ഒരേസമയം 150 കോളജുകൾ, 9000 വിദ്യാർഥികൾ, ഒരു അധ്യാപകൻ, ഒറ്റ ക്ലാസ്റൂം! ഞെട്ടേണ്ട, എൻജിനീയറിങ് വിദ്യാർഥികളുടെ തൊഴിൽസാധ്യത വർധിപ്പിക്കാൻ കോളജുകളെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ബന്ധിപ്പിക്കുന്ന സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം (എസ്ഡിപികെ) ഇങ്ങനെയാണ്. 

കേരളത്തിലെ എൻജിനീയറിങ്, പോളിടെക്നിക് കോളജുകളെയും ഐടി പാർക്കുകളെയും വിഡിയോ കോൺഫറൻസിങ്ങിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് എസ്ഡിപികെ. വിദ്യാർഥികളുടെ നൈപുണ്യ വികസനമാണു ലക്ഷ്യം. നിലവിൽ എഴുപതിലധികം കോളജുകൾ ശൃംഖലയുടെ ഭാഗമായിക്കഴിഞ്ഞു. കെഎസ്ഐടിഎൽ (കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്), ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി (ഐസിടി) അക്കാദമി, അസാപ് എന്നിവ ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി ഇങ്ങനെ
ഓരോ ആഴ്ചയും നിശ്ചിത മണിക്കൂർ ക്ലാസ് ഇനി വെർച്വലായിരിക്കും. ക്ലൗഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വിവിധ സ്ഥലങ്ങളിലെ കോളജുകളെ ഒറ്റ നെറ്റ്‌വർക്കിൽ ബന്ധിപ്പിച്ചാണു പഠനം. തിരുവനന്തപുരം ടെക്നോ പാർക്ക്, കൊച്ചി ഇൻഫോ പാർക്ക്, കോഴിക്കോട് എൻഐടി എന്നിവിടങ്ങളിലായിരിക്കും പ്രധാന സ്റ്റുഡിയോകൾ. മാസം 12–15 മണിക്കൂർ വരെ ക്ലാസ്. അഞ്ചു മാസമാണു ദൈർഘ്യം. ഇതിൽ 40 മണിക്കൂർ ലൈവ് ക്ലാസുകളാണ്. മിനി പ്രോജക്ടുമുണ്ടാകും.

സാങ്കേതിക സർവകലാശാലയിലും എസ്ഡിപികെ യൂണിറ്റ് ഘടിപ്പിക്കുന്നതിനാൽ ഏതു കോളജുമായും സർവകലാശാലയുടെ ആശയവിനിമയം എളുപ്പമാകും. 

കോഴ്സുകൾ
നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ പൂർവ വിദ്യാർഥികൾ ആരംഭിച്ച അയോണിക് 3ഡി എന്ന കമ്പനിയുടെ സഹായത്തോടെ തയാറാക്കി റൊബോട്ടിക്സ് കോഴ്സ് ആരംഭിച്ചുകഴിഞ്ഞു. 

യൂണിറ്റി കമ്പനിയുടെ ഓഗ്‌മെന്റഡ് റിയാലിറ്റി / വെർച്വൽ റിയാലിറ്റി കോഴ്സ്, യുഐ പാത്തിന്റെ റൊബോട്ടിക് പ്രോസസ് ഓട്ടമേഷൻ, ഐസിടി അക്കാദമിയുടെ ഫുൾ സ്റ്റാക്ക് ഡവലപ്മെന്റ്, സെയ്‍ൽസ്ഫോഴ്സിന്റെ ആപ് ഡവലപ്മെന്റ്, ഇന്റെൽ സഹകരണത്തോടെ സൈബർ സെക്യൂരിറ്റി കോഴ്സ് തുടങ്ങിയവ ഉടനെത്തുമെന്ന് ഐസിടി അക്കാദമി സിഇഒ സന്തോഷ് കുറുപ്പ് പറഞ്ഞു. 

കോളജുകൾക്ക് ചേരാം
എസ്ഡിപികെയുടെ ഭാഗമാകാൻ താൽപര്യമുള്ള എൻജിനീയറിങ് കോളജുകൾക്ക് ഇംപ്ലിമെന്റേഷൻ ഏജൻസിയായ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ബന്ധപ്പെടാം. നിശ്ചിത യോഗ്യതകൾ പാലിച്ചാലേ എസ്ഡിപികെ പദ്ധതി അനുവദിക്കൂ. 

സ്വകാര്യ കോളജുകൾ ഒരു ക്ലാസ്റൂം, ഇന്റർനെറ്റ് കണക്‌ഷൻ, കംപ്യൂട്ടറുകൾ എന്നിവ ലഭ്യമാക്കണം. എച്ച്ഡി ടിവി, ക്യാമറ, മൈക്ക് എന്നിവയടങ്ങിയ 30 ലക്ഷം രൂപ വിലവരുന്ന ഓഡിയോ–വിഷ്വൽ സിസ്റ്റം സർക്കാർ നൽകും.