സിവിൽ സർവീസിന്റെ വഴിയിലെ പ്രധാന തീരുമാനങ്ങൾ എടുത്തുകഴിയുമ്പോൾത്തന്നെ തന്റെ ദൃഢനിശ്ചയം ഉദ്യോഗാർഥിക്ക് പുത്തനുണർവു നൽകും. സ്കൂളിൽ പഠിക്കുന്നവർക്ക് അടുത്ത ആറേഴു വർഷത്തേക്കും കോളജ് വിദ്യാർഥികൾക്ക് മൂന്നുനാലു വർഷത്തേക്കും ഡിഗ്രി കഴിഞ്ഞവർക്കു സിവിൽ സർവീസ് ലഭിക്കുന്നതു വരെയുമുള്ള ദിശാബോധം ലഭ്യമായിക്കഴിഞ്ഞു. ആ സമയത്തിനകം സിവിൽ സർവീസ് നേടണമെന്ന സ്ഥിരചിന്ത തീർച്ചയായും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഏറെ സഹായിക്കും. 

പക്ഷേ, സുപ്രധാന തീരുമാനങ്ങൾ ഇനിയും ബാക്കിയാണ്. ഐച്ഛിക വിഷയം സംബന്ധിച്ച തിരഞ്ഞെടുപ്പാണ് ഒന്ന്. സിവിൽ സർവീസ് മെയിൻ പരീക്ഷയെഴുതുന്ന ഓരോരുത്തരും ഒരു ഐഛിക വിഷയം തിരഞ്ഞെടുക്കേണ്ടതാണ്. ഇത് ഉദ്യോഗാർഥി ഡിഗ്രി പഠിച്ച വിഷയമാകണമെന്ന് നിർബന്ധമില്ല. (മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ച ഞാൻ 2007 ൽ ഞാൻ പരീക്ഷയെഴുതിയപ്പോൾ തിരഞ്ഞെടുത്തത് സാഹിത്യവും ഭൂമിശാസ്ത്രവും ആയിരുന്നു). 

മറ്റുള്ളവരുടെ അഭിപ്രായം കേട്ട് ചില ആശയക്കുഴപ്പങ്ങൾ ഈ ഘട്ടത്തിലും വന്നേക്കാം. ചില വിഷയങ്ങൾ പഠിക്കാൻ എളുപ്പമാണെന്നും ചിലതിനു മാർക്ക് കിട്ടില്ലെന്നും ചിലതിൽ മത്സരം കൂടുതലാണെന്നും മറ്റുമുള്ള അഭിപ്രായങ്ങളൊക്കെ വരും. അതിനൊന്നും കാതോർക്കാതെ ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കണമെന്നാണ് എന്റെ അഭിപ്രായം. ഏതു വിഷയമെടുത്താലും നല്ല മാർക്ക് ലഭിക്കാനും സിവിൽ സർവീസിൽ വിജയിക്കാനും താൽപര്യം പ്രധാനമാണ്. താൽപര്യമുണ്ടെങ്കിലേ അഗാധമായി പഠിക്കാനും സർഗാത്മകമായി എഴുതി മികച്ച ഉത്തരങ്ങൾ നൽകാനും സാധിക്കൂ എന്നോർക്കുക. 

അടുത്ത ഘട്ടം പഠനത്തിനു പ്ലാൻ തയാറാക്കുക എന്നതാണ്. പരീക്ഷ എഴുതുന്ന വർഷം തീരുമാനിച്ചതിനാൽ എത്ര ദിവസം മുന്നിലുണ്ടെന്നു കൃത്യമായി അറിയാം. 3 വർഷം കഴിഞ്ഞ് പരീക്ഷയെഴുതുന്ന ഡിഗ്രി വിദ്യാർഥിക്ക് 1000 ദിവസം മുന്നിലുണ്ടാകും. ആദ്യ 700 ദിവസം (ഡിഗ്രി രണ്ടും മൂന്നും വർഷം) ദിവസവും 2 മണിക്കൂർ പഠിക്കുമെന്നും പിന്നീടുള്ള 300 ദിവസം ജോലിക്കു പോകാതെയും പിജിക്കു ചേരാതെയും ദിവസം 8 മണിക്കൂർ പഠിക്കുമെന്നും ആദ്യ 200 ദിവസം ശനി, ഞായർ ദിവസം കോച്ചിങ്ങിനു പോകുമെന്നുമൊക്കെ ഉള്ള രീതിയിൽ കൃത്യമായ ആസൂത്രണമുണ്ടാക്കണം. 

പ്ലസ് ടു പഠിക്കുന്നവരുടെ പ്ലാൻ ഇങ്ങനെയാകാം: ആദ്യ രണ്ടു വർഷം (പ്ലസ് ടു കഴിയുന്നതുവരെ) പ്രത്യേകിച്ച് ഒന്നു പഠിക്കില്ല. പിന്നീടുള്ള നാലു വർഷം ആഴ്ചയിൽ 10 മണിക്കൂർ പഠിക്കും. അങ്ങനെയായാൽ ഡിഗ്രി കഴിഞ്ഞ വർഷംതന്നെ പരീക്ഷ എഴുതാൻ വേണ്ട അറിവുണ്ടാകും. അപ്പോൾത്തന്നെ പരീക്ഷയെഴുതാം. 

ജോലി ചെയ്തുകൊണ്ടു പഠിക്കുന്നവർക്കും മുഴുവൻ സമയവും പഠനത്തിനു മാറ്റിവച്ചവർക്കുമെല്ലാം ഈ രീതിയിൽ ദിവസങ്ങൾ കണക്കാക്കി, അവ എങ്ങനെ വിനിയോഗിക്കാമെന്നു കൃത്യമായി പ്ലാൻ ചെയ്യാം. ഈ ആസൂത്രണം വളരെ പെർഫക്ട് ആകണമെന്നു ചിന്തിക്കേണ്ടതില്ല. തുടങ്ങുകയാണു പ്രധാനം. തുടക്കം ലഭിച്ച ശേഷം പ്രായോഗികമായി മാറ്റം വരുത്തി പ്ലാൻ മെച്ചപ്പെടുത്താം. 

പഠനം എങ്ങനെ ക്രമപ്പെടുത്തും എന്നതാണ് ഇനിയുള്ള ഘട്ടം. ഏതൊക്കെ വിഷയങ്ങൾ പഠിക്കണം, ഏതൊക്കെ പുസ്തകങ്ങൾ വായിക്കണം എന്നൊക്കെ അതിൽ ഉൾപ്പെടുന്നു. അത് ഓരോരുത്തരും വ്യക്തിപരമായി എടുക്കേണ്ട തീരുമാനമാണ്. കോച്ചിങ്ങിനു പോകുന്നുണ്ടെങ്കിൽ അവിടുെത്ത ക്ലാസുമായി ചേർന്നുപോകുന്ന രീതിയിൽ തീരുമാനിക്കാം. തീരുമാനമെടുത്ത് തുടക്കം കുറിക്കാൻ മടി കാണിക്കരുത് എന്നതാണു വളരെ പ്രധാനപ്പെട്ട കാര്യം. ഏതാണു മികച്ച വഴി എന്നാലോചിച്ച് 2 വർഷം കളയുന്നതിനേക്കാൾ നല്ലതാണ്, ശരിയെന്നു തോന്നുന്ന ഒരു വഴി സ്വീകരിച്ച് ചെറിയ തെറ്റുകൾ വരുമ്പോൾ തിരുത്തി മുന്നോട്ടു പോകുന്നത്.