ആരോഗ്യ മേഖലയിലെ ജോലിയെന്നാൽ ഡോക്ടർ മാത്രമെന്ന ചിന്താഗതിയിൽനിന്നു കാലം ഒരുപാടു മാറി. പക്ഷേ, കുതിരപ്പുറത്തു കയറിയുള്ള ചികിത്സാരീതിയെക്കുറിച്ചു കേട്ടിട്ടുണ്ടോ?! അതാണു ഹിപ്പോതെറപ്പി. ഈ ജോലി ചെയ്യുന്നയാളെ ഹിപ്പോതെറപ്പിസ്റ്റ് എന്നു വിളിക്കും. പാശ്ചാത്യരാജ്യങ്ങളിൽ നൂറ്റാണ്ടുകളായി ഇത്തരമൊരു ചികിത്സാരീതി നിലവിലുണ്ട്.

കുതിരയോടുമ്പോൾ ഊർജം രോഗിക്ക് 
പ്രധാനമായി ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയാണു ഹിപ്പോതെറപ്പി ചെയ്യുന്നത്. ഓട്ടിസം, സെറിബ്രൽ പാൾസി, ആർത്രൈറ്റിസ്, സ്പൈനൽ ഇൻജുറികൾ, സ്ട്രോക് തുടങ്ങിയവ ബാധിച്ചവർക്കും ഹിപ്പോതെറപ്പി ചെയ്യാറുണ്ട്. രോഗം ബാധിച്ചവരെ കുതിരയുടെ പുറത്തു കയറ്റി ഓടിക്കുകയാണ് അടിസ്ഥാന രീതി. തെറപ്പിസ്റ്റ് ഒപ്പം പിന്നിലുണ്ടാകും. കുതിരയുടെ ചലനങ്ങൾ രോഗികളുടെയും ഭിന്നശേഷിക്കാരുടെയും ശരീരത്തിൽ മാറ്റങ്ങൾ വരുത്തുമെന്നാണു വിശ്വാസം. ലൈഫ് സ്കിൽ, മാനസികകോല്ലാസം തുടങ്ങിയവയും ഇതുവഴി ലഭിക്കുമെന്നു തെറപ്പിസ്റ്റുകൾ പറയുന്നു.

കാലുകൾ മുറിച്ചു മാറ്റേണ്ടി വരുന്ന കുട്ടികൾക്കു കൃത്രിമക്കാലുകൾ വച്ചശേഷം ആദ്യമായി നടക്കാൻ തെറപ്പി സഹായകരമാണ്. ബാലൻസ്, കോഓർഡിനേഷൻ, മസിലുകളുടെ ശക്തി തുടങ്ങിയവ മെച്ചപ്പെടാനും ആത്മവിശ്വാസം വളരാനും ഹിപ്പോതെറപ്പി സഹായിക്കും. ഇത്തരം ഒട്ടേറെ വിഡിയോകൾ യുട്യൂബിൽ കാണാം. 

കുതിരയോട്ടം മാത്രമല്ല ജോലി
കുതിരയെ ഓടിക്കാൻ പഠിപ്പിക്കുക എന്നതല്ല ഹിപ്പോതെറപ്പിസ്റ്റിന്റെ ജോലി. എന്നാൽ, കുതിരപ്പുറത്തു കയറി യാത്ര ചെയ്യാൻ അറിയുകയും വേണം. ചികിത്സ ആവശ്യമുള്ളയാളെ വ്യക്തിപരമായി അറിഞ്ഞ് അവർക്കുവേണ്ടി ദീർഘകാലം പ്രവർത്തിക്കേണ്ടി വരും. ഓരോ ദിവസത്തെയും പുരോഗതി വിലയിരുത്തി റിപ്പോർട്ട് തയാറാക്കണം. 

പ്രഫഷനൽ അസോസിയേഷൻ ഓഫ് തെറപ്പട്ടിക് ഹോർസ്മാൻഷിപ് ഇന്റർനാഷനൽ (PATH INTL.) എന്ന സംഘടന ഹിപ്പോതെറപ്പിസ്റ്റുകൾക്കായി ശിൽപശാലകളും കോഴ്സുകളും നടത്തുന്നുണ്ട്. കോഴ്സ് പഠിച്ചവർക്കു വിദേശ രാജ്യങ്ങളിലെ തെറപ്പി സെന്ററുകളിൽ നല്ല ശമ്പളത്തിൽ നിയമനം ലഭിക്കുന്നുമുണ്ട്. എന്നാൽ, അധികം ഒഴിവുകളൊന്നുമില്ല. ഇന്ത്യയിൽ ഹിപ്പോതെറപ്പി പ്രചാരത്തിലുമില്ല.