സർവകലാശാല അസിസ്റ്റന്റ് പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായി. ഉത്തരക്കടലാസിന്റെ എ, ബി പാർട്ടുകൾ മെർജ് ചെയ്യുന്ന ജോലിയാണ് ഇപ്പോൾ പിഎസ്‌സിയിൽ പുരോഗമിക്കുന്നത്. ഈ നടപടിക്രമം കൂടി പൂർത്തിയായാൽ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു തടസമില്ല. ഈ മാസം അവസാനത്തോടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചേക്കും. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന കൂടി  പൂർത്തിയാക്കിയ   ശേഷമായിരിക്കും  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക  സർവകലാശാല അസിസ്റ്റന്റ്  തസ്തികയ്ക്ക് പിഎസ്‌സി റാങ്ക് ലിസ്റ്റ് ഇപ്പോൾ നിലവിലില്ല. ഈ തസ്തികയുടെ മുൻ  ലിസ്റ്റ് കഴിഞ്ഞ ഒാഗസ്റ്റ് 9ന് അവസാനിച്ചു. 

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വിജ്ഞാപനം 2018 നവംബർ 14ലെ ഗസറ്റിലാണ്  പിഎസ്‌സി പ്രസിദ്ധീകരിച്ചത്. 7,53,119 പേർ അപേക്ഷ നൽകിയിരുന്നു. ഇവരിൽ 6,25,477 പേരാണ് നിശ്ചിത തീയതിക്കകം പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയത്. കൺഫർമേഷൻ നൽകിയവരിൽ 2,16,000 പേർ പരീക്ഷ എഴുതിയില്ല. ബാക്കി 4.09 ലക്ഷം പേരുടെ ഉത്തരക്കടലാസ് മൂല്യനിർണയമാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്.