ലോകമെങ്ങും വിവാഹങ്ങൾക്കു വ്യത്യസ്തമായ ചടങ്ങുകളുണ്ട്. ചിലതൊക്കെ അദ്ഭുതകരവും അവിശ്വസനീയവുമൊക്കെയാണ്. എങ്ങനെയായാലും വിവാഹം ഓരോരുത്തരുടെയും ജീവിതത്തിലെ സുപ്രധാന ചടങ്ങു തന്നെ. പരിപാടികൾ ഗംഭീരമാകുമ്പോൾ കാഴ്ചക്കാർ കുറഞ്ഞുപോകരുതല്ലോ! അതിനായി ‘വാടകയ്ക്കു വിളിക്കുന്ന അതിഥികൾ’ വിദേശത്തൊക്കെ ഇപ്പോൾ ചെറിയൊരു വരുമാനം കിട്ടുന്ന ജോലിയാണ്!  

നിലയ്ക്കൊപ്പം അതിഥിയുടെ വിലയും
ജപ്പാനിലെ നാട്ടുനടപ്പനുസരിച്ച് വിവാഹത്തിന് ആർഭാടമെന്നാൽ കാശു മുടക്കൽ മാത്രമല്ല. എത്രമാത്രം അതിഥികൾ വരുന്നോ, വിവാഹം നടത്തുന്നയാളുടെ വില അത്രയും ഉയരും. എന്നാൽ, ചിലർക്ക് അത്രയധികം ആളുകളെ വിവാഹത്തിനു വിളിക്കാനുണ്ടാവില്ല. അവിടെയാണു ‘വാടക അതിഥികളുടെ’ റോൾ. ഇവർ വിവാഹത്തിനു വന്നു കുടുംബസുഹൃത്തായോ ബന്ധുവായോ ഒക്കെ അഭിനയിച്ചോളും. 

ടോക്കിയോയിൽ 200 ഡോളർ കൊടുത്താൽ ഒരു ‘സാധാരണ’ അതിഥിയെ കിട്ടും! പാടുകയോ ഡാൻസ് കളിക്കുകയോ ഒക്കെ ചെയ്യണമെങ്കിൽ കൂടുതൽ തുക നൽകേണ്ടിവരും. വിവാഹത്തിനു വരുന്ന മറ്റുള്ളവരിൽനിന്ന് ഒട്ടും വേർതിരിവ് കാണിക്കില്ല എന്നതാണ് ഇവരുടെ പ്രധാന ഗുണം. വേണമെങ്കിൽ വിവാഹവീട്ടുകാരുടെ അടുത്ത ബന്ധുവായിപ്പോലും അഭിനയിക്കാൻ ഇവർ തയാറാണ്. ഇത്തരം അതിഥികളെ ഏർപ്പാടാക്കുന്ന ടോക്കിയോയിലെ ഒരു ഏജൻസിക്ക് ഒരു വർഷം നൂറിലേറെ ബിസിനസുകൾ ലഭിക്കാറുണ്ടെന്നാണു റിപ്പോർട്ട്. ജപ്പാനു പുറത്തേക്ക് ഈ രീതി പ്രചാരത്തിൽ വരാത്തതിനാൽ ഈ ബിസിനസിനു സ്കോപ്പുള്ളയിടങ്ങൾ ഏറെയാണ്. 

പെണ്ണിന്റെ തോഴിയും ഒറിജനലാകണമെന്നില്ല 
അന്തസ്സു കാണിക്കാൻ വിവാഹവേളയിൽ പല രീതിയിൽ ആർഭാടം കൊണ്ടുവരുന്നവരുണ്ട്. ഇക്കാരണത്താൽ തന്നെ വിവാഹച്ചടങ്ങുകളുടെ ‘നടത്തിപ്പിന്’ ഇപ്പോൾ ഇവന്റ് മാനേജ്മെന്റ് നമ്മുടെ നാട്ടിലും ഏറെക്കുറെ പ്രചാരത്തിലായി. കേറ്ററിങ് സർവീസ്, ടാക്സി സർവീസ്, മറ്റു പല ഒരുക്കങ്ങൾ തുടങ്ങിയ മേഖലകളിലുള്ളവർക്കു വിവാഹച്ചടങ്ങുകൾ വരുമാനം നേടിക്കൊടുക്കുന്നു. ‘കല്യാണപ്പെണ്ണിന്റെ തോഴികൾ’ ആകാൻ വാടകയ്ക്കെത്തുന്നവരും നമ്മുടെ നാട്ടിൽ ഇപ്പോൾ പ്രചാരത്തിലുണ്ട‍്. 

എന്തായാലും, അടുത്തതവണ ഒരു വിവാഹത്തിനു പോകുമ്പോൾ ശ്രദ്ധിച്ചോളൂ, അടുത്തു നിൽക്കുന്ന അതിഥികൾ ഒറിജിനലാണോ.

Content Summary: Wedding Guest For Hire, Career