ഞാൻ ഒൻപതിൽ പഠിക്കുന്നു. സൈബർ സെക്യൂരിറ്റിയിൽ ഭാവി കണ്ടെത്തണം. ഇതിനു വേണ്ട യോഗ്യതയെന്ത്? എങ്ങനെ, എവിടെ പഠിക്കാം? വിദേശത്തു ജോലിസാധ്യതയുണ്ടോ?

അലീന അനിൽ 
ആലങ്ങാട്

ഒന്നാന്തരം തൊഴിൽസാധ്യതയുള്ള പഠനമാർഗം. മികച്ച പഠനം എംടെക് തലത്തിലാണ്. ഡൽഹി ഐഐടിയിൽ കംപ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ സെക്യൂരിറ്റി സ്പെഷലൈസേഷനോടെ എംടെക് കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് പ്രോഗ്രാമുണ്ട്. കാലിക്കറ്റ് എൻഐടിയിൽ എംടെക് കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (ഇൻഫർമേഷൻ സെക്യൂരിറ്റി) പഠിക്കാം. അലഹബാദ് ഐഐഐടിയിൽ എംടെക് സൈബർ ലോ & ഇൻഫർമേഷൻ സെക്യൂരിറ്റിയുണ്ട്. 

സാധാരണ കംപ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രിക്കൽ എൻജിനീയറിങ് ശാഖകളിലൊന്നിൽ ബിടെക് ഉള്ളവർക്കാണു പ്രവേശനം. സമാന പ്രോഗ്രാമുകൾ മറ്റു പലേടത്തും നടക്കുന്നു. എംഎസ്‌സി മാത്‌സ്/സ്റ്റാറ്റിസ്റ്റിക്സ് യോഗ്യതയുള്ളവരെയും പ്രവേശിപ്പിക്കുന്ന സ്വകാര്യ യൂണിവേഴ്സിറ്റിയുമുണ്ട്. കംപ്യൂട്ടർ സയൻസ് എംടെക് പ്രോഗ്രാമുകളിലെല്ലാം തന്നെ സെക്യൂരിറ്റി ഉൾപ്പെടും. ഏതായാലും കംപ്യൂട്ടർ സയൻസ് ബിടെക് മനസ്സിൽ വച്ചു പഠിക്കുക. കുട്ടി ബിരുദതലത്തിലെത്തുമ്പോഴേക്ക് ഈ രംഗത്തു മാറ്റങ്ങൾ പലതും വരും.

കേന്ദ്ര സർക്കാർ സ്ഥാപനമായ കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി 12 ആഴ്ചത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഫർമേഷൻ സിസ്റ്റം സെക്യൂരിറ്റി പ്രോഗ്രാം നടത്തുന്നു. ബിടെക്, ബിഎസ്‍സി (കംപ്യൂട്ടർ/ഐടി/ഇലക്ട്രോണിക്സ്), ബിസിഎ, പിജിഡിസിഎ, 3 വർഷ ‍‍ഡിപ്ലോമ (കംപ്യൂട്ടർ/ഐടി/ഇലക്ട്രോണിക്സ്) തുടങ്ങിയ യോഗ്യതയുള്ളവർക്കാണു പ്രവേശനം.

ആഗോളതലത്തിൽത്തന്നെ പ്രചാരമുള്ള മികച്ച ഓൺലൈൻ പരിശീലന സൈറ്റുകൾ വഴിയും പഠിക്കാം. www.udemy.com, www.edx.org, www.coursera.org എന്നിവ ഉദാഹരണം.