ഇന്റർനെറ്റ് യുഗത്തിൽ പഠന സാമഗ്രികളുടെ ധാരാളിത്തമാണ് സിവിൽ സർവീസ് ഉദ്യോഗാർഥികൾ നേരിടുന്ന പ്രധാന വെല്ലുവിളി. ആവശ്യമുള്ള മെറ്റീരിയലുകൾ മാത്രം തിരഞ്ഞെടുത്ത് അവ നന്നായി പഠിക്കുകയാണു വേണ്ടത്.

ഹിസ്റ്ററി, ജ്യോഗ്രഫി തുടങ്ങി സ്റ്റാറ്റിക്കായ ഭാഗങ്ങൾക്കു പ്രധാനമായും ആറു മുതൽ പ്ലസ്ടു വരെയുള്ള എൻസിഇആർടി പാഠപുസ്തകങ്ങളെ ആശ്രയിക്കാം. ഇവ കൂടാതെ ഓരോ വിഷയത്തിലും കാലങ്ങളായി ഉദ്യോഗാർഥികൾ വായിച്ചുപോരുന്ന പ്രശസ്ത പുസ്തകങ്ങളുണ്ട്. അവ മുൻവർഷ വിജയികളോടു ചോദിച്ചു മനസ്സിലാക്കാം. ബന്ധപ്പെട്ട വിവരങ്ങൾ ഇന്റർനെറ്റിലും ലഭ്യമാണ്.

clearias.com, iasbaba.com, insightsonindia തുടങ്ങിയ സൈറ്റുകളിൽ സ്റ്റഡി മെറ്റീരിയലുകളെ സംബന്ധിച്ച ആധികാരിക വിവരങ്ങളും ലേഖനങ്ങളും ലഭ്യമാണ്.

ആനുകാലിക വിഷയങ്ങൾ പഠിക്കാൻ ഏറ്റവും നല്ല വഴി പത്രങ്ങൾ (മുഖപ്രസംഗങ്ങൾ ഉൾപ്പെടെ) വായിക്കുക എന്നതാണ്. പരീക്ഷ അടുക്കുമ്പോൾ സമയം ലാഭിക്കാൻ ഇന്റർനെറ്റിൽ ലഭ്യമായ വിവിധ കറന്റ് അഫയേഴ്സ് കംപൈലേഷനുകളെ ആശ്രയിക്കാം (Vision IAS, Insights on India തുടങ്ങിയവ).

Unacademy, civils daily പോലെയുള്ള മൊബൈൽ അപ്പുകളും ഉപയോഗപ്പെടുത്താം. സിവിൽ സർവീസ് പഠനത്തെ സഹായിക്കുന്ന ധാരാളം ചാനലുകൾ ടെലിഗ്രാം ആപ്പിലും ലഭ്യമാണ്.

സിവിൽ സർവീസ് പഠനം എളുപ്പമാക്കാൻ 2019ലെ ജേതാക്കൾ ചേർന്നു തുടങ്ങിയ ബ്ലോഗാണ് demystifyingcse.in. പരീക്ഷാ തയാറെടുപ്പും മെറ്റീരിയലുകളുമായി ബന്ധപ്പെട്ട വിലപ്പെട്ട നിർദേശങ്ങൾ ഇതിൽ ലഭ്യമാണ്.

ആദ്യം തന്നെ യുപിഎസ്‌സി വെബ്സൈറ്റിലെ മുൻവർഷ ചോദ്യങ്ങൾ നോക്കി ധാരണ ഉണ്ടാക്കുക. എങ്കിൽതന്നെ മെറ്റീരിയൽ തിരഞ്ഞെടുപ്പ് എളുപ്പമാവും.

(ഈ വർഷം സിവിൽ സർവീസ് വിജയിച്ച മുഹമ്മദ് സജാദ് മസൂറിയിൽ പരിശീലനത്തിലാണ്)