കൺഫർമേഷൻ നൽകിയശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുമെന്ന് പിഎസ്‌സി. നവംബർ 23 മുതൽ കൺഫർമേഷൻ നൽകുന്ന തസ്തികകളിൽ തീരുമാനം ബാധകമാക്കിയിട്ടുണ്ട്.  ഫെബ്രുവരിയിലെ പരീക്ഷകൾക്കാണ് നവംബര്‍ 23 മുതൽ ഡിസംബര്‍ 12 വരെ  കൺഫർമേഷൻ നൽകാൻ അവസരം. ഈ പരീക്ഷകൾക്ക് കൺഫർമേഷൻ നൽകാൻ ഉദ്യോഗാർഥികൾ പിഎസ്‌സിയുടെ വെബ്സൈറ്റിൽ പ്രവേശിച്ചാൽ ഇതു സംബന്ധിച്ച മുന്നറിയിപ്പ് ദൃശ്യമാകും. പരീക്ഷ എഴുതുമെന്ന് ഉറപ്പില്ലാത്തവർ കൺഫർമേഷൻ നൽകാൻ പാടില്ലെന്നും,  കൺഫർമേഷൻ നൽകിയ ശേഷം പരീക്ഷ എഴുതിയില്ലെങ്കിൽ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയ േശഷം ആയിരക്കണക്കിന് ഉദ്യോഗാർഥികൾ പരീക്ഷ എഴുതാതിരിക്കുന്നത് പിഎസ്‌സിക്ക് ഭീമമായ സാമ്പത്തിക നഷടം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്ക്കാരം.

പരീക്ഷ എഴുതാത്തവർക്ക് അപേക്ഷ നൽകാം
ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ ന്യായമായ കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴിയാതെ പോകുന്നവർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി പിഎസ്‌സിക്ക് അപേക്ഷ നൽകാം. പരീക്ഷ കഴിഞ്ഞതിനു ശേഷമുള്ള തൊട്ടടുത്ത ദിവസങ്ങളിൽതന്നെ നിശ്ചിത രേഖകൾ സഹിതം പിഎസ്‌സി പരീക്ഷാ കൺട്രോളർക്ക് അപേക്ഷ നൽകണം. അപേക്ഷ പരിശോധിച്ച് വ്യക്തമായ കാരണത്താലാണ് പരീക്ഷയിൽ നിന്നു വിട്ടുനിന്നതെന്ന് ബോധ്യപ്പെട്ടാൽ ശിക്ഷാ നടപടിയിൽ നിന്ന് ഒഴിവാക്കും.