എറണാകുളത്തു തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലേക്കു ശനിയും ഞായറും ചെന്നാൽ, ഇതു പൊലീസ് സ്റ്റേഷനാണോ കോളജാണോ എന്നു സംശയം തോന്നിയേക്കാം. സംശയിക്കേണ്ട. കോളജിലേക്കെന്നപോലെ ആഘോഷപൂർവം കടന്നു ചെല്ലാവുന്നൊരിടമാണ് ഈ പൊലീസ് സ്റ്റേഷൻ.

മത്സരപ്പരീക്ഷകൾക്കു വാരാന്ത്യ സൗജന്യ പരിശീലനം നടത്തിവരികയാണ് ഇവിടെ. പരിശീലനത്തിനു നേതൃത്വം നൽകുന്നതു പൊലീസുകാർ തന്നെ. സ്റ്റേഷനിൽ തന്നെ നടത്തുന്ന സൗജന്യ പിഎസ് സി കോച്ചിങ് സെന്ററിൽ പഠിക്കാൻ എത്തുന്നവരാണ് അവധിദിനങ്ങൾ സ്റ്റേഷനെ കോളജിന്റെ പ്രതീതിയിലാക്കുന്നത്. കഴിഞ്ഞ വിജയദശമി ദിനത്തിൽ തുടങ്ങിയതാണു പൊലീസിന്റെ സൗജന്യ പി എസ് സി പരിശീലനം. നഗരസഭ, വിവിധ സാമൂഹിക സംഘടനകൾ, പരീക്ഷാ പരിശീലന സ്ഥാപനങ്ങൾ എന്നിവയുടെ സഹകര ണത്തോടെയാണു പരിശീലനം. പഠനം, അതിലൂടെ നല്ല ജോലി, സുരക്ഷിതമായ ജീവിതം, മികച്ച കുടുംബം, നല്ല സമൂഹം എന്നീ ലക്ഷ്യങ്ങളോടെ നടത്തിവരുന്ന പരിശീലന പരിപാടിയുടെ പേര് ‘ഗൈഡ്’ എന്നാണ്. ശരിക്കും വഴികാട്ടി തന്നെയാവുകയാണ് ഇവിടെ പൊലീസുകാർ.

വിദഗ്ധരായ അധ്യാപകരാണു പരിശീലകർ. കൂടാതെ വിവിധ റാങ്ക് ലിസ്റ്റിൽ ഉള്ളവരും വന്നു ക്ലാസുകൾ നൽകും. 180 പേർ ഇപ്പോൾ തന്നെ ഇവിടെ പഠിക്കാൻ എത്തുന്നുണ്ട്. രണ്ടു ബാച്ചുകളായാണു പരിശീലനം. പൊലീസ് സ്റ്റേഷന്റെ മുകളിലും പൊലീസ് ലൈബ്രറി ഹാളിലുമായി ആവശ്യത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ഹിൽപാലസ് സിഐ പി. രാജ്കുമാറാണ് സൗജന്യ പിഎസ് സി പരിശീലന പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്. സഹായ ത്തിന് ഒരു സംഘം പൊലീസുകാരും. വിശേഷ ദിവസങ്ങളിൽ ജനസൗഹൃദമായ എന്തെങ്കിലുമൊരു പരിപാടി ഈ സിഐ നടത്തിയിരിക്കും. എന്തായാലും, പൊലീസും ജനങ്ങളും തമ്മിലുള്ള അകലം ചുരുങ്ങിയ കാലം കൊണ്ട് തന്നെ  ഇവിടെ കുറഞ്ഞിട്ടുണ്ട്. പരിശീലനം നടത്തിക്കൊണ്ടു പോകാൻ പണത്തിന്റെ ബുദ്ധിമുട്ടുണ്ടെങ്കിലും അതിനെ മറികടക്കുന്ന സാമൂഹിക ചിന്തയാണ് ഈ പൊലീസ് സംഘത്തെ നയിക്കുന്നത്.