സദാസമയവും വിഡിയോ ഗെയിം കളിച്ചു നടക്കുന്ന ചെറുപ്പക്കാരെ പുച്ഛിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ, ഭാവിയിൽ അവർക്കു വലിയൊരു ജോലിസാധ്യതയുണ്ടെന്നുകൂടി ഓർക്കണം. 

ഗെയിമുകളിൽ എതിരാളികളെ വെടിവച്ചിടുന്നതു പോലെ ശരിക്കുമൊരു യുദ്ധത്തിൽ നടക്കുമോ എന്നു ചിന്തിക്കാൻ വരട്ടെ. ജർമനിയിൽ ഇത്തരം ഗെയിമർമാരെ അവിടത്തെ ആർമി റിക്രൂട്ട് ചെയ്തു തുടങ്ങി. ‘കംപ്യൂട്ടർ പട്ടാളക്കാർ’ യഥാർഥ യുദ്ധത്തിനൊന്നും പോകേണ്ട കാര്യമില്ല. സൈബർ ലോകത്തെ യുദ്ധങ്ങളിലാണ് ഇവരെ ഉപയോഗിക്കുക. ഓഗസ്റ്റിൽ ജർമനിയിലെ കൊളോണിൽ നടന്ന ‘ഗെയിംസ്കോം’ വിഡിയോ ഗെയിം ട്രേഡ് ഫെയറിലാണു ജർമൻ ആർമി വിഡിയോ ഗെയിം തൽപരരായ യുവാക്കളെ തേടിയിറങ്ങിയത്.

ടെക്കികൾക്കു സ്വാഗതം
ലോകത്തെ പ്രധാന വിഡിയോ ഗെയിം കമ്പനികൾ ഏറ്റവും പുതിയ ഉൽപന്നങ്ങൾ അവതരിപ്പിച്ച ‘ഗെയിംസ്കോം’ ഫെയറിലെ ജർമൻ ആർമി സ്റ്റാളിൽ യുദ്ധോപകരണങ്ങൾക്കൊപ്പം വിഡിയോ ഗെയിം പവിലിയനും ഉണ്ടായിരുന്നു. പ്രാവീണ്യം തെളിയിച്ചവർക്കു പരിശീലനം നൽകി ജർമൻ സേന ജോലിക്കെടുക്കും.

എന്നാൽ, വെടിവയ്പും യുദ്ധവും പോലെ അക്രമവാസന നിറഞ്ഞ ഗെയിമുകളുമായല്ല പട്ടാളം അവിടെയെത്തിയത്. ഹെലികോപ്റ്റർ സിമുലേഷൻ പോലെ സാങ്കേതികവിദ്യകളിലെ അറിവും പ്രശ്നപരിഹാര വൈദഗ്ധ്യവും വേണ്ട ഗെയിമുകളായിരുന്നു.

അലസരെ വേണ്ടേ... 
കളിച്ചിരിക്കുന്നവരാണെന്നു കരുതി, അലസരെ പട്ടാളത്തിനു വേണ്ട. പ്രഫഷനലിസം ഉള്ളവരെ മാത്രമേ ജോലിക്കെടുക്കൂ. ഗെയിമുകളിലെ ആയുധങ്ങളോടുള്ള താൽപര്യം കൊണ്ടു ജോലിക്കു വരേണ്ടെന്നാണു നിർദേശം. വെർച്വൽ ലോകത്തുനിന്ന് ഇവരെ യാഥാർഥ്യത്തിലേക്കു കൊണ്ടുവരാൻ ഇത്തരം ഉദ്യമങ്ങൾ സഹായിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ടെക്കികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെങ്കിലും കംപ്യൂട്ടർ വിദഗ്ധർക്കും ഹാക്കർമാർക്കും പട്ടാളത്തിനെ വിശ്വാസമില്ല. ഹാക്കർമാരെ നിരീക്ഷിക്കുകയാണ് ആർമിയുടെ ഉദ്ദേശ്യമെന്ന് അവർ കരുതുന്നു. സൈബറിടത്തിലെ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന സൈബർ വിദഗ്ധരിൽ ഒരു വിഭാഗം, പട്ടാളത്തിന്റെ ഈ നീക്കത്തോടു വിയോജിപ്പുള്ളവരാണ്.