മലയാള ഭാഷയിലെ ഏറ്റവും പ്രസിദ്ധമായ നോവലുകളിലൊന്നായ ‘ബാല്യകാലസഖി’ വായിക്കാത്തവർ ചുരുക്കമായിരിക്കും. ൈവക്കം മുഹമ്മദ് ബഷീറിന്റെ  കൃതിയിൽ ‘ഒന്നും ഒന്നുംകൂടിയാലെത്ര’ എന്നൊരു ചോദ്യമുണ്ട്. മറുപടി ഇങ്ങനെയാണ്. ‘ഒന്നും ഒന്നും കൂടിയാൽ ഇമ്മിണി വല്യൊരു ഒന്ന്’ ഉത്തരം പറഞ്ഞ കുട്ടിക്കു തെറ്റിയെന്ന് ഇതാദ്യം കേൾക്കുന്നവർക്കു തോന്നാം. എന്നാല്‍ നോവൽ വായിച്ചു പോകുന്ന ഒരാൾക്ക് കുട്ടിയുടെ ഉത്തരം ശരിയാണ്. ആ കഥാപാത്ര ത്തിന്റെ അനുഭവപരിസരങ്ങളിൽ നിന്നാണ് ശരിയായ ഇങ്ങനെയൊരുത്തരം രൂപപ്പെടുന്നത്. രണ്ടു ചെറിയ പുഴകൾ ഒത്തു ചേർന്നശേഷം അതൊരു വലിയ പുഴയായി ഒഴുകുന്നതാണ് ആ കുട്ടി കണ്ടിരിക്കുന്നത്. എല്ലാ ദിവസവും തന്റെ വീടിനടുത്തു നിന്നു നോക്കിയാൽ കാണുന്ന കാഴ്ച. ഒന്നും ഒന്നും കൂടുന്നതോടെ ‘വലിയ ഒരു ഒന്നായി’ത്തീരുന്നു.  ‘ഒന്നും ഒന്നും കൂട്ടിയാൽ രണ്ട് ’ എന്ന ഗണിതശാസ്ത്രതത്വം ആ കുട്ടിക്ക് ഒരു പക്ഷേ ആദ്യമായി കേൾക്കുമ്പോൾ മനസ്സിലാകണമെന്നില്ല. കാരണം ആ കുട്ടിയുടെ അനുഭവതലത്തിൽ, നിത്യേനയുള്ള കാഴ്ചകളിൽ ഒന്നും ഒന്നും കൂടിയാൽ വലിയൊരു ഒന്നായിട്ടാണു കണ്ടിരിക്കുന്നത്. 

വൈക്കം മുഹമ്മദ് ബഷീറിന്റെ ഈ ചിത്രീകരണം അനുഭവവും അറിവും എളുപ്പത്തിൽ ഒന്നായിമാറുന്നതിന്റെ വലിയൊരു പാഠമാണു പങ്കുവയ്ക്കുന്നത് ‘അനുഭവം പങ്കിടൽ’ അഥവാ എക്സ്പീരിയൻസ് ഷെയറിങ് അധ്യാപനത്തിലെ ഒരു കലയാണ്. ഒരാള്‍ നേരിട്ട അനുഭവത്തിലൂടെ മറ്റൊരാളും കടന്നു പോയിട്ടുണ്ടെന്നു കരുതുക. ആദ്യത്തെയാൾ അക്കാര്യം പറയുമ്പോൾ രണ്ടാമനു വളരെ വേഗം അതു പിടികിട്ടും. യേശുക്രിസ്തു മലമുകളിൽ നിന്നു പ്രസംഗിക്കുകയായിരുന്നു. ഏതാണ്ട് അയ്യായിരത്തോളം പേർ പ്രസംഗം കേൾക്കാനായി ചുറ്റുമുണ്ട്. സാമാന്യം വെയിലും ഉഷ്ണവും. പലരും വിയർക്കാൻ തുടങ്ങി. യേശുക്രിസ്തു കാറ്റിന്റെ അലൗകികഭാവത്തെക്കുറിച്ചു പറഞ്ഞു. ആ സമയത്തു തന്നെ ഒരു കാറ്റും വീശി. വിയർത്തിരിക്കുന്ന ശരീരത്തിലേക്കു മന്ദമാരുതൻ അടിച്ചപ്പോൾ എല്ലാവർക്കും ഒരു സുഖവും ആശ്വാസവും. യേശു ക്രിസ്തു പറഞ്ഞു. ‘കാറ്റ് എവിടെ നിന്നു വരുന്നു എന്നു നമുക്ക് അറിഞ്ഞുകൂടാ. എവിടേക്കു പോകുന്നു എന്നും അറിവില്ല. അനുഭവത്തിലൂടെ പങ്കിടുന്ന അറിവ് വളരെയെളുപ്പം മറ്റുള്ളവരിലേക്കു പകരാൻ സാധിക്കും. 

അനുഭവങ്ങളും ഭാഷയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അനുഭവങ്ങൾ (എക്സ്പീരിയൻസ്) അനുസൃതമായാണ് ഭാഷയും ഭാഷാവൈവിധ്യങ്ങളും രൂപപ്പെടുന്നത്. ചില ഉദാഹരണം നോക്കാം. നമ്മുടെ കൊച്ചു കേരളത്തിൽ നന്നായി മഴ ലഭിക്കുന്നുണ്ട് ഇവിടെ പെയ്യുന്ന മഴ എന്നു മാത്രമല്ലല്ലോ നമ്മൾ വിളിക്കാറ്. മഴയ്ക്കു മലയാളത്തിൽ 18 പ്രയോഗങ്ങളുണ്ട്. ചാറ്റമഴ, ചാഞ്ഞമഴ, പെരുത്തമഴ, തുള്ളിക്കൊരു കുടംമഴ, തുലാപ്പെയ്ത്ത്......എന്നു തുടങ്ങി പതിനെട്ടോളം മഴപ്രയോഗങ്ങൾ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ സഹാറ മരുഭൂമിയിലെ ഭാഷയിൽ മഴയ്ക്കു മഴയെന്നല്ലാതെ മറ്റു പ്രയോഗങ്ങളൊന്നും തന്നെയില്ല. കാരണം, നൂറ്റാണ്ടുകളായി അവിടെ മഴയില്ല. മഴയുടെ വ്യത്യസ്ത ഭാവങ്ങളില്ല. എക്സിമോ വംശ ജർക്ക് ‘സ്നോ’ എന്ന വാക്കിന് 21 വകഭേദങ്ങളുണ്ട്. രാത്രി വീഴുന്ന മഞ്ഞിന് ഒരു ഭാഷ, പകൽ വീഴുന്ന മഞ്ഞിനു മറ്റൊരു ഭാഷ, കട്ടിയായി വീഴുന്നതിന് മറ്റൊന്ന്. ആലിപ്പഴം വീഴുന്നതിന് മറ്റൊരു പ്രയോഗം. ഇങ്ങനെ മഞ്ഞുമായി ബന്ധപ്പെട്ട് 21 പ്രയോഗങ്ങൾ അവർക്കുണ്ട്. സഹാറ മരുഭൂമിയിൽ മഞ്ഞിനും മഴ പോലെ വൈവിധ്യമായ പ്രയോഗങ്ങളില്ല. മഴ, മഞ്ഞ് ഈ രണ്ടു അനുഭവങ്ങളിൽ നിന്നുണ്ടാകുന്ന വ്യത്യസ്ത ഭാവങ്ങളെ ഉൾകൊണ്ട് എത്ര ഭാഷാപദങ്ങളാണു വികസിപ്പിച്ചിരിക്കുന്നതെന്നു കാണുക. അധ്യാപകർ മാത്രമല്ല രക്ഷിതാക്കളും കുട്ടികളുമായി നല്ല അനുഭവങ്ങൾ പങ്കിടുന്നതിൽ ശ്രദ്ധപുലർത്തണം. സ്കൂളുകളിലും കുടുംബസദസുകളിലും അതിനുള്ള വേദികള്‍ പ്രത്യേകം സൃഷ്ടിച്ചെടുക്കണം. കുട്ടികൾ അതെല്ലാം കേട്ടു വളരട്ടെ.

തയാറാക്കിയത്: ടി.ബി. ലാൽ


Content Summary: Knowledge Sharing, Education