കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പ്രാഥമിക പരീക്ഷയുടെ ഒന്നാം പേപ്പറിലെ ഭാഗമാണ് റീസണിങ് (യുക്തിചിന്ത), മെന്റൽ എബിലിറ്റി (മാനസിക ശേഷി) & സിംപിൾ അരിത്‌മെറ്റിക് (ലളിത ഗണിതം). മിക്ക മത്സരപ്പരീക്ഷകൾക്കും ഈ ഭാഗത്തുനിന്നു ചോദ്യങ്ങളുണ്ടാകും.

സിവിൽ സർവീസ് പരീക്ഷയുടെ പ്രാഥമിക ഘട്ടത്തിലെ രണ്ടാം പേപ്പറായ സിസാറ്റിൽ (CSAT) റീസണിങ് & മെന്റൽ എബിലിറ്റിയിൽ നിന്നു ചോദ്യങ്ങളുണ്ട്. ആ പേപ്പറിൽ 33% മാർക്ക് വാങ്ങിയാൽ മെയിൻസിലേക്കു യോഗ്യത നേടാം. സിലബസിൽ ഒപ്പമുള്ള ഇംഗ്ലിഷ് കോംപ്രിഹെൻഷൻ മാത്രം പഠിച്ച് ഉദ്യോഗാർഥികൾ യോഗ്യത നേടാറുണ്ട്. കണക്കിൽ നിന്നുള്ള ചോദ്യങ്ങൾ വേണമെങ്കിൽ ഒഴിവാക്കാം.

എന്നാൽ, കെഎഎസിൽ കാര്യങ്ങൾ അങ്ങനെയല്ല. അടുത്ത ഘട്ടത്തിലേക്കു യോഗ്യത നേടണമെങ്കിൽ പ്രാഥമിക പരീക്ഷയിൽ കണക്കിനു നല്ല മാർക്ക് വാങ്ങണം. ഈ ഭാഗത്തുനിന്നു പരമാവധി 20 ചോദ്യങ്ങൾ വരാൻ സാധ്യതയുണ്ട്.

എങ്ങനെ പഠിക്കാം

പിഎസ്‌സി പരീക്ഷയിലെയും സിവിൽ സർവീസ് രണ്ടാം പേപ്പറിലെയും ചോദ്യങ്ങള്‍ പരിശീലിക്കണം. എസ്‌സിഇആർടി വെബ്സൈറ്റിൽ നിന്നു നാഷനൽ ടാലന്റ് സെർച് എക്സാം ചോദ്യപ്പേപ്പറുകൾ ഡൗൺലോഡ് ചെയ്തു പരിശീലിക്കാം. ദിവസവും നിശ്ചിത സമയം പരിശീലനം ഉറപ്പാക്കുക. ചോദ്യങ്ങള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും ഉത്തരം എളുപ്പമാകില്ല. വായിച്ചല്ല, ചെയ്തു പരിശീലിക്കണം. ചില ചോദ്യങ്ങൾ സമയം കളയും. അത്തരം കെണികളിൽ കുടുങ്ങാതെ അടുത്ത ചോദ്യത്തിലേക്കു കടക്കാനാകണം. ഉത്തരങ്ങളിലേക്കുള്ള എളുപ്പവഴികളാണു നല്ല സ്കോർ നേടിത്തരുന്നത്. കഠിനമായ ചോദ്യങ്ങൾ വരാറില്ലെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ ഉത്തരം എഴുതണമെന്നതിനാൽ തെറ്റാൻ സാധ്യതയേറെ.

(റിസർവ് ബാങ്ക് റിട്ട. അസിസ്റ്റന്റ് മാനേജർ ആണു ലേഖകൻ)