കേരളത്തിലെ സംരംഭകർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ മുഖ്യ സ്ഥാനത്തു നിൽക്കുന്നത് വിപണി (Market) കണ്ടെത്തലാണ്. വിപണി മികച്ചതല്ലെങ്കിൽ വിജയം അനിശ്ചിതത്വത്തിലാകും. ഈ സാഹചര്യത്തിലാണ്, കേരളത്തിലെ സംരംഭകരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സൗജന്യ സംവിധാനം സർക്കാർ ഒരുക്കിയത്. കേരള എസ്എംഇ പോർട്ടൽ വഴി കേരളത്തിലെ സംരംഭകരുടെ ഉൽപന്നങ്ങൾ ദേശീയ, രാജ്യാന്തര തലങ്ങളിലേക്കെത്തിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പോർട്ടലിന്റെ സവിശേഷതകൾ

∙കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഓൺലൈൻ സംവിധാനം വഴി ‘B 2 B’ മാതൃകയിൽ വിനിമയം സാധ്യമാക്കാൻ സഹായിക്കുന്നു.

∙ദേശീയ, രാജ്യാന്തര രംഗങ്ങളിലെ ഉപയോക്താക്കൾക്കു േകരളത്തിൽ റജിസ്റ്റർ ചെയ്യപ്പെട്ട സംരംഭങ്ങളുമായി ബന്ധപ്പെടാൻ സഹായം. 

∙ഉൽപന്നങ്ങളുടെ വിവരങ്ങൾ, പ്രൊഫൈലുകൾ, കമ്പനി വിവരങ്ങൾ എന്നിവ പോർട്ടലിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നു.

∙റജിസ്റ്റർ ചെയ്യപ്പെട്ട സ്ഥാപനങ്ങൾക്കു പ്രത്യേക യൂസർ ഐഡിയും പാസ്‌വേഡും നൽകുന്നു.

∙സംരംഭങ്ങളുടെ മേഖല (Sector) ഉൽപന്നങ്ങൾ (Products) എന്നിവ ഇനം തിരിച്ചു ഡയറക്ടറി രൂപത്തിൽ ആക്കുന്നു.

∙തങ്ങളുടെ ഉൽപന്നങ്ങളുടെ അന്വേഷണം സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾത്തന്നെ അറിയാൻ സംവിധാനം.

∙ഉൽപന്നങ്ങളുടെ ദേശീയ, രാജ്യാന്തര സ്ഥിതിയും വിൽപനയും സംബന്ധിച്ച ഡേറ്റ ലഭ്യമാക്കുന്നു.

∙വിപണി സാധ്യതകൾ തുറന്നു നൽകുന്ന ദേശീയ, രാജ്യാന്തര പ്രദർശനങ്ങൾ, മേളകൾ, ബിസിനസ് ടു ബിസിനസ് പരിപാടികൾ, മറ്റ് ഇവന്റുകൾ എന്നിവയുടെ വിശദ വിവരങ്ങൾ അതതു സമയത്തു ലഭ്യമാക്കുന്നു.

∙വ്യവസായ ഉപയോക്താക്കൾക്കു ബിസിനസ് സംബന്ധിച്ച വിവരങ്ങൾ നേരിട്ടു ലഭ്യമാക്കുന്നു.

ആർക്കാണ് അർഹത? 

∙കേരളത്തിൽ റജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന ഏതു സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും പോർട്ടലിന്റെ സേവനത്തിന് അർഹതയുണ്ട്. അവർ ഉദ്യോഗ് ആധാർ മെമ്മോറാണ്ടം (UAM) എടുത്തിരിക്കേണ്ടതാണ്.

∙ഉൽപന്നത്തിന്റെ പേമെന്റ് നടത്താൻ പോർട്ടലിൽ സൗകര്യം ഉണ്ടാവില്ല. സംരംഭകർ സ്വന്തം ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തി നേരിട്ടു നടത്തേണ്ടതായി വരും.

സംരംഭകർ ചെയ്യേണ്ടത്

∙www.keralasme.com/user/register എന്ന സൈറ്റിൽ നൽകിയിരിക്കുന്ന ഫോം പൂരിപ്പിച്ച് റജിസ്റ്റർ ചെയ്യാം. 

∙കമ്പനി വിവരങ്ങൾ, സർട്ടിഫിക്കേഷനുകൾ, അവാർഡുകൾ, ഉൽപന്നങ്ങളുടെ വിശദാംശങ്ങൾ, പേര്, വില, ഗുണനിലവാരം, സ്റ്റോക്ക്, യുണീക് പ്രോഡക്ട് നമ്പർ, ഉൽപന്നങ്ങളുടെ വിവരണം, നിറം, തൂക്കം, കാറ്റഗറി, ഫീച്ചേഡ് ഇമേജ്, പ്രോഡക്ട് ഇമേജ് എന്നിവ ആവശ്യാനുസരണം ഉൾപ്പെടുത്താം.

∙ഉൽപന്നം ആവശ്യപ്പെടുന്ന ഉപയോക്താവിന്റെ എല്ലാ വിവരങ്ങളും പോർട്ടലിൽ ലഭ്യമാകും. കസ്റ്റമറുടെ പേരുവിവരങ്ങൾ, കമ്പനി പ്രൊഫൈൽ, ഫോൺ നമ്പർ, മെയിൽ ഐഡി, തുടർ ബിസിനസ് സാധ്യതകൾ, ഓർഡർ സ്റ്റാറ്റസ് എന്നിവ എല്ലാ ലഭിക്കും.

∙കൂടുതൽ വിവരങ്ങൾക്ക് വ്യവസായ–വാണിജ്യ ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക് വ്യവസായ ഓഫിസുകൾ, ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫിസർമാർ തുടങ്ങിയവരെ സമീപിക്കാം. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)