‘‘എംഎ സിനിമ & ടെലിവിഷൻ പഠിച്ചശേഷം വീണ്ടും എന്തിനു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠനമെന്നു പലരും ചോദിച്ചിരുന്നു. 2019ലെ ദേശീയ പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ ‘ഗ്ലോ വേം ഇൻ എ ജംഗിൾ’ എന്ന ഡോക്യുമെന്ററിയുടെ ഭാഗമാകാൻ സാധിച്ചത് ഇൻസ്റ്റിറ്റ്യൂട്ടിലൂടെയാണ്’’ – പറയുന്നതു നൈതിക് മാത്യു ഈപ്പൻ, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സൗണ്ട് റിക്കോർഡിങ് ആൻഡ് ടെലിവിഷൻ എൻജിനീയറിങ് പൂർവ വിദ്യാർഥി.

സിനിമയെ വിനോദം എന്നതിലുപരി കലാരൂപമായി കാണാനും പഠിക്കാനും താത്പര്യമുള്ളവർക്കു കുറഞ്ഞ ചെലവിൽ സൗകര്യം ഒരുക്കുകയാണു പുണെ, കൊൽക്കത്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾ. 

എന്തുകൊണ്ട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠനം എന്ന ചോദ്യത്തിന് ഉത്തരമായി ഇതാ അഞ്ചു പ്രധാന കാരണങ്ങൾ:

∙തിരഞ്ഞെടുക്കുന്ന കോഴ്സിലുപരി സിനിമാ മേഖലയെക്കുറിച്ചു സമഗ്രധാരണ നൽകുന്ന പഠനരീതി. അഭിനയ കോഴ്സ് വിദ്യാർഥി ഒന്നാം വർഷം സംവിധാനം, തിരക്കഥാ രചന, ശബ്ദമിശ്രണം തുടങ്ങി എല്ലാ കോഴ്സുകളും പ്രാഥമിക തലത്തിൽ പഠിക്കണം. ഇതു കരിയറിൽ ഏറെ ഗുണം ചെയ്യും.

∙സിനിമ– ടിവി മേഖലകളിലെ പ്രമുഖരുടെ മേൽനോട്ടത്തിൽ പ്രായോഗിക പഠനം. സാങ്കേതികവിദ്യകളും ലോകോത്തരം. ഓസ്കർ അവാർഡുകൾ നേടിയ ‘റവനന്റി’ൽ ഉപയോഗിച്ച അതേ രീതിയിലുള്ള സൗണ്ട് റിക്കോർഡിങ് സിസ്റ്റം പുണെയിലും ഉപയോഗിക്കുമ്പോൾ സാങ്കേതിക നിലവാരം ഊഹിക്കുക.

∙കലാമൂല്യമുള്ള അന്യഭാഷാ സിനിമകൾ കാണാനും അണിയറപ്രവർത്തകരുമായി സംവദിക്കാനും സഹായകരമായി ഫിലിം ഫെസ്റ്റിവലുകൾ. 

∙ലോക, ഇന്ത്യൻ ക്ലാസിക്കുകളുടെ വിശാല ശേഖരമായ ഫിലിം ആർക്കൈവ്സ് പ്രയോജനപ്പെടുത്താം. 

∙ വിദേശത്തുനിന്നു വരെ വിദ്യാർഥികൾ. അങ്ങനെ വിവിധ ഭാഷകളും സംസ്കാരവും അടുത്തറിയാൻ അവസരം.