സ്വയംതൊഴിൽ കണ്ടെത്തി പുതുതായി സംരംഭകരാകുന്നവർ നിക്ഷേപം നടത്തും മുൻപ് ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. അവയെക്കുറിച്ച് പറയാം. 

വിപണിക്ക് ആവശ്യമായ ഉൽപന്നമോ സേവനമോ കണ്ടെത്തുക എന്നതാണ് ഒന്നാമത്തെ കാര്യം. അതിൽനിന്നു വേണം തുടർപദ്ധതികൾക്കു രൂപം നൽകാൻ. വിവിധ മേഖലകളിലുള്ള തൊഴിൽപരിചയം തീർച്ചയായും സംരംഭത്തിനു ഗുണം ചെയ്യും. വിപണിപരിചയം മുതൽക്കൂട്ടുമാകും. പക്ഷേ, പരിചയംകൊണ്ടു മാത്രം നിക്ഷേപം നടത്താൻ കഴിയില്ല. അതിനായി സംരംഭത്തിന്റെ സാമ്പത്തിക–സാങ്കേതിക കാര്യങ്ങളെക്കുറിച്ചു നന്നായി പഠിക്കണം. നിലവിലെ ചുറ്റുപാടുകളിൽ  സംരംഭം ലാഭകരമായി പ്രവർത്തിക്കുമോ എന്നു വിലയിരുത്തണം. സാങ്കേതികമായി സാധ്യമാണോ എന്നും നോക്കണം. പാർട്ട് ടൈം ആയും ഹോബി എന്ന നിലയിലും സംരംഭത്തിലേക്കു വരാം. ആസ്വദിച്ചു ബിസിനസ് ചെയ്യുകയുമാവാം. .

സംരംഭങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇനി പറയുന്ന 10 കാര്യങ്ങൾ വിലയിരുത്തുക:  

1. വിൽക്കാൻ കഴിയുന്നവ മാത്രം തിരഞ്ഞെടുക്കുക

2. കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങുക

3. ലാഭമാകണം ലക്ഷ്യം

4. ആരെയും അമിതമായി ആശ്രയിക്കാതെ നിലനിൽക്കാൻ കഴിയണം

5. മത്സരക്ഷമമായ പൊതുവിപണി ഉണ്ടാക്കണം/കണ്ടെത്തണം

6. വീടുകളെ വ്യവസായ/തൊഴിൽശാലകൾ ആക്കണം (പ്രത്യേകിച്ച് തുടക്കത്തിൽ)

7. വായ്പ അത്യാവശ്യത്തിന് എടുക്കണം. എടുത്ത കാര്യത്തിനുതന്നെ അതു വിനിയോഗിക്കണം

8. ആഡംബരം വേണ്ട. ഉൽപാദനത്തെ സഹായിക്കാത്ത നിക്ഷേപങ്ങൾക്കു തുനിയരുത്

9. പരിസ്ഥിതിയെ പരിഗണിക്കണം; തൊഴിൽ നൈപുണ്യവും.

10. വിശ്വാസ്യത നിലനിർത്തണം. മികച്ച ബന്ധങ്ങൾ ഉണ്ടാക്കണം.

സ്ഥിര വരുമാനത്തിനും അധിക വരുമാനത്തിനും സംരംഭത്തെ ഉപയോഗപ്പെടുത്താം. എന്തുകൊണ്ട് കുറഞ്ഞ നിക്ഷേപത്തിൽ പുതുസംരംഭങ്ങൾ തുടങ്ങണം എന്നു ചോദിക്കുന്നവരുണ്ട്. പുതുസംരംഭങ്ങളുടെ ഉൽപന്നങ്ങൾ വിപണിക്കു പരിചിതമായിരിക്കില്ല. അതിനാൽ ഡിമാൻഡ് കുറവായിരിക്കും. വിപണി കാലക്രമേണ വികസിച്ചുവരും. അങ്ങനെ വികസിച്ചു വരുന്നതനുസരിച്ച് സ്ഥാപനത്തിന്റെ വിപുലീകരണവും ആധുനികവൽക്കരണവും വൈവിധ്യവൽക്കരണവും ആകാം. അങ്ങനെയുള്ള സംരംഭങ്ങളാണ് നന്നായി ശോഭിക്കുക. പുരോഗതി കാണിക്കുന്ന സംരംഭങ്ങളെ ധനകാര്യ സ്ഥാപനങ്ങളും നന്നായി സഹായിക്കാൻ തയാറാകും.

ഒരു സംരംഭം തുടങ്ങിയാൽ അതിൽനിന്നു മറ്റൊന്നിലേക്കു മാറുക അത്ര എളുപ്പമല്ല. തുടങ്ങുന്ന ബിസിനസ് പരാജയപ്പെടാതിരിക്കാനുള്ള മുൻകരുതലുകളാണ് എടുക്കേണ്ടത്. ആ നിലയ്ക്കാണ് ഇത്തരം നിർദേശങ്ങൾ പ്രസക്തമാകുന്നത്. നിയമപരമായി വിൽക്കാവുന്ന ഏതൊരു ഉൽപന്നവും സേവനവും സംരംഭമായി രൂപപ്പെടുത്താം. ഒരു ബിസിനസിന്റെ ജയപരാജയം സംബന്ധിച്ച സംശയം തോന്നിയാൽ ബിസിനസ് ഇൻക്യുബേഷൻ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പരീക്ഷണം നടത്താം. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)