‘മോഷണം ഒരു കലയാണ്’–സിനിമകളിലും മറ്റുമായി കേട്ടു തഴമ്പിച്ച ഡയലോഗ്. മോഷ്ടാവിനെ പിടികൂടി അകത്തിടുന്നത് കലയല്ല, കരവിരുതാണെന്നാണു പൊലീസുകാർ പറയുക. എന്തായാലും സിസി ടിവി ക്യാമറകളുടെയും സൈബർ നിരീക്ഷണങ്ങളുടെയും കാലം ‘പാരമ്പര്യ’ മോഷ്ടാക്കളെ അടപടലം പൂട്ടുന്ന ലക്ഷണമാണ്. 

എന്നാൽ, അംഗീകൃത തൊഴിലായി മോഷണം കൊണ്ടുനടക്കുന്നവരെക്കുറിച്ചു കേട്ടിട്ടുണ്ടോ? വെറും മോഷണമല്ല, ബാങ്ക് മോഷണം! തെറ്റിദ്ധരിക്കേണ്ട, ശരിക്കുമുള്ള മോഷ്ടാക്കളെക്കുറിച്ചല്ല പറയുന്നത്. ‘ലീഗൽ ബാങ്ക് റോബേഴ്സ്’ അഥവാ നിയമപരമായി ബാങ്ക് കൊള്ളയടിക്കുന്നവർ! 

മോഷ്ടിക്കാം, ജയിലിലാവില്ല 
തങ്ങളുമായി കരാറിൽ ഏർപ്പെട്ട ബാങ്കിന്റെ പരമാവധി ശാഖകളിൽ മോഷണം നടത്തുകയോ മോഷ്ടിക്കാൻ ശ്രമിക്കുകയോ ചെയ്യുക എന്നതാണു ലീഗൽ ബാങ്ക് റോബേഴ്സിന്റെ ജോലി. പൊലീസ് പിടികൂടുമെന്നോ ജയിലിൽ പോകുമെന്നോ പേടി വേണ്ട. മോഷണത്തിലൂടെ ലഭിക്കുന്ന പണം സ്വന്തമാക്കാൻ സാധിക്കില്ലെന്നു മാത്രം. ബാങ്കുകളുടെ സുരക്ഷ എത്രയുണ്ടെന്നു മനസ്സിലാക്കുകയാണു ലക്ഷ്യം. കംപ്യൂട്ടറുകളിലെ ‘എത്തിക്കൽ ഹാക്കിങ് ’ പോലെയൊന്ന്. ‘പെനിട്രേഷൻ ടെസ്റ്റിങ് ’ എന്നാണു സാങ്കേതികമായി ഈ ജോലിയുടെ പേര്. യൂറോപ്പിലും അമേരിക്കയിലും ഇത്തരം ജോലിക്കാരുണ്ട്. സൈബർ കുറ്റകൃത്യങ്ങളുടെ കാലത്ത് ഇവർക്കു പ്രാധാന്യം ഏറിയിട്ടുണ്ട്. അമേരിക്കക്കാരനായ ജിം സ്ടിക്‌ലി എന്ന സൈബർ സുരക്ഷാ വിദഗ്ധൻ ആയിരത്തോളം ബാങ്കുകളുടെ നെറ്റ്‌വർക്കുകൾ ഹാക് ചെയ്യുകയും മോഷണം നടത്തുകയും ചെയ്തിട്ടുണ്ട്! 

ബാങ്ക് മോഷ്ടാക്കളെ കണ്ടാലറിയില്ല 
മുൻപ് നേരിട്ടു ബാങ്കിൽ ചെന്നു നടത്തിയിരുന്ന ‘മോഷണങ്ങൾ’ ഇപ്പോൾ സൈബർ മേഖലയിലേക്കു മാറി. ഹാക്കിങ്, വ്യക്തിവിവര മോഷണം മുതൽ ഉപഭോക്താക്കളെ വിളിച്ചു പറ്റിക്കുന്നതു വരെയുള്ള സംഗതികളുണ്ട്. വേഷം മാറി നെറ്റ്‌വർക്കിൽ കൃത്രിമം നടത്തിയും മോഷണമാകാം. ഇതൊന്നും വിജയിക്കുന്നില്ലെങ്കിൽ ബാങ്കിൽ നേരിട്ടു ചെന്നു സെക്യൂരിറ്റികളെ തടവിലാക്കി മോഷണം നടത്താം!.പൊതുവെ ലീഗൽ ബാങ്ക് റോബേഴ്സ് തങ്ങളുടെ വിവരങ്ങൾ പരസ്യമാക്കാറില്ല. ഇവരുടെ ജോലി എന്താണെന്നു പുറംലോകത്തിന് അറിവുമുണ്ടാകില്ല.