ഖാദി ഗ്രാമ വ്യവസായ ബോർഡ് വഴി കേരള സർക്കാർ നടപ്പാക്കിവരുന്ന പ്രത്യേക തൊഴിൽദാന പദ്ധതിയാണ് ‘എന്റെ ഗ്രാമം’. സ്വന്തമായി തൊഴിൽ സംരംഭം സ്വപ്നം കാണുന്നവർക്ക് ആശ്വാസം നൽകുന്ന ഒന്നാണ് ഇത്. 

2012–13 ലാണു പദ്ധതിയുടെ തുടക്കം. ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിൽ സംരംഭങ്ങൾ ആരംഭിച്ച് തൊഴിലവസരങ്ങൾ ഉണ്ടാക്കുകയാണു ലക്ഷ്യം. കുടുംബ/കുടിൽ വ്യവസായങ്ങൾ എന്ന നിലയ്ക്കു ശോഭിക്കാൻ കഴിയുന്ന ലഘു സംരംഭങ്ങളാണ് ‘എന്റെ ഗ്രാമം’ പദ്ധതിയിൽ ആരംഭിക്കാൻ കഴിയുക.

പരിധി 5 ലക്ഷം വരെ 
അഞ്ചു ലക്ഷം രൂപ വരെയുള്ള സ്വയംതൊഴിൽ സംരംഭങ്ങൾക്കാണ് ഈ പദ്ധതിയിൽ ആനുകൂല്യം ലഭിക്കുക. ബാങ്ക് വഴിയാണു വായ്പ ലഭ്യമാക്കുക. ഈ വായ്പയ്ക്കു വിവിധ നിരക്കിൽ സർക്കാർ മാർജിൻ മണി ഗ്രാന്റ് നൽകുന്നു എന്നത് ഈ പദ്ധതിയുടെ ആകർഷണീയതയാണ്. ജനറൽ വിഭാഗത്തിൽ പെടുന്ന അപേക്ഷകർക്കു മൊത്തം പദ്ധതിച്ചെലവിന്റെ 25% ഗ്രാന്റ് നൽകുന്നു. പിന്നാക്ക വിഭാഗക്കാർക്കും സ്ത്രീകൾക്കും പദ്ധതിച്ചെലവിന്റെ 30% ഗ്രാന്റ് നൽകുമ്പോൾ, പട്ടികജാതി/വർഗ സംരംഭകർക്കു 40% മാർജിൻ മണി ഗ്രാന്റായി ലഭിക്കുന്നു. ക്രെഡിറ്റ് ഗാരന്റി ട്രസ്റ്റ് ഫണ്ട് പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈടില്ലാതെതന്നെ ലഭിക്കുന്നതാണ്. ഭൂമി, വാഹനം എന്നിവ പദ്ധതിച്ചെലവിന്റെ ഭാഗമായി കണക്കാക്കില്ല.

പ്രായപരിധിയില്ലാതെ 

∙വിദ്യാഭ്യാസം, വയസ്സ് (ഉയർന്ന വയസ്സ്), വരുമാനം എന്നിവ സംബന്ധിച്ചു നിബന്ധനകളില്ല. 

∙അപേക്ഷകർ പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവർ ആയിരിക്കണം.

∙വ്യക്തികൾ, സഹകരണ സംഘങ്ങൾ, ചാരിറ്റബിൾ അസോസിയേഷനുകൾ, സ്വയംസഹായ സംഘങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. 

∙സ്ഥാപനത്തിനു വരുന്ന മൂലധനച്ചെലവിന്റെ ഓരോ ഒരു ലക്ഷം രൂപയ്ക്കും ഒരാൾക്കു തൊഴിൽ നൽകിയിരിക്കണം. കെട്ടിടം, യന്ത്രസാമഗ്രികൾ എന്നിവയിലെ നിക്ഷേപത്തിനാണ് ഈ മാനദണ്ഡം. 

∙പൊതു വിഭാഗത്തിൽപ്പെട്ട അപേക്ഷകർ പദ്ധതിച്ചെലവിന്റെ 10 ശതമാനവും മറ്റു പ്രത്യേക വിഭാഗങ്ങളിൽ പെടുന്നവർ 5 ശതമാനവും സ്വന്തം നിലയിൽ കണ്ടെത്തണം.

∙ഇനി പറയുന്ന സംരംഭങ്ങൾ ഒഴികെ എല്ലാത്തരം പദ്ധതികൾക്കും വായ്പ ലഭിക്കും.

1) മത്സ്യം, മാംസം, ലഹരി, പുകയില ഇവയിൽ അധിഷ്ഠിതമായ സംരംഭങ്ങൾ

2) തേയില, കാപ്പി, റബർ മുതലായവയുടെ കൃഷി, പട്ടുനൂൽപ്പുഴു വളർത്തൽ, നേരിട്ടുള്ള പച്ചക്കറിക്കൃഷി, ആട്, കോഴി, പന്നി, പശു തുടങ്ങിയ ഫാമുകൾ, കൃത്രിമ കോഴിക്കുഞ്ഞ് ഉൽപാദനം, യന്ത്രങ്ങളുടെയും കൊയ്ത്തു യന്ത്രങ്ങളുടെയും നിർമാണം.

3) നിയന്ത്രണമോ,നിരോധനമോ ഉള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങൾ/പരിസര മലിനീകരണം ഉണ്ടാക്കുന്ന സംരംഭങ്ങൾ.

4) ഗതാഗത വാഹനങ്ങൾ

5) ഖാദി നൂൽപ്, നെയ്ത്ത് തുടങ്ങിയവ

തീരുമാനം ഇന്റർവ്യൂവിൽ 

നിശ്ചിത ഫോമിൽ വേണം അപേക്ഷിക്കാൻ. ഖാദി ബോർഡിന്റെ ജില്ലാ ഓഫിസുകളിൽ ഇവ സൗജന്യമായി ലഭിക്കും. അപേക്ഷ സമർപ്പിക്കുംമുൻപ്, വായ്പ എടുക്കാൻ ഉദ്ദേശിക്കുന്ന ബാങ്കുമായി സംസാരിച്ചു വായ്പയുടെ ലഭ്യത ഉറപ്പുവരുത്തുന്നതു നന്നായിരിക്കും.

അപേക്ഷകന്റെ തിരിച്ചറിയൽ രേഖകൾ, സ്ഥിരം ആസ്തികൾ സമ്പാദിക്കുന്നതിനുള്ള ക്വട്ടേഷനുകൾ, കെട്ടിടം സ്വന്തമാണെങ്കിൽ അതിന്റെ രേഖ, അല്ലെങ്കിൽ വാടകച്ചീട്ട്, പദ്ധതി രൂപരേഖ (നിശ്ചിത ഫോമിൽ) എന്നിവ സഹിതം വേണം അപേക്ഷിക്കാൻ. അപേക്ഷകരെ ഖാദി ബോർഡിന്റെ ജില്ലാ ഓഫിസിൽ ഇന്റർവ്യൂവിനു ക്ഷണിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ഖാദി ബോർഡ് ജില്ലാ പ്രോജക്ട് ഓഫിസർ കൺവീനറുമായ ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയാണു ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.

തിരഞ്ഞെടുത്ത അപേക്ഷകൾ ബാങ്കുകളിലേക്ക് അയയ്ക്കും. ബാങ്ക് അപേക്ഷ വിതരണം ചെയ്തുകഴിഞ്ഞാൽ നിശ്ചിത നിരക്കിലുള്ള മാർജിൻ മണി ഗ്രാന്റ് അപേക്ഷകന്റെ കണക്കിലേക്കു മാറ്റുന്നു. രണ്ടു വർഷം ഈ തുക സ്ഥിരനിക്ഷേപമായി ബാങ്കിൽ കരുതുന്നു. അതിനു ശേഷം സ്ഥാപനത്തിന്റെ പ്രവർത്തനം വിലയിരുത്തി വായ്പാകണക്കിലേക്കു വരവു വയ്ക്കുന്നു. സംരംഭകന്റെ പേരിൽ നിക്ഷേപിക്കുന്ന സ്ഥിരനിക്ഷേപത്തിനു കൃത്യമായ പലിശ ലഭിക്കുകയും ചെയ്യും.