∙ അഡ്‌മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ പരിശോധനയ്‌ക്കായി ഉദ്യോഗാർഥികൾ 1.30നു തന്നെ പരീക്ഷാ കേന്ദ്രത്തിൽ അവരവർക്ക് അനുവദിച്ചിട്ടുള്ള ഇരിപ്പിടത്തിൽ ഹാജരാകണം.  1.30നു ശേഷം എത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.   പരീക്ഷ രണ്ടു മുതൽ 3.15 വരെയാണ്.  

∙ ഉദ്യോഗാർഥികൾ ഫോട്ടോ പതിച്ച ഒരു തിരിച്ചറിയൽ രേഖ  ഹാജരാക്കണം. അല്ലാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.  

∙ പരീക്ഷാ ഹാളിൽ നൽകുന്ന അഡ്രസ് ലിസ്‌റ്റിൽ സ്വന്തം പേരിനു നേരെ ഉദ്യോഗാർഥി ഒപ്പ് രേഖപ്പെടുത്തണം. 

∙ ഉത്തരക്കടലാസിന്റെ എ പാർട്ടിൽ റജിസ്‌റ്റർ നമ്പർ, ജനനതീയതി എന്നിവ നിശ്‌ചിത സ്‌ഥലത്ത് എഴുതുകയും ബന്ധപ്പെട്ട കുമിളകൾ കറുപ്പിക്കുകയും വേണം. പരീക്ഷയുടെ പേരും, പരീക്ഷാ തീയതിയും ഇതിനായി അനുവദിച്ച സ്‌ഥലത്ത് രേഖപ്പെടുത്തണം. 

∙ ചോദ്യബുക്ക്‌ലെറ്റ് ആൽഫാ കോഡ് ബബിൾ ചെയ്‌ത ഉത്തരക്കടലാസാണ് ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കുക.  ഉദ്യോഗാർഥിക്ക് നൽകിയിട്ടുള്ള ചോദ്യബുക്ക്‌ലെറ്റ് ആൽഫാ കോഡ് പരീക്ഷാ ഹാളിലെ ഇരിപ്പിടത്തിൽ  രേഖപ്പെടുത്തിയിട്ടുണ്ട്. തനിക്ക് അനുവദിച്ച ആൽഫാ കോഡിലുള്ള ചോദ്യബുക്ക്‌ലെറ്റാണ് ലഭിച്ചതെന്ന് ഉദ്യോഗാർഥി ഉറപ്പു വരുത്തണം. അങ്ങനെയല്ലെങ്കിൽ ഉടൻ ഇൻവിജിലേറ്ററുടെ ശ്രദ്ധയിൽപെടുത്തണം. 

∙ ഉത്തരങ്ങൾ രേഖപ്പെടുത്തേണ്ടത് ഉത്തരക്കടലാസിന്റെ ബി– പാർട്ടിലാണ്. ഓരോ ചോദ്യത്തിന്റെയും ശരിയുത്തരത്തിനുള്ള ബബിൾ മാത്രം പൂർണമായി കറുപ്പിക്കുക. ഉത്തരക്കടലാസിൽ മറ്റെവിടെയും യാതൊന്നും രേഖപ്പെടുത്താൻ പാടില്ല.

∙ അച്ചടിയിലെയോ നിർമാണത്തിലെയോ അപാകത മൂലമല്ലാതെ മറ്റു യാതൊരു കാരണവശാലും  ഒഎംആർ ഉത്തരക്കടലാസ്/ചോദ്യപുസ്‌തകം മാറ്റി നൽകുന്നതല്ല. 

∙ ഉത്തരങ്ങൾ രേഖപ്പെടുത്താൻ നീല/കറുപ്പ് മഷിയുള്ള ബോൾ പോയിന്റ് പേന മാത്രം ഉപയോഗിക്കുക.

∙ ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് വീതം ലഭിക്കും. ഓരോ തെറ്റിനും മൂന്നിലൊന്ന് മാർക്ക്  വീതം  കുറവ് ചെയ്യും (നെഗറ്റീവ് മാർക്ക്). അതായത് മൂന്ന് ഉത്തരങ്ങൾ തെറ്റായി രേഖപ്പെടുത്തിയാൽ നെഗറ്റീവ് ഉൾപ്പെടെ മൊത്തം നാല് മാർക്ക് നഷ്‌ടമാകും. ഒന്നിൽ കൂടുതൽ ഉത്തരങ്ങൾ രേഖപ്പെടുത്തുന്നതും ഒരിക്കൽ അടയാളപ്പെടുത്തിയ ഉത്തരങ്ങൾ തിരുത്തുന്നതും നെഗറ്റീവ് മാർക്ക് ലഭിക്കുന്നതിന് ഇടയാക്കും. എന്നാൽ ഉത്തരങ്ങൾ രേഖപ്പെടുത്താതിരുന്നാൽ നെഗറ്റീവ് മാർക്ക് ബാധകമാകില്ല. 

∙ ഉത്തരം കണ്ടുപിടിക്കുന്നതിന് കണക്കുകൂട്ടലുകളോ കുറിപ്പുകളോ എഴുതണമെങ്കിൽ ചോദ്യപുസ്‌തകത്തിന്റെ അവസാന പേജ്  ഉപയോഗിക്കുക. 

∙ ഉത്തരക്കടലാസിൽ ദ്വാരങ്ങൾ ഇടരുത്. നനയുകയോ വൃത്തിഹീനമാകുകയോ ചെയ്യരുത്. 

∙ പരീക്ഷ തുടങ്ങിക്കഴിഞ്ഞ് ഉദ്യോഗാർഥിയെ പരീക്ഷാ ഹാളിൽ കയറാൻ അനുവദിക്കില്ല. പരീക്ഷ അവസാനിച്ചതിനു ശേഷമേ ഹാൾ വിട്ട് പുറത്തുപോകാൻ അനുവദിക്കൂ.

∙ പരീക്ഷ കഴിഞ്ഞതിനു ശേഷം ഉത്തരക്കടലാസിന്റെ പാർട്ട് എ–യും പാർട്ട് ബി–യും നിശ്‌ചിത ഭാഗത്തുകൂടി കീറി രണ്ടു ഭാഗങ്ങളും അസിസ്‌റ്റന്റ് സൂപ്രണ്ടിനെ ഏൽപ്പിക്കണം. പരീക്ഷ കഴിയുന്നതിനു മുൻപായി എ, ബി പാർട്ടുകൾ മുറിച്ച് വേർപെടുത്താൻ പാടില്ല.

∙ പരീക്ഷാ ജോലിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരോട് ഹാളിൽ അപമര്യാദയായി പെരുമാറുകയോ, പരീക്ഷയിൽ അനാശാസ്യ മാർഗങ്ങൾ അവലംബിക്കുകയോ ചെയ്യുന്ന ഉദ്യോഗാർഥികളെ പരീക്ഷാ ഹാളിൽ നിന്നു പുറത്താക്കും.

മുകളിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ ഉത്തരക്കടലാസ് അസാധുവാക്കുന്നതും അവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതുമാണ്.

∙ യാത്രാപ്പടിക്ക് അർഹതയുള്ളവർ അന്നുതന്നെ ചീഫ് സൂപ്രണ്ടിൽ നിന്നും അറ്റൻഡൻസ് സർട്ടിഫിക്കറ്റ് വാങ്ങണം. 

∙ യാതൊരു കാരണവശാലും പരീക്ഷാ കേന്ദ്രത്തിൽ മാറ്റം അനുവദിക്കില്ല.

∙ അപേക്ഷകൾ സൂക്ഷ്‌മ പരിശോധന നടത്തിയിട്ടില്ലാത്തതിനാൽ അപേക്ഷകരെയെല്ലാം പരീക്ഷ എഴുതാൻ സോപാധികമായി അനുവദിച്ചിരിക്കയാണ്. വിശദമായ പരിശോധനയിൽ ന്യൂനതകൾ കാണുന്ന പക്ഷം അപേക്ഷ നിരസിക്കും. 

ഹാജരാക്കേണ്ട തിരിച്ചറിയൽ രേഖകൾ 

ഉദ്യോഗാർഥികൾ  ഫോട്ടോപതിച്ച ഒരു തിരിച്ചറിയൽ രേഖ പരീക്ഷയ്‌ക്കെത്തുമ്പോൾ ഹാജരാക്കണം.  തിരിച്ചറിയൽ രേഖയുടെ ഒറിജിനലാണ് ഹാജരാക്കേണ്ടത്.  താഴെ പറയുന്ന തിരിച്ചറിയൽ രേഖകളാണ് പിഎസ്‌സി അംഗീകരിക്കുന്നത്.  

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, സർക്കാർ ജീവനക്കാർക്ക് ബന്ധപ്പെട്ട വകുപ്പിൽ നിന്നു നൽകുന്ന തിരിച്ചറിയൽ കാർഡ്, ദേശസാൽകൃത ബാങ്കുകളിൽ നിന്നു ലഭിക്കുന്ന ഫോട്ടോ പതിച്ച പാസ്‌ബുക്ക്, വികലാംഗർക്ക് സാമൂഹികക്ഷേമ വകുപ്പ് നൽകുന്ന തിരിച്ചറിയൽ കാർഡ്, വിമുക്‌തഭടന്മാർക്കു ജില്ലാ സൈനികക്ഷേമ ഓഫിസിൽ നിന്നു നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഡിസ്‌ചാർജ് സർട്ടിഫിക്കറ്റും, മോട്ടോർ വാഹന വകുപ്പ് നൽകുന്ന കണ്ടക്‌ടർ ലൈസൻസ്, ഷെഡ്യൂൾഡ് ബാങ്കുകൾ/സംസ്‌ഥാന സഹകരണ ബാങ്ക്/ജില്ലാ സഹകരണ ബാങ്ക് എന്നിവ നൽകുന്ന ഫോട്ടോ പതിച്ച പാസ് ബുക്ക്, പൊതുമേഖലാ സ്‌ഥാപനങ്ങൾ/വിവിധ കമ്പനികൾ/കോർപറേഷനുകൾ/ബോർഡുകൾ/അതോറിറ്റികൾ/സർക്കാർ സ്വയംഭരണ സ്‌ഥാപനങ്ങൾ എന്നിവ അവരുടെ ജീവനക്കാർക്കു നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, കേരളത്തിലെ സർവകലാശാലാ ജീവനക്കാർക്കു നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, വികലാംഗ ഉദ്യോഗാർഥികൾക്കു  മെഡിക്കൽ ബോർഡ് നൽകുന്ന ഫോട്ടോ പതിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്, അഭിഭാഷകനായി എൻറോൾ ചെയ്‌തവർക്കു ബാർ കൗൺസിൽ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്,  കേന്ദ്ര സർക്കാർ നൽകുന്ന ആധാർ, പിഎസ്‌സി നൽകുന്ന ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്. 

അഡ്‌മിഷൻ ടിക്കറ്റ്  വെബ്‌സൈറ്റിൽ 

വിഇഒ പരീക്ഷ എഴുതുന്ന  ഉദ്യോഗാർഥികൾക്കുള്ള അഡ്‌മിഷൻ ടിക്കറ്റ് പിഎസ്‌സി വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർ ഒറ്റത്തവണ റജിസ്‌ട്രേഷനിൽ ക്ലിക്ക് ചെയ്‌ത് യൂസർ ഐഡി, പാസ്‌വേർഡ് എന്നിവ നൽകി പ്രൊഫൈലിലെ അഡ്‌മിഷൻ ടിക്കറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ അഡ്‌മിഷൻ ടിക്കറ്റ് ലഭിക്കും. ഇതു ഡൗൺലോഡ് ചെയ്‌ത് എ4 സൈസ് പേപ്പറിൽ പ്രിന്റെടുത്ത് പരീക്ഷയ്‌ക്ക് ഹാജരാകുക.

ബാർകോഡ്, എംബ്ലം  എന്നിവ ഉറപ്പാക്കുക

അഡ്‌മിഷൻ ടിക്കറ്റിന്റെ വലതുവശത്ത് മുകളിലായി ബാർകോഡ്, ഇടതുവശത്ത് മുകളിലായി പിഎസ്‌സിയുടെ എംബ്ലം എന്നിവയും ഫോട്ടോയുടെ താഴെ പേരും ഫോട്ടോ എടുത്ത തീയതിയും ഉണ്ടോ എന്നും ഉദ്യോഗാർഥികൾ ഉറപ്പു വരുത്തണം. ബാർകോഡ്, എംബ്ലം  എന്നിവ കൃത്യമായി പതിയാത്തതും ഫോട്ടോയിൽ പേരും തീയതിയും രേഖപ്പെടുത്താത്തതുമായ അഡ്‌മിഷൻ ടിക്കറ്റുമായി എത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. 

അഡ്‌മിഷൻ ടിക്കറ്റിൽ  ഫോട്ടോ വേണ്ട

അപേക്ഷകന്റെ ഫോട്ടോഗ്രാഫ് സ്‌കാൻ ചെയ്‌ത് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്‌തിട്ടുള്ളതിനാൽ അഡ്‌മിഷൻ ടിക്കറ്റിൽ പ്രസ്‌തുത ഫോട്ടോഗ്രാഫിന്റെ സ്‌കാൻ ചെയ്‌ത ചിത്രം ഉണ്ടായിരിക്കും. അതിനാൽ  വീണ്ടും ഫോട്ടോഗ്രാഫ് പതിക്കരുത്. ഫോട്ടോയുടെ സ്‌കാൻ ചെയ്‌ത ചിത്രത്തിൻമേൽ വീണ്ടും ഫോട്ടോഗ്രാഫ് പതിച്ച് ഹാജരാകുന്ന ഉദ്യോഗാർഥികളെ   പരീക്ഷ എഴുതാൻ അനുവദിക്കില്ല.

വാച്ച് പോലും അനുവദിക്കില്ല

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടു പിഎസ്‌സി നിർദേശിച്ച കർശന വ്യവസ്ഥകൾ ഈ പരീക്ഷകൾക്ക്  ബാധകമായിരിക്കും. അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ, നീല/കറുപ്പ് നിറത്തിലുള്ള ബോൾ പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാ ഹാളിൽ അനുവദിക്കുകയുള്ളൂ. വാച്ച് പോലും ഹാളിൽ അനുവദനീയമല്ല.  ഉദ്യോഗാർഥികൾക്ക് ബാഗ്, പഴ്സ്, ഫോൺ തുടങ്ങിയ സാധനങ്ങൾ  സൂക്ഷിക്കാൻ  സ്കൂളിലെ  ഒരു ക്ലാസ്റൂം ക്ലോക്ക് റൂമായി നൽകും. 

ഉത്തരക്കടലാസ് അസാധുവാകാതിരിക്കാൻ

∙പരീക്ഷാ ഹാളിൽ അസിസ്‌റ്റന്റ് സൂപ്രണ്ട് നൽകുന്ന അഡ്രസ് ലിസ്‌റ്റിൽ  സ്വന്തം പേരിനു നേരെയല്ല ഒപ്പിടുന്നതെങ്കിൽ ഉത്തരക്കടലാസ് അസാധുവാകും. 

∙ഉത്തരക്കടലാസിന്റെ എ, ബി പാർട്ടുകൾ ഒരു ബാർകോഡ്‌കൊണ്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. എ, ബി പാർട്ടുകൾ വേർപെടുത്തുമ്പോൾ ഈ ബാർകോഡ് വികൃതമായാൽ ഉത്തരക്കടലാസ് അസാധുവാക്കും. 

∙ റജിസ്‌റ്റർ നമ്പർ തെറ്റായി ബബിൾ ചെയ്‌ത ഉത്തരക്കടലാസ് അസാധുവാകും. പിഎസ്‌സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ ഉത്തരക്കടലാസുകൾ അസാധുവാകുന്നത് ഇക്കാണത്താലാണ്. അതിനാൽ റജിസ്‌റ്റർ നമ്പർ അതീവ ശ്രദ്ധയോടെ വേണം  ബബിൾ ചെയ്‌ത് രേഖപ്പെടുത്താൻ. 

∙പുതിയ നിർദേശങ്ങൾ

1. പരീക്ഷ എഴുതാനെത്തുന്ന ഉദ്യോഗാർഥിയെ അല്ലാതെ കൂടെയുള്ള ആരെയും പരീക്ഷാ കേന്ദ്രത്തിന്റെ കോമ്പൗണ്ടിൽ പ്രവേശിപ്പിക്കില്ല.

2. അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന പരീക്ഷാ സമയത്തിന് 15 മിനിറ്റ് മുൻപ് മുതൽ മാത്രമേ ഉദ്യോഗാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കൂ. 

3. ഉദ്യോഗാർഥി തനിക്ക് അനുവദിച്ചിട്ടുള്ള സീറ്റിൽ മാത്രമേ ഇരിക്കാൻ പാടുള്ളൂ.