51 വർഷമായി വെള്ളിത്തിരശീലയ്ക്കു മുൻപിൽ. ‘ചിത്രം’ എന്ന സൂപ്പർ ഹിറ്റ് സിനിമ ഒരു വർഷത്തിലധികം തുടർച്ചയായി ‘ഓടിച്ചയാൾ’. മോഹൻലാലിനെ ഇഷ്ടപ്പെടുന്ന, ഒരിക്കലെങ്കിലും തൊട്ടടുത്തു നിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന  ആരാധകൻ. ഇത് ഇ. ഗോപാലകൃഷ്ണൻ നായർ. സരിത തിയറ്ററിലെ 73 വയസ്സുള്ള ഫിലിം ഓപറേറ്റർ. നിറമുള്ള ഒട്ടേറെ സിനിമാക്കഥകൾ കണ്ട, ഗോപാലകൃഷ്ണന്റെ നിറമേതുമില്ലാത്ത ജീവിതകഥ. 

അര നൂറ്റാണ്ട്
ആലപ്പുഴ ചേർത്തല കുത്തിയതോട് സ്വദേശിയാണു ഗോപാലകൃഷ്ണൻ. സിനിമയോടുള്ള ഇഷ്ടം മൂത്ത്, ഫിലിം ഓപറേറ്ററായതാണ്. ഇരുപതാം വയസ്സിൽ പണി പഠിച്ചു തുടങ്ങി. 1968ൽ, വീടിനടുത്തു ശ്രീകൃഷ്ണ ടാക്കീസ് തുടങ്ങിയപ്പോൾ ഫിലിം ഓപറേറ്ററായി ജോലി തുടങ്ങി. അന്നു പ്രായം 22. ശകുന്തള’യാണ് ആദ്യം കാണിച്ച സിനിമ. 4 വർഷത്തിനു ശേഷം തുറവൂരിൽ ‘ശ്രീകൃഷ്ണ’ ടാക്കീസിലേക്ക്. അവിടെ 4 വർഷം. ഇതിനിടെ രുഗ്മിണിയെ വിവാഹം കഴിച്ചു. 

പിന്നീട് കുത്തിയതോട് ‘സാരഥി’യിലേക്ക്. 12 വർഷത്തോളം ‘സാരഥി’യിൽ തുടർന്നു. 1988 ഡിസംബറിൽ എറണാകുളം ‘ഷേണായീസി’ലെത്തി. ഡിസംബർ 26ന് റിലീസ് ചെയ്ത ‘ചിത്രം’ എന്ന സൂപ്പർ ഹിറ്റ് സിനിമ ഒരു വർഷത്തിലധികം ‘ഷേണായീസി’ൽ ഓടിച്ചതു ഗോപാലകൃഷ്ണനാണ്. ഏറ്റവും ഇഷ്ടപ്പെട്ട സിനിമയും ‘ചിത്രം’ തന്നെ. 

ഷേണായീസിലെ സഹപ്രവർത്തകർക്ക്, പിന്നീടു കുറേക്കാലം ഗോപാലകൃഷ്ണൻ ‘അമ്മാമ’യായിരുന്നു. 9 വർഷത്തിനു ശേഷം, 1997ൽ ഗോപാലകൃഷ്ണൻ ‘ഷേണായീസ്’ വിട്ട്, ‘സരിത’യിലെത്തി. മതിയെന്നു തോന്നുമ്പോൾ വിരമിച്ചാൽ മതിയെന്നാണു മുതലാളി പറഞ്ഞതെന്നു ഗോപാലകൃഷ്ണൻ. മുതലാളി അങ്ങനെ പറഞ്ഞെങ്കിലും 75 ആകുമ്പോൾ ജോലി മതിയാക്കാനാണു ഗോപാലകൃഷ്ണന്റെ ആഗ്രഹം. 

രാത്രി യാത്രകൾ
സിനിമ മാത്രമല്ല, ഗോപാലകൃഷ്ണന്റെ ജീവിതം. യാത്രകൾ കൂടിയാണ്. കുത്തിയതോടു നിന്നു കൊച്ചിയിലേക്കു പകലും തിരിച്ചു രാത്രിയിലുമുള്ള ബസ് യാത്രകൾ. 3.50 രൂപയ്ക്കു തുടങ്ങിയ യാത്ര, ഇപ്പോഴെത്തി നിൽക്കുന്ന ടിക്കറ്റ് നിരക്ക് 41 രൂപയിൽ. രാത്രിയാത്രയ്ക്കു കെഎസ്ആർടിസിയാണ് ആശ്രയം. സ്ഥിരം യാത്രക്കാരനെ, എവിടെ കണ്ടാലും സൂപ്പർ ഫാസ്റ്റ് ബസ് പോലും നിർത്തിക്കൊടുക്കും. 

രാവിലെ 11നു ഡ്യൂട്ടിക്കെത്തും. രാത്രി 11നോ 12നോ ആണു മടക്കം. വർഷങ്ങളായി മുടങ്ങാത്ത യാത്ര. ‘ആദ്യകാലത്ത്, തോപ്പുംപടിയിലോ തേവരയിലോ പാലത്തിൽ ഗതാഗതതടസ്സമുണ്ടായാൽ പിന്നെ അവിടെ നിന്നു കൊച്ചിയിലേക്കു നടന്നു വരും. കൊച്ചി നഗരവും ആകെ മാറി.’ ചെറുചിരിയോടെ ഗോപാലകൃഷ്ണൻ പറയുന്നു. 

മാറി, സിനിമയും
അര നൂറ്റാണ്ടിനിടെ നായകരും നായികമാരും സംവിധായകരും മാറി. താരോദയങ്ങളും അസ്തമയങ്ങളുമൊക്കെ ഗോപാലകൃഷ്ണൻ കണ്ടു. 

ഫിലിം പെട്ടിയും ഫിലിമും സ്പൂളുകളും കാർബണുമൊക്കെ ഡിജിറ്റൽ സംവിധാനങ്ങൾക്കു വഴിമാറിക്കൊടുത്തു. ഇടയ്ക്കൊരു തവണ ഷോക്കേറ്റതു മാത്രമാണ്, ഗോപാലകൃഷ്ണന് ഓപറേറ്റർ മുറിയിലുണ്ടായ അപകടം. ഒരു മാസത്തോളം കിടപ്പിലായി. തലചുറ്റൽ കുറച്ചു കാലം തുടർന്നു. അത്ര മാത്രം. 

പ്രായം ചെന്നിട്ടും ഈ യാത്ര, ജോലി? 

‘എനിക്കിഷ്ടമാണീ ജോലി. ഒരു ബുദ്ധിമുട്ടുമില്ല. എല്ലാവരോടും സ്നേഹം മാത്രം.’

ഇഷ്ടപ്പെട്ട നടൻ?

‘മോഹൻലാൽ. അടുത്തു നിന്ന് ഒന്നുകാണണമെന്നും മിണ്ടണമെന്നുമുണ്ട്.’

ഇഷ്ട നടി? 

ശോഭനയെ ഇഷ്ടമാണ്. മഞ്ജു വാരിയരെയും. 

തൃപ്തനായ മനുഷ്യൻ

60 രൂപ ശമ്പളത്തിലാണു തുടക്കം. ഇന്ന്, 15,000 രൂപയിലെത്തി നിൽക്കുന്നു. സന്തോഷമേയുള്ളു. അൽപം കൃഷിയൊക്കെയുണ്ട്. കർഷക പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2 മക്കളും കൊച്ചിയിലെ മൾട്ടിപ്ലെക്സുകളിൽ ഫിലിം ഓപറേറ്റർമാരായി ജോലി നോക്കുന്നു. പ്രിയപ്പെട്ട കെഎസ്ആർടിസി ബസിൽ ഗോപാലകൃഷ്ണൻ ജീവിതയാത്ര തുടരുന്നു.