റോസെറ്റോ ഇഫക്ട് എന്നു കേട്ടിട്ടുണ്ടോ? യുഎസിൽ പെന്‍സില്‍വാനിയ സ്റ്റേറ്റിലെ റോസെറ്റോ ഗ്രാമത്തില്‍നിന്നാണ് ആ പ്രയോഗമുണ്ടായത്. ജീവിതാനന്ദം കൊണ്ടു രോഗത്തെ തോല്‍പിച്ചവരാണു റോസെറ്റോക്കാർ.

മരണനിരക്കും ഹൃദ്രോഗവും നന്നേ കുറവായ ഈ ഗ്രാമത്തെക്കുറിച്ചു പഠനം നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ആഹാരരീതിയാണ് ആദ്യം പഠനവിധേയമാക്കിയത്. വറുത്തതും പൊരിച്ചതുമായ മാംസാഹാരങ്ങളാണ് അവരുടെ മുഖ്യ ഭക്ഷണം. എന്നിട്ടും അവരില്‍ ഹൃദ്രോഗത്തിന്റെയും ഹൃദയസ്തംഭനത്തിന്റെയും സാധ്യത കുറവായിരുന്നത് പഠനസംഘത്തെ അത്ഭുതപ്പെടുത്തി. തുടര്‍ന്ന് വ്യായാമത്തിന്റെ സ്വാധീനത്തെക്കുറിച്ചായി പഠനം. റോസെറ്റോ ഗ്രാമത്തിലെ പുരുഷന്മാരിലധികവും മടിയന്മാരും കായികാധ്വാനത്തില്‍ പിന്നില്‍ നില്‍ക്കുന്നവരുമായിരുന്നു!

ഈ സാഹചര്യങ്ങളൊക്കെ പ്രതികൂലമായിരുന്നിട്ടും ഹൃദ്രോഗത്തിനോ ഹൃദയസ്തംഭനത്തിനോ ഇവരെ ഒന്നു തൊടാന്‍ പോലും കഴിഞ്ഞില്ലെന്നത് പഠനസംഘത്തെ അമ്പരപ്പിച്ചു. തുടർന്ന് അവർ ഗ്രാമവാസികളുടെ ജീവിതരീതി തുടർച്ചയായി നിരീക്ഷിച്ചു. അതുവഴിയുള്ള കണ്ടെത്തല്‍ ശാസ്ത്ര നീരീക്ഷണ-ഗവേഷണ സിദ്ധാന്തങ്ങളെയെല്ലാം മാറ്റിമറിക്കുന്നതായിരുന്നു. 

ഗ്രാമവാസികളില്‍ ആരും പരസ്പരം വിദ്വേഷമോ പകയോ വച്ചുപുലര്‍ത്തിയിരുന്നില്ല. അവര്‍ പരസ്പരം സ്‌നേഹിക്കാന്‍ മത്സരിച്ചു. ചിരിക്കുന്ന മുഖത്തോടെയല്ലാതെ അവിടെ ആരെയും കാണാന്‍ കഴിയുമായിരുന്നില്ല. ആഘോഷങ്ങളും ആഹ്ലാദങ്ങളും മാത്രമായിരുന്നു ആ ഗ്രാമത്തിന്റെ ആത്മാവ്. അവര്‍ പരസ്പരം സഹായിച്ചും സ്‌നേഹിച്ചും കഴിഞ്ഞുപോന്നു. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ഈ കൂട്ടായ്മയാണ് അവരെ രോഗത്തില്‍നിന്ന് അകറ്റി നിര്‍ത്തിയത്. ഈ റോസെറ്റോ ഇഫക്ട് ആരോഗ്യരംഗത്തിനു പകന്നത് ഊര്‍ജ്വസ്വലമായ പുതിയൊരു അധ്യായമായിരുന്നു. 

ചിരി മനുഷ്യന്റെ ആയുസ്സ് വർധിപ്പിക്കുമെന്ന് പഴമക്കാരും പുതുതലമുറയും ആവര്‍ത്തിച്ചു പറയുമ്പോഴും ചിരിക്കാന്‍ മറന്നുപോകുന്നവരല്ലേ നമ്മളെന്നു തോന്നിപ്പിക്കുന്ന കാലത്തിലൂടെയാണു നമ്മുടെ സഞ്ചാരം. മുഖമുയര്‍ത്തി സുസ്‌മേരവദനനായി സമൂഹത്തെ അഭിമുഖീകരിച്ചിരുന്ന കാലത്തില്‍നിന്ന് മുഖംതാഴ്ത്തി നടക്കുന്നവരായി നാം മാറുന്നു. സമൂഹത്തില്‍ നടക്കുന്നതൊന്നും നാം കാണുന്നില്ല, കേള്‍ക്കുന്നില്ല. മുഖം താഴ്ത്തി മൊബൈല്‍ ഫോണുകളിലേക്കു മാത്രമായി നമ്മുടെ ശ്രദ്ധ മാറിയിരിക്കുന്നു. കാതുകളില്‍ ഇയര്‍ ഫോണിന്റെ കടന്നുകയറ്റം കൂടിയാവുമ്പോള്‍ സാമൂഹികജീവിതത്തിന്റെ സ്പന്ദനങ്ങളില്‍നിന്ന് അകലാതിരിക്കുന്നതെങ്ങനെ?  

മനുഷ്യന്റെ ഉൽപത്തിക്കു മുൻപുതന്നെ ചിരിയുണ്ടായിരുന്നു. മനുഷ്യന്റെ ആദിമരൂപമായ പിഗ്മി ചിമ്പാൻസികൾ മനുഷ്യക്കുട്ടികളെപ്പോലെ ചിരിച്ചിരുന്നത്രെ. ഒരു കുട്ടി ദിവസം ശരാശരി 300 തവണ ചിരിക്കുന്നു എന്നാണു കണക്ക്. പ്രായപൂര്‍ത്തിയാകുമ്പോൾ ചിരി ശരാശരി 20 തവണയിലേക്ക് ഒതുങ്ങുന്നു! 

മനുഷ്യജീവിതത്തിന്റെ സഞ്ചാരത്തിൽ ചിരിപോലെ സ്വാധീനം ചെലുത്തുന്നൊരു പ്രക്രിയ ഇല്ലെന്നുതന്നെ പറയാം. കണ്ണു കാണാത്തവര്‍ക്കും ചെവി കേള്‍ക്കാത്തവര്‍ക്കും ചിരിക്കാന്‍ കഴിയുന്നു. രക്തചംക്രമണം നടക്കാനും വേദന ശമിപ്പിക്കാനും പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ചിരി  സഹായിക്കുന്നു.  ചുണ്ടുകളിലുണ്ടാവുന്ന ചെറിയൊരു വളവുകൊണ്ട് ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇല്ലാതാകുന്നു. 

സന്തോഷകരമായ ജീവിതം നയിക്കുന്നവർക്കേേ ആത്മാര്‍ത്ഥമായി ചിരിക്കാനാകൂ. ഏതു സ്പര്‍ധയെയും തകര്‍ത്തെറിയാന്‍ നമ്മുടെ ചുണ്ടുകളിലെ മാധുര്യമൂറുന്ന ഒരു ചിരി മതി. അതിലെ സ്‌നേഹവും ലാളിത്യവും ഉള്‍ക്കൊള്ളാതിരിക്കാന്‍ ആര്‍ക്കുമാവില്ല. നിങ്ങളിലെ ഒരു ചെറു ചിരി പടര്‍ന്ന് പടര്‍ന്ന് ലോകത്തിന്റെ നെറുകയിലെത്തട്ടെ. പരസ്പരം ബഹുമാനിച്ചും സ്‌നേഹിച്ചും ചിരിച്ചും ജീവിക്കുന്ന ഒരു തലമുറയെ നമുക്ക് ഈ ലോകത്തിനായി സമ്മാനിക്കാം.