എപ്പോഴോ വായിച്ചൊരു കാര്യം. വീട്ടിലേക്കു കാറോടിച്ചു പോകുന്ന ചെറുപ്പക്കാരൻ വഴിയോരത്ത് അച്ഛനെ കാണുന്നു. അച്ഛൻ ബാങ്കിലേക്കു കയറുകയായിരുന്നു. അച്ഛനെക്കൂട്ടി വീട്ടിലേക്കു പോകാമെന്നു കരുതി മകൻ കാർ റോഡരികിൽ നിർത്തി കാത്തുനിന്നു.  

അര മണിക്കൂറോളം കഴിഞ്ഞിട്ടും അച്ഛനെ കാണാതെ മകൻ ബാങ്കിലേക്കു കയറി. അവിടെ ബാങ്കിലെ ജീവനക്കാരോടൊപ്പം കുശലം പറഞ്ഞുകൊണ്ടു നിൽക്കുകയാണ് അച്ഛൻ. ‘അച്ഛൻ എത്ര സമയമാണിങ്ങനെ കളയുന്നത്?’ എന്നോർത്തുകൊണ്ട് മകൻ അസ്വസ്ഥനായി. 

വീട്ടിലെത്തിയതും അവൻ പറഞ്ഞുതുടങ്ങി: ‘കാലം മാറിയത് അച്ഛനെന്താണ് ഇനിയും മനസ്സിലാക്കാത്തത്? ബാങ്കിലെ ഏതു കാര്യവും നമുക്കിപ്പോൾ ഓൺലൈൻ വഴി ചെയ്യാം. സാധനങ്ങൾ വാങ്ങാൻ അച്ഛൻ കടയിലേക്കു പോകേണ്ട കാര്യമില്ല. ഓൺലൈനിൽ ഓർഡർ ചെയ്താൽ എന്തും ഇപ്പോൾ വീട്ടിലെത്തും. ഭക്ഷണം കഴിക്കാൻ പുറത്തുപോയി സമയം കളയേണ്ട കാര്യമുണ്ടോ? ഓൺലൈനിൽ ഓർഡർ ചെയ്താൽ ഇഷ്ടഭക്ഷണം വീട്ടിലെത്തില്ലേ?’ 

മകന്റെ സംസാരം കഴിഞ്ഞപ്പോൾ അച്ഛൻ പതിയെ പറഞ്ഞുതുടങ്ങി: ‘എന്തിനും ഏതിനും ഓൺലൈൻ എന്നു പറഞ്ഞുനടക്കുന്ന നിന്നോടു ഞാനും ചിലതു പറയാനിരിക്കുകയായിരുന്നു. ഏതു സമയത്തും ഈ മൊബൈലുമായി നടക്കുമ്പോൾ നിങ്ങൾ നഷ്ടപ്പെടുത്തുന്ന ചിലതുണ്ട്. മാനുഷിക ബന്ധങ്ങൾ, കൂട്ടുകെട്ടുകൾ, ചിരി, വർത്തമാനം പറച്ചിലുകൾ, കൂടിച്ചേരലുകൾ എന്തൊക്കെയെന്തൊക്കെ...?! നിനക്കറിയുമോ, ഇന്നു ബാങ്കിലേക്കു പോകുംവഴി ഞാൻ എന്റെ മൂന്നു സുഹൃത്തുക്കളുടെ വീടുകളിൽ കയറി. അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു, സൗഹൃദം പങ്കിട്ടു. ആ ബാങ്കിലെ എല്ലാ ജീവനക്കാരെയും എനിക്കറിയാം. എന്നെ അവർക്കുമറിയാം. പച്ചക്കറിക്കടയിലും മീൻ മാർക്കറ്റിലുമൊക്കെ എനിക്കു ധാരാളം പരിചയക്കാരുണ്ട്. കഴിഞ്ഞയാഴ്ച നടക്കുമ്പോൾ കാൽ തെറ്റി വീണ എന്നെ വീട്ടിലെത്തിച്ചത് ആരാണെന്നറിയുമോ? ആ പച്ചക്കറിക്കച്ചവടക്കാരൻ!’. 

ഈ അച്ഛൻ പറഞ്ഞത് നമുക്കെല്ലാവർക്കും ബാധകമല്ലേ? ഓൺലൈൻ വഴി കാര്യങ്ങൾ സാധിച്ചെടുക്കുമ്പോൾ അയൽക്കാരൻ ആരാണെന്നുപോലും നമ്മൾ അറിയുന്നില്ല. അല്ലെങ്കിൽ അറിയാൻ ശ്രമിക്കുന്നില്ല. സ്വാർഥതയുടെ മറ്റൊരു വാക്കായി നമ്മൾ മാറുന്നില്ലേ? ഇന്ന് എന്തും ഏതും നാലു ചുമരുകൾക്കുള്ളിലിരുന്നുകൊണ്ടു സാധിച്ചെടുക്കാം. പക്ഷേ, ആ നിമിഷനേട്ടങ്ങളുടെ മറുപുറമായി നമുക്കു നഷ്ടമാകുന്നത് ബന്ധങ്ങളുടെ ആഴവും പരപ്പുമാണ്. 

ഈ ഓൺലൈൻ സംവിധാനങ്ങളൊന്നുമില്ലാതിരുന്ന കാലത്തു നമുക്കു സമയമുണ്ടായിരുന്നു. അന്നു നാം കാത്തുസൂക്ഷിച്ച സ്നേഹം എവിടെയോ നഷ്ടപ്പെട്ടുപോയിരിക്കുന്നു. കടയിൽ സാധനം വാങ്ങാൻ നടന്നുപോകുമ്പോൾ വഴിയിൽ കാണുന്നവരോടൊക്കെ നമ്മൾ സംസാരിച്ചിരുന്നു. എല്ലാവർക്കും എല്ലാവരെയും അറിയാമായിരുന്നു. നാമറിയാതെ ബന്ധങ്ങൾ വളർന്നിരുന്നു. ഒരാപത്തു വന്നാൽ ഓടിക്കൂടാനും സഹായമെത്തിക്കാനും എല്ലാവരും എത്തിയിരുന്നു. നിരത്തുകളിൽ ആരുടെയും പരിഗണന കിട്ടാതെ പലരും അവസാനിക്കുന്ന സാഹചര്യം ഉണ്ടാകാറില്ലായിരുന്നു. 

കാലത്തിന്റെ മാറ്റത്തിനൊത്തം ഓൺലൈൻ സൗകര്യങ്ങൾ ഒരു പരിധിവരെ നമുക്ക് ഉപയോഗിക്കാതിരിക്കാനാവില്ല. പക്ഷേ, മൊബൈൽ ഫോണുകളിൽ തളച്ചിടുന്ന ജീവിതസംസ്കാരം നമുക്കു വളർത്താതിരിക്കാം. യാത്രകളിൽ, ബസിൽ, ട്രെയിനിൽ എല്ലാം നാം കാണുന്നത് എല്ലാവരും അവരവരുടെ മൊബൈൽ ഫോണിലേക്കു തല താഴ്ത്തിയിരിക്കുന്നതാണ്. തൊട്ടടുത്ത യാത്രക്കാരനെ നാം തിരിച്ചറിയുന്നില്ല. അവരോട് ഒന്നു ചിരിക്കാൻപോലും മുഖമുയർത്തുന്നില്ല. 

പരസ്പരം സംവദിക്കാതെ, സൗഹൃദ നിമിഷങ്ങളില്ലാതെ നാം ഏതു ലോകത്തേക്കാണു സഞ്ചരിക്കുന്നത്? മൊബൈലിൽ നിന്ന് ഒന്നു തലയുയർത്തൂ. നമുക്കു ചുറ്റുമുള്ള ലോകം കാണാം. അവിടെ ഇനിയും മരിക്കാത്ത അനുകമ്പയും സഹാനുഭൂതിയും കരുണയും ഉറവ വറ്റാത്ത സ്‌നേഹവും കാണാം. ബന്ധങ്ങളെക്കാണാം. അതിന്റെ മാസ്മരികത അനുഭവിച്ചറിയാം. വൈകേണ്ട, ഇടയ്ക്കെങ്കിലും ലൈൻ ഓഫ് ചെയ്ത് ലൈഫിനെ മികച്ചതാക്കാം.