ഓട്ടം കിട്ടുന്നതുകൊണ്ടു ജീവിതം കൂട്ടിമുട്ടിക്കുന്ന ഡ്രൈവർമാരെയാണു നമ്മൾ പൊതുവെ കാണുക. ഡ്രൈവിങ്ങിനെന്തു ഗ്ലാമർ എന്തു ചിന്തിക്കാൻ വരട്ടെ. പിൻസീറ്റിൽ ഇരിക്കുന്നയാളുടെ വലിപ്പത്തിനനുസരിച്ച് ഡ്രൈവറുടെയും ഗ്ലാമർ ഗ്രാഫ് ഉയരും. അക്കണക്കിൽ നോക്കിയാൽ മാസം ലക്ഷങ്ങൾ ശമ്പളം കിട്ടുന്നവരാണ് ‘സെലിബ്രിറ്റി ഡ്രൈവർമാർ’! 

മുകേഷ് അംബാനിയെപ്പോലുള്ള കോടിപതികളുടെ ഡ്രൈവർമാർ ചില്ലറക്കാരല്ല. ഓരോ മിനിറ്റിനും ലക്ഷങ്ങളുടെ വിലയുള്ള ശതകോടീശ്വരന്മാർ തങ്ങളുടെ ഡ്രൈവർമാർക്ക് അതിനനുസരിച്ചു ശമ്പളം കൊടുത്തില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ. സെലിബ്രിറ്റിയുടെ സുരക്ഷയും വീട്ടുകാര്യങ്ങളുമടക്കമുള്ള ചുമതലകൾ നിർവഹിക്കുന്ന ഈ ഡ്രൈവിങ് സീറ്റിലെത്താൻ അത്ര എളുപ്പവുമല്ല. 

വളയം നോക്കി ചാടാം 
താരനിശകളിൽ രാജകീയമായി വന്നിറങ്ങുന്ന സിനിമാ താരങ്ങളെ എല്ലാവരും കാണും. അവരെ അവിടെയെത്തിക്കുന്ന ഡ്രൈവർമാരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവരും പാതി സെലിബ്രിറ്റികളാണ്. താരങ്ങളുടെ ഒപ്പം എവിടെയും പോകാം, അവരുടെ ജീവിതശൈലിയുടെ ഒരു ഭാഗം അനുഭവിക്കാം തുടങ്ങിയ അവസരങ്ങൾ ഇത്തരം ഡ്രൈവർമാരെ കാത്തിരിക്കുന്നുണ്ട്. കോടീശ്വരന്മാരായ ബിസിനസുകാരുടെ ഡ്രൈവർമാരുടെ കാര്യവും വ്യത്യസ്തമല്ല. അമേരിക്കയിൽ സെലിബ്രിറ്റി ഡ്രൈവർമാരുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്.

പണി കിട്ടാനുമുണ്ട് പണി 
ഇതൊക്കെ കേട്ട് ഏതെങ്കിലും സെലിബ്രിറ്റിയുടെ ഡ്രൈവറായി ജോലിക്കു കയറിയേക്കാം എന്നു തീരുമാനിക്കാൻ വരട്ടെ. സൈന്യത്തിലേക്ക് ആളെ എടുക്കുന്നതു പോലുള്ള തിരഞ്ഞെടുപ്പു പ്രക്രിയയാണ് പലയിടത്തും ഇത്തരം ഡ്രൈവർമാരെ കാത്തിരിക്കുന്നത്. ഡ്രൈവിങ്ങിലെ പരിചയസമ്പത്ത്, ലക്ഷ്വറി കാറുകൾ ഓടിക്കുന്നതിലെ വൈദഗ്ധ്യം, റിപ്പയറിങ് വൈദഗ്ധ്യം തുടങ്ങിയവ വളരെ പ്രധാനപ്പെട്ടവയാണ്. 

മുകേഷ് അംബാനിയുടെ ഡ്രൈവറാകാൻ ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ടത്രെ. സ്വകാര്യ ഏജൻസി നടത്തുന്ന തിരഞ്ഞെടുപ്പു പ്രക്രിയ പാസായാൽ ആദ്യം അംബാനിയുടെ സുരക്ഷാവിഭാഗത്തിന്റെ കാറുകൾ ഓടിക്കാൻ സാധിക്കും. അത്തരക്കാരെ തുടർച്ചയായി നിരീക്ഷിക്കും. തൃപ്തികരമായ പ്രകടനം കാഴ്ചവച്ചാൽ അംബാനിയുടെ കാറിന്റെ ഡ്രൈവിങ് സീറ്റിലിരിക്കാം!