ഒറ്റയ്ക്കിരിക്കുമ്പോൾ ഞാൻ എന്നെക്കുറിച്ച് ചിന്തിക്കാറുണ്ട്. ആരാണു ഞാൻ എന്ന ചോദ്യം പലപ്പോഴും മനസ്സിലുയരും. 

ഒപ്പമുണ്ടായിരുന്ന കോടാനുകോടി ബീജാണുക്കളെ തോൽപിച്ച് അമ്മയുടെ ഗർഭപാത്രത്തിൽ എന്നെ കാത്തുകാത്തിരുന്ന അണ്ഡാണുവിനോട് ഒത്തുചേർന്ന് വിജയിയായിട്ടായിരുന്നു എന്റെ തുടക്കം. ഒരിക്കലും കടന്നുപോകാനാവില്ലെന്നു കരുതിയ ഇടവഴിയിലൂടെ ഞാനീ ഭൂമിയിൽ പിറന്നുവീണു. കമിഴ്ന്നു കിടക്കാൻ ശ്രമിക്കുമ്പോൾ തലയടിച്ചു വീണിട്ടും കുഞ്ഞുകൈകളും കാലുകളും വഴങ്ങാതിരുന്നിട്ടും ഞാൻ തോറ്റില്ല.  വീണ്ടും വീണ്ടും വീണപ്പോഴും എണീറ്റു നിൽക്കും വരെ ഞാൻ പിന്മാറിയില്ല. നടന്നുതുടങ്ങിയപ്പോൾ ഒരിക്കലും ഈ അഭ്യാസം പറ്റില്ലെന്നു കരുതിയതാണ്. എന്നിട്ടും തോറ്റില്ല. പടികൾ കയറുമ്പോൾ പലതവണ ഉരുണ്ടുവീണിട്ടും തളർന്നില്ല. 

എന്നെപ്പോലെ ഈ ഘട്ടങ്ങളിലെല്ലാം വിജയം കണ്ടവരാകും ഇതു വായിക്കുന്നവരിൽ ബഹുഭൂരിപക്ഷവും. ഇത്രയേറെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത നമ്മൾ ഒരു ചെറിയ പ്രതിസന്ധി മുന്നിലെത്തുമ്പോൾ തളർന്നുപോകുന്നത് എന്തുകൊണ്ടാണ്? പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ, കൂട്ടുകാർ അപവാദം പറഞ്ഞാൽ, ഒപ്പമുള്ളവർ പിണങ്ങിയാൽ, ചെറിയൊരു സാമ്പത്തിക പ്രതിസന്ധി വന്നാൽ, പ്രതീക്ഷിച്ച പ്രണയം നഷ്ടപ്പെട്ടാൽ, ജോലിയിൽ സമ്മർദമുണ്ടായാൽ... ഇത്തരം പല ഘട്ടങ്ങളിലും ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുപോകുന്നത് എന്തുകൊണ്ടാണ്? 

ചെറുപ്പത്തിൽ ചുറ്റുപാടുകളെക്കുറിച്ചു നമ്മൾ ചിന്തിച്ചിരുന്നേയില്ല. അതുകൊണ്ടുതന്നെ ഏതു പ്രതിസന്ധികളെയും അനായാസം തരണം ചെയ്യുന്ന ഒരു ചോദന അടിസ്ഥാനപരമായി നമ്മിൽ വളരുന്നു. ബൗദ്ധികമായി വളർന്നു മുന്നേറുമ്പോൾ നമ്മിലെ ആ ചോദന അയാതെ നഷ്ടപ്പെടുകയായിരുന്നോ? മറ്റുള്ളവർ നമ്മെ ശ്രദ്ധിക്കുന്നുണ്ടോ എന്നൊന്നും നമുക്കൊരു പ്രശ്‌നമേയില്ലായിരുന്നു. അതുകൊണ്ടുതന്നെ അവിടെയെല്ലാം നമ്മൾ വിജയിച്ചു. 

മറ്റുള്ളവർ നമ്മെക്കുറിച്ച് എന്തു ചിന്തിക്കുമെന്ന അനാവശ്യ ചിന്തയാണ് മുതിരുമ്പോൾ നമ്മളെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ നിയമാവലികൾക്കുള്ളിൽ നിന്നുകൊണ്ട് ശരി എന്നു തോന്നുന്ന കാര്യങ്ങൾ ഉറക്കെ പറയാനും പ്രവർത്തിക്കാനും ആരെയാണു നമ്മൾ ഭയപ്പെടുന്നത്? ഇത് ജീവിതമാണ്. അതൊരു നീണ്ട പാതയാണെന്നും അതിൽ വളവും തിരിവും കയറ്റവും ഇറക്കവും കല്ലുകളും മുള്ളുകളും തടസ്സങ്ങളുമൊക്കെ ഉണ്ടാകുമെന്നും അതിനെയൊക്കെ അതിജീവിച്ചാലേ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരൂ എന്നും എന്തുകൊണ്ടാണു പലപ്പോഴും ഉൾക്കൊള്ളാത്തത്?  

താൽക്കാലിക സന്തോഷമല്ല, ശാശ്വതമായ ആനന്ദമാണ് ജീവിതത്തെ സമ്പുഷ്ടമാക്കുന്നതെന്നു നമുക്കു തിരിച്ചറിയാം. അലസമായിരിക്കാതെ പ്രവർത്തിച്ചാലേ ഫലമുണ്ടാകൂ എന്നു തീരുമാനമെടുക്കാം. അറിവുകൾ ആർജിക്കുമ്പോൾ തന്നെ നമ്മുടെ അടിസ്ഥാന ഗുണങ്ങൾ ഒരിക്കലും നഷ്ടമാകാതിരിക്കാനും ശ്രദ്ധിക്കാം. ഭൂമിയിൽ മറ്റൊരു ജീവിക്കും അങ്കലാപ്പുകളില്ല. അവർ ആകുലതകളില്ലാതെ അവരുടെ കർത്തവ്യങ്ങൾ നിർവഹിച്ചുകൊണ്ടേയിരിക്കുന്നു. ഉറുമ്പിനോ പല്ലിക്കോ പാറ്റയ്‌ക്കോ ഒന്നും അങ്കലാപ്പുകളില്ല. മനുഷ്യനു മാത്രമാണ് അങ്കലാപ്പുള്ളത്. ചിരിച്ചും കളിച്ചും ആന്ദത്തിലാറാടിയും കൊണ്ടുനടക്കേണ്ട നിമിഷങ്ങളെ വിഷാദത്തിൽ മുക്കിക്കൊല്ലാൻ ഇനിയെനിക്കു മനസ്സില്ലെന്ന് നമുക്കുറപ്പിക്കാം. കാരണം, എന്റെ ലോകം ഞാനാണു സൃഷ്ടിക്കേണ്ടത്, ഞാൻ മാത്രമാണ്. 

Content Summary: How To Overcome Fear Of Failure