്റിനായി തയാറെടുക്കുന്ന ഉദ്യോഗാർഥികളും ചെയ്യേണ്ടതുണ്ട് മുൻകൂട്ടി പദ്ധതിയിട്ടെങ്കിൽ മാത്രമേ ആവശ്യത്തിനുള്ള സാമഗ്രികൾ പ്ലേസ്മെന്റ് ദിവസം നമ്മോടൊപ്പമുണ്ടാകൂ. പ്ലേസ്മെന്റ് കിറ്റ് പൂർണമാക്കുന്നതിന്റെ ആദ്യപടിയായി ദൃഢമായതും കഴിയുമെങ്കിൽ സിപ് സംവിധാനമുള്ളതോ കുറഞ്ഞ പക്ഷം പൂർണമായും അടയ്ക്കാവുന്നതോ ആയ ഒരു ഫയൽ വാങ്ങുക. ക്യാംപസ് പ്ലേസ്മെന്റുമായി ബന്ധപ്പെട്ട ഒരു തരത്തിലുള്ള സർട്ടിഫിക്കറ്റുകളുടെയും ഒറിജിനൽ കൈവശം കരുതേണ്ടതില്ല. കമ്പനി പ്രത്യേകമായി ആവശ്യപ്പെടുന്ന പക്ഷം മാത്രം ഒറിജിനൽ സർട്ടിഫിക്കറ്റുകൾ കരുതുക.

എല്ലാവിധ സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോകോപ്പികൾ മാത്രം കരുതിയാൽ മതിയാകും. പത്താംക്ലാസ്, പ്ലസ്ടു ബിരുദം ബിരുദാനന്തരബിരുദ സർട്ടിഫിക്കറ്റ് അഥവാ പ്രവിഷനൽ സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികൾ കരുതുക. ഇവയ്ക്കു പുറമേ നിങ്ങളുടെ ഏതെങ്കിലും ഐഡന്റിറ്റി രേഖയുടെ ഒറിജിനലും (ഉദാഹരണമായി കോളജ് ഐഡി, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, ആധാർകാർഡ്) കയ്യിലുണ്ടായിരിക്കണം. അധിക യോഗ്യതകൾ, നേട്ടങ്ങൾ ഏതെങ്കിലും പരാമർശിരക്കുന്നുണ്ടെങ്കിൽ അതു തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പിയും കരുതുക. മുൻ അധ്യായത്തിൽ പരാമർശിച്ചിട്ടുള്ള പുതുക്കിയതും അനുയോജ്യവുമായ റെസ്യൂമെ പ്രിന്റ് ചെയ്തു കയ്യിൽ കരുതാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒന്നിലധികം കോപ്പി എപ്പോഴും കയ്യിലുണ്ടെന്നും ഉറപ്പാക്കുക.

അപേക്ഷാഫോമിൽ പതിക്കാനും മറ്റുമായി ഒന്നിലധികം പാസ്പോർട്ട് സൈസ് ഫോട്ടോയും കരുതുക. പല ക്യാംപസ് റിക്രൂട്മെന്റുകളിലും അഭിരുചിപ്പരീക്ഷ തുടങ്ങിക്കഴിയുമ്പോൾ പേനയ്ക്കായി പരക്കം പായുന്ന ഉദ്യോഗാർഥികൾ സ്ഥിരം കാഴ്ചയാണ്. ഒരേ നിറത്തിലുള്ള രണ്ടു പേനകളും കരിയർ കിറ്റിന്റെ ഭാഗമാക്കുക. മുൻകൂട്ടി റജിസ്റ്റർ ചെയ്യേണ്ട റിക്രൂട്മെന്റ് ഡ്രൈവുകളിൽ കമ്പനികൾ ഇ–മെയിൽ മുഖേന ഹാൾ ടിക്കറ്റ് അയച്ചു തന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഹാൾടിക്കറ്റിന്റെ പ്രിന്റ് കൂടി കരുതുക. ടെക്നോപാർക്ക്, ഇൻഫോ പാ‍ർക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കു പ്രവേശിക്കുവാൻ തന്നെ പലപ്പോഴും ജോബ് നോട്ടിഫിക്കേഷൻ ഇന്റർവ്യൂ കോൾ ലെറ്റർ കാണിക്കേണ്ടതായി വരാം.

ഇന്റർവ്യൂവിലും മറ്റും അവസാനനിമിഷം ശ്രദ്ധിക്കേണ്ടുന്ന പ്രധാന പോയിന്റുകൾ അക്കമിട്ടു വിവരിക്കുന്ന ഒരു പ്രിന്റ് (Interview tips) കിറ്റിൽ സൂക്ഷിക്കുക. ഇന്റർവ്യൂ മുറിയിൽ പ്രവേശിക്കുന്നതിനു മുൻപ് അതിലൂടെ ഒന്നോടിച്ചു നോക്കുന്നത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനുപകരിക്കും. ആപ്റ്റിറ്റ്യൂഡ് ചോദ്യങ്ങൾക്കുള്ള നുറുങ്ങുവിദ്യകൾ (ടിപ്സ്) അടങ്ങിയ പ്രിന്റുകളും ഫയലിൽ സൂക്ഷിക്കുക. കരിയർ കിറ്റിന്റെ ഭാഗമായി കൊണ്ടുപോകേണ്ട വസ്തുക്കളുടെ വിവരങ്ങളടങ്ങിയ ഒരു ചെക്ക് ലിസ്റ്റുകൂടി പ്രിന്റ് ചെയ്തു സൂക്ഷിക്കുക. ഏതെങ്കിലും സുപ്രധാന ഇനം മറന്നുപോയിട്ടുണ്ടോ എന്നു തിരിച്ചറിയുന്നതിന് ഇതുപകരിക്കും.

മേൽപ്പറഞ്ഞവയെല്ലാം തലേന്നുതന്നെ ഫയലിനുള്ളിലാക്കി പിറ്റേ ദിവസം ഉപയോഗിക്കുന്ന ബാഗിൽ സൂക്ഷിക്കുക, പ്ലേസ്മെന്റിനായി തലേദിവസമേ യാത്ര പുറപ്പെടുന്നുവെങ്കിൽ ഇന്റർവ്യൂവിനും മറ്റുമുള്ള വസ്ത്രങ്ങൾ മുൻകൂട്ടി തയാറാക്കി ബാഗിൽ വയ്ക്കുക. പ്ലേസ്മെന്റ് കിറ്റൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാവിധ രേഖകളുടെയും സോഫ്റ്റ് കോപ്പി (ഡിജിറ്റൽ കോപ്പി) നിങ്ങളുടെ ഇ–മെയിലിലേക്കു കൂടി അയച്ചിടുക. ഏതെങ്കിലും സാഹചര്യത്തിൽ കൂടുതൽ കോപ്പികളെടുക്കേണ്ടതായി വന്നാൽ ഇതുപകരിക്കും. കേന്ദ്ര സർക്കാർ ആരംഭിച്ച ഡിജിറ്റൽ ലോക്കർ സൗകര്യവും രേഖകൾ സൂക്ഷിക്കുന്നതിനായി ഉപകരിക്കാം. digitallocker.gov.in എന്ന വെബ്സൈറ്റിൽ കയറി ആധാർ നമ്പർ നൽകി ഇതു സൗജന്യമായി ഉപയോഗിക്കാം.

പൊതുവേ ക്യാംപസ് പ്ലേസ്മെന്റ് നടക്കുന്ന ഇടങ്ങളിൽ രണ്ടു വിഭാഗത്തിലുള്ള ഉദ്യോഗാർഥികളെ കാണാറുണ്ട്. സ്വന്തം റെസ്യൂമെ പോലും കയ്യിലില്ലാതെ സിനിമ കാണാൻ വരുന്ന ലാഘവത്തോടെ കാര്യങ്ങളെ സമീപിക്കുന്ന ഒരു കൂട്ടർ ഞങ്ങൾ നടത്താറുള്ള റിക്രൂട്മെന്റ് ഡ്രൈവുകളിൽ കാണുന്ന ഒരു പതിവു കാഴ്ചയാണ്. ഇന്റർവ്യൂ  ആരംഭിക്കുന്നതിനു നിമിഷങ്ങൾക്കു മുൻപ് റെസ്യൂമയുടെ പ്രിന്റെടുക്കുന്നതിനായി പരക്കം പായുന്ന വിദ്യാർഥികൾ. മതിയായ രേഖകളില്ലാതെ ഇന്റർവ്യൂവിനെത്തിയതിന്റെ പേരിൽ വിദൂര സ്ഥലങ്ങളിൽ നിന്നെത്തുന്ന വിദ്യാർഥികള്‍ പോലും പലപ്പോഴും ഹോളിന്റെ പുറത്തേക്കു പുറന്തള്ളപ്പെടുന്ന കാഴ്ച വേദനാജനകമാണ്. രണ്ടാമത്തെ വിഭാഗമാകട്ടെ ജനനസർട്ടിഫിക്കറ്റു മുതൽ പ്രൈമറി സ്കൂളിൽ വരെയുള്ളവയുടെ ഒറിജിനലുകളുമായി വരുന്നവർ.‌

ഇതു രണ്ടുമല്ല നമുക്കാവശ്യമുള്ളത് തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടതും അക്കാദമികമായി പ്രാധാന്യമുള്ളവയുമായ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ മാത്രം കരിയർ കിറ്റിൽ ഉൾപ്പെടുത്തുക.

കടപ്പാട്
ക്യാംപസ് പ്ലേസ്മെന്റ്
സ്വപ്നജോലിക്കു വിജയമന്ത്രങ്ങൾ

ബ്രിജേഷ് ജോർജ് ജോൺ, കൃഷ്ണരാജ് എസ് 
മനോരമ ബുക്സ്

Order Book>>